ഐ.പി.എല്‍ പോരാട്ടങ്ങള്‍ ആരംഭിക്കാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. 2008ല്‍ ആരംഭിച്ച് ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കാന്‍ പോന്ന ശക്തിയായി വളര്‍ന്ന ഐ.പി.എല്‍ അതിന്റെ 18ാം എഡിഷനിലാണ് എത്തിനില്‍ക്കുന്നത്. മാര്‍ച്ച് 22നാണ് ഈ വര്‍ഷത്തെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാകുന്നത്.
മാര്‍ച്ച് 23നാണ് ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. എതിരാളികളുടെ തട്ടകമായ ഹൈദരാബാദ്, ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
📅 𝟐𝟑𝐫𝐝 𝐌𝐚𝐫𝐜𝐡 𝐬𝐞 𝐠𝐨𝐨𝐧𝐣𝐞𝐠𝐚 𝐩𝐡𝐢𝐫 𝐞𝐤 𝐬𝐡𝐨𝐫, 𝐇𝐚𝐥𝐥𝐚 𝐁𝐨𝐥! 🔥💗 pic.twitter.com/hcQ2QUK5jf
— Rajasthan Royals (@rajasthanroyals) February 16, 2025
2020 മുതല്‍ രാജസ്ഥാന്റെ ആദ്യ മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ പുറത്തെടുക്കുന്ന ഡോമിനേഷന് ഇത്തവണ സാക്ഷിയാകാന്‍ സാധിക്കുമോ എന്ന ടെന്‍ഷനിലാണ് ആരാധകര്‍. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ പരിക്കേറ്റ സഞ്ജുവിന് ആറ് ആഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഐ.പി.എല്ലിന് മുമ്പ് താരം പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
2020 മുതലുള്ള എല്ലാ സീസണിലെയും ആദ്യ മത്സരങ്ങള്‍ സഞ്ജു സാംസണ്‍ വെടിക്കെട്ട് പുറത്തെടുക്കുന്നത് സാധാരണമാണ്. കഴിഞ്ഞ അഞ്ച് സീസണിലെയും രാജസ്ഥാന്റെ എല്ലാ ഓപ്പണിങ് മാച്ചിലും സഞ്ജു സാംസണ്‍ 50+ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു.
2020ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു രാജസ്ഥാന്റെ ഓപ്പണിങ് മാച്ച്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
32 പന്തില്‍ 74 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതിനൊപ്പം രണ്ട് ക്യാച്ചും രണ്ട് സ്റ്റംപിങ്ങുമായി വിക്കറ്റ് കീപ്പിങ്ങിലും തിളങ്ങിയ താരം പ്ലെയര്‍ ഓഫ് ദി മാച്ചും സ്വന്തമാക്കി.
സഞ്ജുവിന്റെ ഐ.പി.എല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് പിറന്നത് 2021ലെ രാജസ്ഥാന്റെ ഓപ്പണിങ് മാച്ചിലാണ്. സെഞ്ച്വറി നേടിയാണ് ക്യാപ്റ്റന്‍ സഞ്ജു തിളങ്ങിയത്.
പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് പിന്നിട്ടിറങ്ങിയ രാജസ്ഥാന്‍ അഞ്ച് റണ്‍സകലെ കാലിടറി വീണു. 63 പന്തില്‍ 119 റണ്‍സുമായി സഞ്ജു തകര്‍ത്തടിച്ചെങ്കിലും വിജയിക്കാന്‍ മാത്രം സാധിച്ചില്ല. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സഞ്ജുവിനെ തേടിയെത്തി.
2022ലും 2023ലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് രാജസ്ഥാന് ആദ്യ മത്സരത്തില്‍ നേരിടാനുണ്ടായിരുന്നത്. 2022ല്‍ 27 പന്തില്‍ 55 റണ്‍സടിച്ച താരം 2023ല്‍ 32 പന്തില്‍ 55 റണ്‍സും നേടി. 2022ല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് സഞ്ജുവിന് ലഭിച്ചപ്പോള്‍ 2023ല്‍ സഞ്ജുവിനൊപ്പം അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ജോസ് ബട്‌ലറാണ് പി.ഒ.ടി.എം സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ഹല്ലാ ബോല്‍ ആര്‍മി ആദ്യ മത്സരം കളിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍, സഞ്ജുവിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. 52 പന്തില്‍ പുറത്താകാതെ 82 റണ്‍സാണ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 173 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സഞ്ജു തന്നെയായിരുന്നു.
ഇത്തവണയും സഞ്ജുവിന്റെ ഈ മാജിക്കിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ മോശം ഫോമിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്ന താരം ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: IPL 2025: Sanju Samson has scored 50+ runs in every opening match for Rajasthan Royals since 2020