| Monday, 26th August 2024, 8:06 am

അവനെ സ്വന്തമാക്കാനുള്ള കെല്‍പ്പൊന്നും പഞ്ചാബിനുണ്ടാകില്ല, കാരണം... ഐ.പി.എല്‍ ഇതിഹാസത്തെ കുറിച്ച് ബാംഗര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025നായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ടൂര്‍ണമെന്റിന് മുമ്പ് മെഗാ താരലേലം നടക്കുന്നതിനാല്‍ തന്നെ ഇത്തവണ ആരാധകരുടെ ആവേശം ഇരട്ടിയാണ്.

ഓരോ ടീമിനും എത്ര താരങ്ങളെ നിലനിര്‍ത്താമെന്ന് ഇനിയും തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണയെന്ന പോലെ ഓരോ ടീമിനും നാല് താരങ്ങളെ മാത്രമാണ് നിലനിര്‍ത്താന്‍ സാധിക്കുകയെങ്കില്‍ അത് ആരെല്ലാമായിരിക്കുമെന്ന് ആരാധകര്‍ ഇപ്പോഴേ കണക്കുകൂട്ടുകയാണ്.

ഐ.പി.എല്ലിലെ ഏറ്റവും സക്സസ്ഫുള്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ഏതൊക്കെ താരങ്ങളെ നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്ന ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ സജീവമാണ്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ നാല് താരങ്ങളെ നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് സാധിക്കും. ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍സിയേറ്റെടുത്ത സൂര്യകുമാറിനെ ടീം ഉറപ്പായും നിലനിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ രോഹിത്തും ബുംറയും വാംഖഡെയില്‍ തന്നെ തുടര്‍ന്നേക്കും. ഹര്‍ദിക് പാണ്ഡ്യ തന്നെയാകും നാലാമന്‍.

എന്നാല്‍ രോഹിത് ശര്‍മ ടീം വിടാന്‍ ഒരുങ്ങുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രോഹിത് ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പാളയത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ഒരു റിപ്പോര്‍ട്ട് അവകാശപ്പെട്ടത്.

രോഹിത് ലേലത്തിന്റെ ഭാഗമായാല്‍ എല്ലാ ടീമുകളും ഒരു കൈ നോക്കാനും തയ്യാറാകും. എന്നാല്‍ മികച്ച ടീമുകള്‍ക്കും രോഹിത്തിന്റെ ഓക്ഷന്‍ പ്രൈസ് താങ്ങാനായേക്കില്ല. പഞ്ചാബ് കിങ്‌സിനെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജയ് ബാംഗര്‍.

ദി റാവു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് രോഹിത്തിനെ കുറിച്ചും പഞ്ചാബ് കിങ്‌സിനെ കുറിച്ചും ബാംഗര്‍ സംസാരിച്ചത്.

‘രോഹിത് ശര്‍മ ലേലത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ പഞ്ചാബ് കിങ്‌സ് അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുമോ’ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ബാംഗര്‍ മറുപടി പറഞ്ഞത്.

‘രോഹിത് ശര്‍മ താരലേലത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ ഉറപ്പായും അദ്ദേഹത്തിന് ഉയര്‍ന്ന തുക തന്നെ ലഭിക്കും. പഞ്ചാബിന് അദ്ദേഹത്തെ സ്വന്തമാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല,’ ബാംഗര്‍ പറഞ്ഞു.

ഒരുപക്ഷേ രോഹിത് താരലേലത്തിന്റെ ഭാഗമാവുകയും പഞ്ചാബ് അദ്ദേഹത്തെ സ്വന്തമാക്കുകയും ചെയ്താല്‍ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പിക്കായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പഞ്ചാബ് രോഹിത്തിനെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കുകയും ചെയ്യും.

അങ്ങനെയെങ്കില്‍ പതിനഞ്ചിലധികം ക്യാപ്റ്റന്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും കിരീടം നേടാന്‍ സാധിക്കാതെ പോയ പഞ്ചാബിന് രോഹിത്തിലൂടെ ഐ.പി.എല്‍ ചാമ്പ്യന്‍മാരെന്ന സ്വപ്‌നവും കണ്ടുതുടങ്ങാം.

Content highlight: IPL 2025: Sanjay Bangar about Punjab Kings acquiring Rohit Sharma in mega auction

We use cookies to give you the best possible experience. Learn more