|

കേരളത്തിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ക്യാപ്റ്റന്‍; ടീമിനൊപ്പം സഞ്ജുവില്ലെങ്കിലും... തുറന്നുപറഞ്ഞ് ശ്രീശാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ ടീമിനെ നയിക്കില്ല എന്ന് കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനുമുള്ള ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് (എന്‍.സി.എ) ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഈ മത്സരങ്ങളില്‍ പ്യുവര്‍ ബാറ്ററായാകും സഞ്ജു കളത്തിലിറങ്ങുക.

സഞ്ജുവിന് പകരക്കാരനായി യുവതാരം റിയാന്‍ പരാഗാണ് രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുക. മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരെയും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുമാണ് പരാഗ് രാജസ്ഥാനെ നയിക്കുക.

ഇപ്പോള്‍ റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയാണ് മലയാളി സൂപ്പര്‍ പേസറും 2011 ലോകകപ്പ് ഹീറോയുമായ എസ്. ശ്രീശാന്ത്. വളരെ മികച്ച ക്രിക്കറ്റ് പുറത്തെടുക്കുന്ന താരമാണ് റിയാന്‍ പരാഗെന്നും രാജസ്ഥാന്‍ റോയല്‍സ് പോലെ സ്റ്റാര്‍ സ്റ്റഡ്ഡഡ് ടീമിനെ നയിക്കാന്‍ കെല്‍പ്പുള്ള താരമാണെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.

‘അവന്റെ അധികം മത്സരങ്ങളോ പ്രകടനങ്ങളോ ഞാന്‍ കണ്ടിട്ടില്ല. ഒരിക്കല്‍ കേരളത്തിനെതിരായ ആഭ്യന്തര മത്സരത്തില്‍ അവന്‍ സ്റ്റേറ്റ് ടീമിനെ (അസം) നയിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും സ്ഥിരതയോടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവന് സാധിക്കുന്നുണ്ട്.

സഞ്ജു സാംസണ്‍ കളിക്കുന്നില്ലെങ്കില്‍ കൂടിയും പരാഗിനെ സഹായിക്കാന്‍ അവനവിടെയുണ്ടാകുമെന്ന് എനിക്കുറപ്പാണ്. അവര്‍ക്ക് മികച്ച യൂണിറ്റാണുള്ളത്, അതിലെ ഓരോരുത്തരും പരാഗിനെ സഹായിക്കാനുണ്ടാകുമെന്ന് എനിക്കുറപ്പാണ്.

റിയാന്‍ പരാഗ് ടീമിനെ നയിക്കുന്നു എന്നുള്ളതുകൊണ്ട് ടീമില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. അവന്‍ മികച്ച മനോഭാവമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ പ്രകടനം പരിശോധിക്കുമ്പോള്‍ അവനാണ് ടീമിന്റെ ഏറ്റവും മികച്ച റണ്‍ഗെറ്റര്‍ എന്ന് കാണാനാകും. സ്ഥിരതയോടെയാണ് അവനത് ചെയ്തത്.

ടീമില്‍ നിന്നും പുറത്ത് പോകേണ്ടി വരുന്ന സാഹചര്യത്തിലാണ് അവന്‍ അഞ്ഞൂറിലധികം റണ്‍സ് നേടി തിരിച്ചുവന്നത്. അവന്‍ മുമ്പോട്ട് കുതിക്കാന്‍ തന്നെയായിരിക്കും ശ്രമിക്കുന്നത്. അവന്റെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ ടീമിന്റെ ക്യാപ്റ്റന്‍സിയും അവന് ലഭിച്ചു.

ഈ ലീഗ് കാണുന്ന ഓരോ യുവതാരങ്ങളെയും സംബന്ധിച്ച് ഇത് വളരെ വലുതായിരിക്കും – കാരണം നിങ്ങളുടെ പ്രായമോ എവിടെ നിന്ന് വരുന്നു എന്നതോ ഒന്നും ഇവിടെ പ്രശ്‌നമല്ല. സ്ഥിരതയോടെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്നതിനെ മാത്രം ആശ്രയിച്ചിരിക്കും ഇത്.

നിങ്ങള്‍ക്കുണ്ടായ തിരിച്ചടികള്‍ എത്രത്തോളം വലുതോ ആകട്ടെ, നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ മികച്ച രീതിയിലുള്ള തിരിച്ചുവരവ് നടത്തുക. റിയാന്‍ പരാഗ് അത് ചെയ്തുകാണിച്ചു. ഇപ്പോള്‍ അവന്‍ ഒരു ഐ.പി.എല്‍ ടീമിന്റെ ക്യാപ്റ്റനാണ്. അവന് എല്ലാ വിധ ആശംസകളും,’ ശ്രീശാന്ത് പറഞ്ഞു.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് റിയാന്‍ പരാഗ് ആദ്യമായി രാജസ്ഥാനെ നയിക്കുക. എതിരാളികളുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. അടുത്ത രണ്ട് മത്സരങ്ങളും സ്വന്തം തട്ടകത്തിലാണ് രാജസ്ഥാന്‍ കളിക്കുക.

ഹോം ഗ്രൗണ്ടെന്നാല്‍ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമല്ല, അസം, ഗുവാഹത്തിയിലെ ബര്‍സാപര അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍ ഈ മത്സരങ്ങള്‍ കളിക്കുക. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടാണിത്.

2023 മുതലാണ് രാജസ്ഥാന്‍ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തെ തങ്ങളുടെ രണ്ടാം ഹോം സ്റ്റേഡിയമായി പരിഗണിക്കാന്‍ തുടങ്ങിയത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിക്കറ്റിന് കൂടുതല്‍ വേരോട്ടമുണ്ടാക്കുക എന്ന ലക്ഷ്യവും കൂടി ഇതിന് പിറകിലുണ്ടായിരുന്നു.

അതേസമയം, ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിങ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു ക്യാപ്റ്റനായി മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിന്റെ ഹോം സ്റ്റേഡിയമായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

നിതീഷ് റാണ, ശുഭം ദുബെ, ഷിംറോണ്‍ ഹെറ്റ്മെയര്‍, യശസ്വി ജെയ്‌സ്വാള്‍, റിയാന്‍ പരാഗ്, വാനിന്ദു ഹസരങ്ക, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കുണാല്‍ സിങ് റാത്തോഡ് (വിക്കറ്റ് കീപ്പര്‍), മഹീഷ് തീക്ഷണ, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ സിങ്, തുഷാര്‍ ദേശ്പാണ്ഡേ, ഫസല്‍ഹഖ് ഫാറൂഖി, ക്വേന മഫാക്ക, അശോക് ശര്‍മ, സന്ദീപ് ശര്‍മ, ജോഫ്രാ ആര്‍ച്ചര്‍, യുദ്ധ്‌വീര്‍ സിങ്.

Content Highlight: IPL 2025: S Sreesanth about Rajasthan Royals and Riyan Parag

Latest Stories

Video Stories