ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വിയോടെ തുടക്കം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 44 റണ്‍സിന്റെ തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടെയും ട്രാവിസ് ഹെഡിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഓറഞ്ച് ആര്‍മി മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിലേ തിരിച്ചടിയേറ്റെങ്കിലും ധ്രുവ് ജുറെലിന്റെയും സഞ്ജു സാംസണിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ പൊരുതിയെങ്കിലും വിജയം സ്വന്തമാക്കാന്‍ മാത്രം സാധിച്ചില്ല. ജുറെല്‍ 35 പന്തില്‍ 70 റണ്‍സ് നേടിയപ്പോള്‍ 37 പന്തില്‍ 66 റണ്‍സാണ് താരം നേടിയത്.
സണ്‍റൈസേഴ്‌സിനെതിരെ അര്‍ധ സെഞ്ച്വറി നേടിയതോടെ സീസണിലെ ആദ്യ മത്സരങ്ങളില്‍ തകര്‍ത്തടിക്കുന്ന പതിവ് തെറ്റിക്കാതെ തുടരാനും സഞ്ജുവിന് സാധിച്ചു. 2020 മുതല്‍ എല്ലാ സീസണിലെയും രാജസ്ഥാന്റെ ഓപ്പണിങ് മാച്ചുകളില്‍ സഞ്ജു ചുരുങ്ങിയത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാറുണ്ട്.
രാജസ്ഥാന്റെ ഓപ്പണിങ് മാച്ചില്‍ സഞ്ജുവിന്റെ പ്രകടനം
2020 vs ചെന്നൈ സൂപ്പര്‍ കിങ്‌സ് – 74 (32)
2021 vs പഞ്ചാബ് കിങ്‌സ് – 119 (63)
2022 vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 55 (27)
2023 vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 55 (32)
2024 vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 82 (52)
2025 vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 66 (37)
മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. രാജസ്ഥാന്‍ ബൗളര്‍മാരെ തല്ലിയൊതുക്കിയാണ് സണ്‍റൈസേഴ്‌സ് സീസണിലെ ആദ്യ മത്സരം ആരംഭിച്ചത്. ഹൈദരാബാദിനെ ബാറ്റിങ് പറുദീസയാക്കി ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് വെടിക്കെട്ട് നടത്തി.
ആദ്യ വിക്കറ്റില്‍ 45 റണ്‍സാണ് ട്രവിഷേക് സഖ്യം അടിച്ചെടുത്തത്. നാലാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേകിനെ പുറത്താക്കി മഹീഷ് തീക്ഷണയാണ് രാജസ്ഥാന് ബ്രേക് ത്രൂ നല്‍കിയത്. 11 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 24 റണ്‍സാണ് താരം നേടിയത്.
വണ്‍ ഡൗണായെത്തിയ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടിയും ഹെഡ് തന്റെ നാച്ചുറല്‍ അറ്റാക്കിങ് ഗെയിം പുറത്തെടുത്തു. ജോഫ്രാ ആര്‍ച്ചര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ നാല് ഫോറടക്കം 23 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. ആറാം ഓവറില്‍ 16 റണ്‍സും പിറന്നതോടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ് പവര്‍പ്ലേ അവസാനിപ്പിച്ചത്.
ടീം സ്‌കോര്‍ 130ല്‍ നില്‍ക്കവെ ഹെഡിനെ സണ്‍റൈസേഴ്സിന് നഷ്ടമായി. 31 പന്തില്‍ 67 റണ്‍സ് നേടി നില്‍ക്കവെയാണ് ഹെഡ് മടങ്ങിയത്.
ട്രാവിസ് ഹെഡിനെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയെയും ഹെന്റിക് ക്ലാസനെയും ഒപ്പം കൂട്ടി ഇഷാന്‍ കിഷന്‍ സ്‌കോര്‍ ഉയര്‍ത്തി. റെഡ്ഡി 15 പന്തില്‍ 30 റണ്‍സും ക്ലാസന്‍ 14 പന്തില്‍ 34 റണ്‍സുമായി തങ്ങളുടെ റോള്‍ ഗംഭീരമാക്കിയപ്പോള്‍ മറുവശത്ത് നിന്നും ഇഷാന്‍ കിഷന്‍ ബൗളര്‍മാരെ പ്രഹരിച്ചുകൊണ്ടിരുന്നു.
ഇതിനിടെ താരം തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ സെഞ്ച്വറിയാണിത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 എന്ന നിലയില്‍ സണ്‍റൈസേഴ്സ് ഇന്നിങ്സ് അവസാനിപ്പിച്ചു.
രാജസ്ഥാനായി തുഷാര്‍ ദേശ്പാണ്ഡേ മൂന്ന് വിക്കറ്റ് നേടി. മഹീഷ് തീക്ഷണ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സന്ദീപ് ശര്‍മ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കം പിഴച്ചു. സിമര്‍ജീത് സിങ്ങെറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ യശസ്വി ജെയ്സ്വാളിനെയും ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെയും ടീമിന് നഷ്ടമായി.ജെയ്സ്വാള്‍ അഞ്ച് പന്തില്‍ ഒരു രണ്‍സ് നേടിയപ്പോള്‍ നാല് റണ്ണാണ് ക്യാപ്റ്റന് നേടാനായത്.
ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച നിതീഷ് റാണ എട്ട് പന്തില്‍ 11 റണ്‍സാണ് സ്വന്തമാക്കിയത്.
നാലാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം ധ്രുവ് ജുറെലെത്തിയതോടെ രാജസ്ഥാന്‍ ആരാധകര്‍ക്ക് പ്രതീക്ഷകളും വര്‍ധിച്ചു. മത്സരത്തിന്റെ സമ്മര്‍ദമേതുമില്ലാതെ ഇരുവരും അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഇരുവരും മികച്ച രീതിയില്‍ തന്നെ ബാറ്റ് വീശി.
ടീം സ്‌കോര്‍ 50ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 161ലാണ്. സഞ്ജുവിനെ പുറത്താക്കി ഹര്‍ഷല്‍ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്. 37 പന്തില്‍ 66 റണ്‍സുമായാണ് സഞ്ജു തിരിച്ചുനടന്നത്.
രാജസ്ഥാന് ഇരട്ട പ്രഹരം സമ്മാനിച്ചുകൊണ്ട് രണ്ട് പന്തുകള്‍ക്ക് ശേഷം ജുറെലിനെയും ടീമിന് നഷ്ടമായി. മുന്‍ രാജസ്ഥാന്‍ താരം കൂടിയായിരുന്ന ആദം സാംപയുടെ പന്തില്‍ ഇഷാന്‍ കിഷന്റെ കൈകളിലൊതുങ്ങിയാണ് താരം പുറത്തായത്.
35 പന്തില്‍ ആറ് സിക്‌സറിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 70 റണ്‍സാണ് താരം നേടിയത്. ടി-20 ഫോര്‍മാറ്റില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്.
പിന്നാലെയെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറും ശുഭം ദുബെയും മികച്ച രീതിയില്‍ തന്നെ ബാറ്റ് വീശിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. ഹെറ്റ്‌മെയര്‍ 23 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ 11 പന്തില്‍ പുറത്താകാതെ 34 റണ്‍സാണ് ദുബെ സ്വന്തമാക്കിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 242ല്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ഹൈദരാബാദിനായി ഹര്‍ഷല്‍ പട്ടേലും സിമര്‍ജീത് സിങ്ങും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് ഷമിയും ആദം സാംപയുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
Content Highlight: IPL 2025: RR vs SRH: Sunrisers defeated Rajasthan Royals despite Sanju Samson’s half century