|

ഒരാള്‍ 150, മറ്റൊരാള്‍ 115! ഏത് സമ്മര്‍ഘട്ടത്തിലും വിശ്വസിക്കാം; ഡെഡ്‌ലി കോംബോയെ പ്രശംസിച്ച് സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന എല്‍ ക്ലാസിക്കോ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ മൂന്നാം ജയം പ്രതീക്ഷിച്ചിറങ്ങിയ പഞ്ചാബ് കിങ്‌സിനെ അവരുടെ തട്ടകത്തില്‍ 50 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. സീസണില്‍ പഞ്ചാബിന്റെ ആദ്യ തോല്‍വിയാണിത്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ജോഫ്രാ ആര്‍ച്ചര്‍, സന്ദീപ് ശര്‍മ, മഹീഷ് തീക്ഷണ എന്നിവരുടെ മികച്ച ബൗളിങ് പ്രകടനങ്ങളാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.

ജോഫ്രാ ആര്‍ച്ചറിനെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്. പഞ്ചാബ് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ പ്രിയാന്‍ഷ് ആര്യയെയും അവസാന പന്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെയും ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയ ആര്‍ച്ചര്‍, അര്‍ഷ്ദീപ് സിങ്ങിനെ ഹസരങ്കയുടെ കൈകളിലെത്തിച്ചും പുറത്താക്കി.

സന്ദീപ് ശര്‍മ നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും തീക്ഷണ നാല് ഓവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റും നേടി. മാര്‍കസ് സ്‌റ്റോയ്‌നിസ്, സൂര്യാന്‍ഷ് ഷെഡ്ജ് എന്നിവരെ സന്ദീപ് ശര്‍മ പുറത്താക്കിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കോ യാന്‍സെന്‍ എന്നിവരെയാണ് തീക്ഷണ മടക്കിയത്.

ഇപ്പോള്‍ ജോഫ്രാ ആര്‍ച്ചറിനെയും സന്ദീപ് ശര്‍മയെയും കുറിച്ച് സംസാരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും പ്രഷര്‍ ഓവറുകളില്‍ ഇരുവരെയും വിശ്വസിക്കാന്‍ സാധിക്കുമെന്നും സഞ്ജു പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഇതൊരു ഡെഡ്‌ലി കോംബോയാണ്. ഒരാള്‍ (ജോഫ്രാ ആര്‍ച്ചര്‍) 150 കിലോമീറ്ററില്‍ പന്തെറിയുമ്പോള്‍ മറ്റൊരാള്‍ (സന്ദീപ് ശര്‍മ) 115 കിലോമീറ്റര്‍ വേഗതയിലും പന്തെറിയുന്നു,’ സഞ്ജു പറഞ്ഞു.

മത്സരത്തില്‍ സന്ദീപ് ശര്‍മ 130 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞു എന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ‘ ഇത് ഞങ്ങള്‍ കേക്ക് മുറിച്ച് ആഘോഷിക്കും’ എന്നായികുന്നു സഞ്ജുവിന്റെ മറുപടി.

‘പ്രഷര്‍ ഓവറുകളില്‍ അവരെ എനിക്ക് പൂര്‍ണമായും വിശ്വസിക്കാന്‍ സാധിക്കും. അവന്‍ (ആര്‍ച്ചര്‍) ക്വിക് ഓവറുകള്‍ എറിയുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാന്‍ഡി ഇക്കാര്യം തന്നെയാണ് എനിക്ക് വേണ്ടി ചെയ്യുന്നത്. പവര്‍പ്ലേയിലും ഡെത്ത് ഓവറിലും ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന ഇന്ത്യന്‍ ബൗളര്‍മാരില്‍ ഒരാളാണ് അവന്‍,’ സഞ്ജു കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ ഒമ്പതാം സ്ഥാനത്ത് നിന്നും രാജസ്ഥാന്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. നാല് മത്സരത്തില്‍ നിന്നും രണ്ട് വീതം ജയവും പരാജയവുമായി നാല് പോയിന്റാണ് റോയല്‍സിനുള്ളത്.

ഏപ്രില്‍ ഒമ്പതിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഗുജറാത്ത് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

Content Highlight: IPL 2025: RR vs PBKS: Sanju Samson praises Sandeep Sharma