ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ നാലാം മത്സരത്തിനിറങ്ങിയിരിക്കുകയാണ്. മുല്ലാന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ പഞ്ചാബ് കിങ്‌സിനെതിരെ 205 റണ്‍സിന്റെ ടോട്ടലാണ് രാജസ്ഥാന്‍ പടുത്തുയര്‍ത്തിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് യശസ്വി ജെയ്‌സ്വാളിന്റെ അര്‍ധ സെഞ്ച്വറിയും റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍ എന്നിവരുടെ മികച്ച ഇന്നിങ്‌സുകളുമാണ് തുണയായത്.
ആദ്യ വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. മികച്ച രീതിയില്‍ ബാറ്റിങ് തുടരവെ സഞ്ജുവിനെ മടക്കിയാണ് പഞ്ചാബ് ബ്രേക് ത്രൂ നേടിയത്.
26 പന്തില്‍ 38 റണ്‍സാണ് സഞ്ജു നേടിയത്. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ശ്രേയസ് അയ്യരിന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്.
വിക്കറ്റ് നഷ്ടപ്പെട്ടതില്‍ താരം ഏറെ നിരാശനായിരുന്നു. ആ നിരാശ താരം പ്രകടിപ്പിക്കുകയും ചെയ്തു. വളരെയധികം ദേഷ്യപ്പെട്ട് ബാറ്റ് വലിച്ചെറിഞ്ഞാണ് സഞ്ജു തന്റെ നിരാശ വ്യക്തമാക്കിയത്. കളിക്കളത്തില്‍ സ്വതവേ ശാന്തനും സൗമ്യനുമായ സഞ്ജുവിന്റെ മറ്റൊരു മുഖമാണ് ആരാധകര്‍ കണ്ടത്.
സഞ്ജു പുറത്തായതോടെ വണ്‍ ഡൗണായി റിയാന്‍ പരാഗാണ് ക്രീസിലെത്തിയത്. തുടക്കത്തില്‍ വളരെ പതുക്കെയാണ് താരം ബാറ്റ് വീശിയത്. എന്നാല്‍ പോകെപ്പോകെ താരം മൊമെന്റം കണ്ടെത്തി.
ടീം സ്‌കോര്‍ 123ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി ജെയ്‌സ്വാളും മടങ്ങി. ഫെര്‍ഗൂസന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.
പിന്നാലെയെത്തിയ നിതീഷ് റാണയും ഷിംറോണ്‍ ഹെറ്റ്‌മെയറും മികച്ച കാമിയോ ഇന്നിങ്‌സുകള്‍ പുറത്തെടുത്തു. ഹെറ്റി 12 പന്തില്‍ 20 റണ്‍സും നിതീഷ് ഏഴ് പന്തില്‍ 12 റണ്‍സും നേടി മടങ്ങി.
പരാഗ് താളം കണ്ടെത്തുകയും പിന്നാലെയെത്തിയ ധ്രുവ് ജുറെല്‍ തകര്‍ത്തടിക്കുകയും ചെയ്തതോടെ സ്‌കോര്‍ 200 കടന്നു. ഈ ഗ്രൗണ്ടിലെ ആദ്യ ഐ.പി.എല്‍ 200+ സ്‌കോറാണിത്.
പരാഗ് 25 പന്തില്‍ പുറത്താകാതെ 43 റണ്‍സും ജുറെല്‍ അഞ്ച് പന്തില്‍ പുറത്താകാതെ 13 റണ്‍സും സ്വന്തമാക്കി.
ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ റോയല്‍സ് 205 റണ്‍സ് സ്വന്തമാക്കി.
പഞ്ചാബിനായി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റ് നേടി. അര്‍ഷ്ദീപ് സിങ്ങും മാര്‍കോ യാന്‍സെനുമാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കം പാളിയിരിക്കുകയാണ്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ പ്രിയാന്‍ഷ് ആര്യയെ ജോഫ്രാ ആര്‍ച്ചര്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെയെത്തിയ ശ്രേയസ് അയ്യര്‍ ടെക്സ്റ്റ് ബുക്ക് ഡെഫനിഷന്‍ ഷോട്ടുകളുമായി ബൗണ്ടറിയടിച്ചെങ്കിലും ഓവറിലെ അവസാന പന്തില്‍ ആര്‍ച്ചര്‍ ശ്രേയസിനെയും ബൗള്‍ഡാക്കി.
മൂന്നാം ഓവറില്‍ മാര്‍കസ് സ്‌റ്റോയ്‌നിസിനെയും രാജസ്ഥാന്‍ മടക്കി. ഏഴ് പന്തില്‍ ഒരു റണ്‍സുമായി നില്‍ക്കവെ സന്ദീപ് ശര്‍മയ്ക്ക് റിട്ടേണ്‍ ക്യാച്ചായാണ് താരം മടങ്ങിയത്.
നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 31 എന്ന നിലയിലാണ് പഞ്ചാബ്.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, യുദ്ധ്‌വീര്‍ സിങ്, സന്ദീപ് ശര്‍മ.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, ശശാങ്ക് സിങ്, സൂര്യാന്‍ഷ് ഷെഡ്ജ്, മാര്‍കോ യാന്‍സെന്‍, ലോക്കീ ഫെര്‍ഗൂസന്‍, അര്‍ഷ്ദീപ് സിങ്, യൂസ്വേന്ദ്ര ചഹല്‍.
Content Highlight: IPL 2025: RR vs PBKS: Frustrated Sanju Samson throws his bat after getting out