ഐ.പി.എല്‍ 2025ലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സിനെതിരെ 152 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ ഹോം ഗ്രൗണ്ടായ അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഈ സീസണിലെ ഏറ്റവും ചെറിയ ആദ്യ ഇന്നിങ്‌സ് സ്‌കോറാണ് രാജസ്ഥാന്‍ പടുത്തുയര്‍ത്തിയത്.
ബൗളിങ്ങിനെ തുണച്ച പിച്ചില്‍ രാജസ്ഥാന്റെ സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തി.
ടീം സ്‌കോര്‍ 33ല്‍ നില്‍ക്കവെ സഞ്ജു സാംസണിന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. 11 പന്തില്‍ രണ്ട് ഫോറിന്റെ അകമ്പടിയോടെ 13 റണ്‍സാണ് സഞ്ജു നേടിയത്.
വണ്‍ ഡൗണായെത്തിയ റിയാന്‍ പരാഗിനെ ഒപ്പം കൂട്ടി യശസ്വി ജെയ്‌സ്വാള്‍ സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ മോശമല്ലാത്ത കൂട്ടുകെട്ട് പടുത്തുയര്‍ത്തവെ വരുണ്‍ ചക്രവര്‍ത്തിക്കെതിരെ ബിഗ് ഷോട്ടിന് ശ്രമിച്ച പരാഗിന് പിഴയ്ക്കുകയും വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലൊതുങ്ങി പുറത്താവുകയുമായിരുന്നു. 15 പന്തില്‍ 25 റണ്‍സ് നേടിയാണ് പരാഗ് പുറത്തായത്.
പരാഗ് പുറത്തായി സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂടി ചേര്‍ത്തതിന് പിന്നാലെ ജെയ്‌സ്വാളും മടങ്ങി. 24 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്.
വാനിന്ദു ഹസരങ്ക നാല് പന്തില്‍ നാല് റണ്‍സും നിതീഷ് റാണ ഒമ്പത് പന്തില്‍ എട്ട് റണ്‍സും നേടി മടങ്ങി. ഇംപാക്ട് പ്ലെയറായെത്തിയ ശുഭം ദുബെ ഒരു ഇംപാക്ടും ഉണ്ടാക്കാതെ മടങ്ങി. 12 പന്തില്‍ ഒമ്പത് റണ്‍സാണ് താരം നേടിയത്.
ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറും നിരാശപ്പെടുത്തി. എട്ട് പന്തില്‍ ഏഴ് റണ്‍സാണ് താരം നേടിയത്.
ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ധ്രുവ് ജുറെല്‍ ചെറുത്തുനിന്നു. 28 പന്തില്‍ 33 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഒമ്പതാം നമ്പറിലിറങ്ങിയ ജോഫ്രാ ആര്‍ച്ചറിന്റെ പ്രകടനമാണ് രാജസ്ഥാനെ 150 കടത്തിയത്. ക്രീസിലെത്തിയ ആദ്യ പന്തില്‍ തന്നെ ഹര്‍ഷിത് റാണയ്‌ക്കെതിരെ സിക്‌സര്‍ നേടിയ താരം മറ്റൊരു സിക്‌സര്‍ കൂടി സ്വന്തമാക്കിയിരുന്നു. ഏഴ് പന്തില്‍ 16 റണ്‍സുമായാണ് ആര്‍ച്ചര്‍ മടങ്ങിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 151ലെത്തി.
കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി, മോയിന്‍ അലി, വൈഭവ് അറോറ, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. സ്‌പെന്‍സര്‍ ജോണ്‍സാണ് ശേഷിച്ച വിക്കറ്റെടുത്തത്.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍
ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), റിങ്കു സിങ്, മോയിന്‍ അലി, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, സ്പെന്‍സര്‍ ജോണ്‍സണ്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
Content Highlight: IPL 2025: RR vs KKR: Rajasthan Royals post the lowest first innings total this season so far, 151/9