|

രാജസ്ഥാനെ ചാരമാക്കി; തകര്‍പ്പന്‍ നേട്ടത്തില്‍ ഇനി ഡി കോക്ക് സാക്ഷാല്‍ ധോണിക്കൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് കൊല്‍ക്കത്ത ഹോം ടീമിനെതിരെ നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തിരുന്നു. 28 പന്തില്‍ 33 റണ്‍സെടുത്ത ധ്രുവ് ജുറെലിന്റെ പ്രകടനമാണ് രാജസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. വരുണ്‍ ചക്രവര്‍ത്തി, മോയിന്‍ അലി എന്നിവരുടെ മികച്ച ബൗളിങ്ങാണ് രാജസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

മറുപടി ബാറ്റിങ്ങില്‍ എട്ട് വിക്കറ്റും 15 പന്തും ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍. ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൊല്‍ക്കത്തയ്ക്ക് വിജയം നേടിക്കൊടുത്തത്. 61 പന്തില്‍ 97 റണ്‍സാണ് താരം മത്സരത്തില്‍ അടിച്ചെടുത്തത്. എട്ട് ഫോറും ആറ് സിക്സും അടങ്ങിയതായിരുന്നു സൗത്ത് ആഫ്രിക്കന്‍ ബാറ്ററുടെ ഇന്നിങ്‌സ്.

അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ ഒരു തകര്‍പ്പന്‍ നേട്ടവും കരസ്ഥമാക്കിയിരിക്കുകയാണ് ഡി കോക്ക്. ഐ.പി.എല്ലില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടിയ താരങ്ങളില്‍ എം.എസ്. ധോണിക്കൊപ്പം രണ്ടാമതെത്താനാണ് താരത്തിന് സാധിച്ചത്. രാജസ്ഥാനെതിരെ നേടിയ 97 റണ്‍സ് ഡി കോക്കിന്റെ ഐ.പി.എല്ലിലെ 24ാമത്തെ 50+ സ്‌കോറാണ്. ഈ പട്ടികയില്‍ മുന്നിലുള്ളത് ഇന്ത്യന്‍ താരം കെ.എല്‍ രാഹുലാണ്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍ നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റേഴ്‌സ്

(താരം – എണ്ണം എന്നീ ക്രമത്തില്‍)

കെ.എല്‍ രാഹുല്‍ – 27
എം. എസ് ധോണി – 24
ക്വിന്റണ്‍ ഡി കോക്ക് – 24
ദിനേശ് കാര്‍ത്തിക് – 21
റോബിന്‍ ഉത്തപ്പ – 18

Content Highlight: IPL 2025: RR vs KKR: Kolkata Wicket Keeper Batter Quinton De Kock Equals M.S Dhoni’s IPL Record