| Wednesday, 26th March 2025, 11:04 pm

ലേലത്തില്‍ ദ്രാവിഡും കൂട്ടരും വരുത്തിയ മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞ മത്സരം; സ്വന്തം മണ്ണിലും തോറ്റ് രാജസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം മത്സരത്തിലും പരാജയം. ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് രാജസ്ഥാന്‍ നേരിട്ടത്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 152 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റും 15 പന്തും ബാക്കി നില്‍ക്കെ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ മറികടക്കുകയായിരുന്നു. ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് കൊല്‍ക്കത്ത വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ തരക്കേടില്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ടീം സ്‌കോര്‍ 33ല്‍ നില്‍ക്കവെ സഞ്ജു സാംസണിന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. 11 പന്തില്‍ രണ്ട് ഫോറിന്റെ അകമ്പടിയോടെ 13 റണ്‍സാണ് സഞ്ജു നേടിയത്.

വണ്‍ ഡൗണായെത്തിയ റിയാന്‍ പരാഗിനെ ഒപ്പം കൂട്ടി യശസ്വി ജെയ്‌സ്വാള്‍ സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ മോശമല്ലാത്ത കൂട്ടുകെട്ട് പടുത്തുയര്‍ത്തവെ വരുണ്‍ ചക്രവര്‍ത്തിക്കെതിരെ ബിഗ് ഷോട്ടിന് ശ്രമിച്ച പരാഗിന് പിഴയ്ക്കുകയും വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലൊതുങ്ങി പുറത്താവുകയുമായിരുന്നു. 15 പന്തില്‍ 25 റണ്‍സ് നേടിയാണ് പരാഗ് പുറത്തായത്.

ക്യാപ്റ്റന് പിന്നാലെ ഒട്ടും വൈകാതെ യശസ്വി ജെയ്‌സ്വാളും പുറത്തായി. 24 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്.

അരങ്ങേറ്റ മത്സരത്തിനിറങ്ങിയ വാനിന്ദു ഹസരങ്ക നാല് പന്തില്‍ നാല് റണ്‍സും നിതീഷ് റാണ ഒമ്പത് പന്തില്‍ എട്ട് റണ്‍സും നേടി മടങ്ങി. ഇംപാക്ട് പ്ലെയറായെത്തിയ ശുഭം ദുബെ ഒരു ഇംപാക്ടും ഉണ്ടാക്കാതെ മടങ്ങി. 12 പന്തില്‍ ഒമ്പത് റണ്‍സാണ് താരം നേടിയത്.

ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറും നിരാശപ്പെടുത്തി. എട്ട് പന്തില്‍ ഏഴ് റണ്‍സാണ് താരം നേടിയത്.

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ധ്രുവ് ജുറെല്‍ ചെറുത്തുനിന്നു. 28 പന്തില്‍ 33 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഒമ്പതാം നമ്പറിലിറങ്ങിയ ജോഫ്രാ ആര്‍ച്ചറിന്റെ പ്രകടനമാണ് രാജസ്ഥാനെ 150 കടത്തിയത്. രണ്ട് സിക്‌സറടക്കം ഏഴ് പന്തില്‍ 16 റണ്‍സുമായാണ് ആര്‍ച്ചര്‍ മടങ്ങിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 151ലെത്തി.

കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി, മോയിന്‍ അലി, വൈഭവ് അറോറ, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. സ്‌പെന്‍സര്‍ ജോണ്‍സാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ക്വിന്റണ്‍ ഡി കോക്ക് മികച്ച തുടക്കം നല്‍കി. ഒരു വശത്ത് മോയിന്‍ അലി സ്‌കോര്‍ ചെയ്യാന്‍ പ്രയാസപ്പെടുമ്പോള്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല ഡി കോക്ക് ഏറ്റെടുത്തു.

ടീം സ്‌കോര്‍ 41ല്‍ നില്‍ക്കവെ നിര്‍ഭാഗ്യകരമായ റണ്‍ ഔട്ടിലൂടെ മോയിന്‍ അലി മടങ്ങി. 12 പന്തില്‍ അഞ്ച് റണ്‍സുമായാണ് താരം പുറത്തായത്.

വണ്‍ ഡൗണായെത്തിയ അജിന്‍ക്യ രഹാനെ 15 പന്തില്‍ 18 റണ്‍സെടുത്ത് മടങ്ങിയെങ്കിലും ഇംപാക്ട് പ്ലെയറായെത്തിയ യുവതാരം ആംഗ്രിഷ് രഘുവംശിയെ ഒപ്പം കൂട്ടി ഡി കോക്ക് നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചു.

61 പന്തില്‍ നിന്നും പുറത്താകാതെ 91 റണ്‍സാണ് ഡി കോക്ക് നേടിയത്. ആറ് സിക്‌സറും എട്ട് ഫോറും അടക്കം 159.02 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. ഡി കോക്കിന് പിന്തുണയുമായി രഘുവംശി 17 പന്തില്‍ പുറത്താകാതെ 22 റണ്‍സും നേടി.

Content Highlight: IPL 2025: RR vs KKR: Kolkata Knight Riders defeat Rajasthan Royals

We use cookies to give you the best possible experience. Learn more