|

'സ്ഥിരം ശത്രുക്കള്‍' ഹസരങ്കയും ആര്‍ച്ചറും സ്വന്തം ടീമിലുണ്ട്, അതുപോലൊരാള്‍ ഗുജറാത്തിലും; സഞ്ജുവിന്റെ അന്തകനാകാന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ക്യാപ്റ്റന്റെ റോളിലേക്ക് സഞ്ജു സാംസണ്‍ തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. ആള്‍ക്കൂട്ടമായിരുന്ന രാജസ്ഥാന്‍ റോയല്‍സ് അതിവേഗം ഒരു ടീമായി മാറിയതും ചിരവൈരികളായ പഞ്ചാബ് കിങ്‌സിനെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ അവരുടെ തട്ടകത്തിലെത്തി പരാജയപ്പെടുത്തിയതും ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തിയിട്ടുണ്ട്.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ സീസണിലെ രണ്ടാം മത്സരത്തിനൊരുങ്ങുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

2022 ഐ.പി.എല്‍ ഫൈനലിന് ശേഷം ഇത് രണ്ടാം തവണയാണ് രാജസ്ഥാന്‍ അഹമ്മദാബാദില്‍ ടൈറ്റന്‍സിനെ നേരിടാന്‍ ഒരുങ്ങുന്നത്. 2023ല്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഈ വിജയം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാനാണ് സഞ്ജുവും സംഘവും ഒരുങ്ങുന്നത്.

ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന മുഹമ്മദ് സിറാജ് തന്നെയാണ് രാജസ്ഥാന്‍ റോയല്‍സിന് ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ കഴിഞ്ഞ രണ്ട് മത്സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയാണ് സിറാജ് റോയല്‍സിനെതിരെ സ്വന്തം തട്ടകത്തിലിറങ്ങുന്നത്.

മുഹമ്മദ് സിറാജും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണും തമ്മിലുള്ള പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ പ്ലെയര്‍ ബാറ്റിലില്‍ അഡ്വാന്റേജ് സിറാജിനൊപ്പവുമാണ്.

നിലവില്‍ മികച്ച ഫോമില്‍ തുടരുന്നത് മാത്രമല്ല, സഞ്ജുവിനെതിരെ മികച്ച ട്രാക്ക് റെക്കോഡുകളാണ് സിറാജിനുള്ളത്.

ഏഴ് മത്സരത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 14.7 ശരാശരിയിലും 125.7 സ്‌ട്രൈക്ക് റേറ്റിലും 44 റണ്‍സ് മാത്രമാണ് സഞ്ജു സ്വന്തമാക്കിയത്. സിറാജാകട്ടെ മൂന്ന് തവണ സഞ്ജുവിനെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

ടി-20യില്‍ സഞ്ജു സാംസണെ ഇത്തരത്തില്‍ ബുദ്ധിമുട്ടിച്ച താരങ്ങളില്‍ പ്രധാനികളാണ് ജോഫ്രാ ആര്‍ച്ചറും ലങ്കന്‍ സൂപ്പര്‍ താരം വാനിന്ദു ഹസരങ്കയും. ഇവര്‍ രണ്ട് പേരുമാകട്ടെ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ഉള്ളതും.

കളിച്ച നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. സീസണിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട് നിലവില്‍ രണ്ട് ജയവുമായി പോയിന്റ് പട്ടികയില്‍ നിലവില്‍ ഏഴാമതാണ് രാജസ്ഥാന്‍.

Content Highlight: IPL 2025: RR vs GT: Star battle between Mohammed Siraj and Sanju Samson