ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം പുരോഗമിക്കുയാണ്. സീസണിലെ രണ്ടാം വിജയം പ്രതീക്ഷിച്ചാണ് രാജസ്ഥാന്‍ കളത്തിലിറങ്ങിയത്. അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഹോം ടീം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി.
അവസാന ഓവറില്‍ പിറന്ന 19 റണ്‍സാണ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. സന്ദീപ് ശര്‍മയെറിഞ്ഞ ഓവറില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കമാണ് 19 റണ്‍സ് പിറന്നത്.
20ാം ഓവറില്‍ അടിച്ചുനേടിയ റണ്‍സിനൊപ്പം സന്ദീപ് ശര്‍മ വഴങ്ങിയ എക്‌സ്ട്രാസും ദല്‍ഹി ക്യാപ്പിറ്റല്‍സിന് തുണയായി. വൈഡും നോ ബോളുകളുമായി അഞ്ച് റണ്‍സ് എക്‌സ്ട്രാസിലൂടെ പിറന്നു.
ആ ഓവര്‍ എറിഞ്ഞുപൂര്‍ത്തിയാക്കാന്‍ 11 പന്തുകളാണ് സന്ദീപ് ശര്‍മയ്ക്ക് എറിയേണ്ടി വന്നത്. WD, 0, WD, WD, WD, 2NB, 4, 6, 1, 1, 1 എന്നിങ്ങനെയാണ് 20ാം ഓവറില്‍ സന്ദീപ് പന്തെറിഞ്ഞത്.
ഇതോടെ ഒരു മോശം റെക്കോഡും സന്ദീപ് ശര്‍മയുടെ പേരില്‍ പിറവിയെടുത്തു. ഐ.പി.എല്ലില്‍ ഒരു ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഏറ്റവുമധികം ഡെലിവെറികള്‍ എറിഞ്ഞ താരമെന്ന അനാവശ്യ നേട്ടമാണ് സന്ദീപ് ശര്‍മയുടെ പേരില്‍ കുറിക്കപ്പെട്ടത്.
(താരം – ടീം – എതിരാളികള്‍ – പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
തുഷാര്‍ ദേശ്പാണ്ഡേ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – ലഖ്‌നൗ സൂപ്പര്‍ കിങ്‌സ് 11 പന്തുകള്‍ – 2023
മുഹമ്മദ് സിറാജ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – മുംബൈ ഇന്ത്യന്‍സ് – 11 പന്തുകള്‍ – 2023
ഷര്‍ദുല്‍ താക്കൂര്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 11 പന്തുകള്‍ – 2025
സന്ദീപ് ശര്‍മ – രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 11 പന്തുകള്‍ – 2025*
തന്റെ സ്‌പെല്ലിലെ ആദ്യ മൂന്ന് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒറ്റ ബൗണ്ടറി പോലും വഴങ്ങാതെ 14 റണ്‍സ് മാത്രമാണ് സന്ദീപ് ശര്‍മ വിട്ടുകൊടുത്തത്. എന്നാല്‍ അവസാന ഓവറില്‍ മൂന്ന് ഓവറിലുമായി വഴങ്ങിയ റണ്‍സിനേക്കാളധികമായിരുന്നു സന്ദീപ് വിട്ടുകൊടുത്തത്.
ആദ്യ മൂന്ന് ഓവര്‍ അവസാനിക്കുമ്പോള്‍ 4.66 എന്ന നിലയിലുണ്ടായിരുന്ന താരത്തിന്റെ എക്കോണമി നാലാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 8.25ലേക്കാണ് ഉയര്‍ന്നത്.
അതേസമയം, ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 189 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 45 എന്ന നിലയിലാണ്. ഒമ്പത് പന്തില്‍ 16 റണ്‍സുമായി സഞ്ജു സാംസണും 15 പന്തില്‍ 26 റണ്‍സുമായി യശസ്വി ജെയ്‌സ്വാളുമാണ് ക്രീസില്‍.
ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍
ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, അഭിഷേക് പോരല്‍, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.
Content Highlight: IPL 2025: RR vs DC: Sandeep Sharma set the unwanted record of longest overs in IPL history