ഇന്ന് ഐ.പി.എല്ലില്‍ ഡബിള്‍ ഹെഡര്‍ സണ്‍ ഡേയാണ്. ഇന്നത്തെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുമ്പോള്‍ ഫാന്‍ ഫേവറേറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.
രാജസ്ഥാന്‍ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് വിജയം തേടിയാണ് ചെന്നൈക്കെതിരെ എത്തുന്നത്. സീസണ്‍ ഓപ്പണറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടുമാണ് തോറ്റത്.
അതേസമയം, രണ്ട് മത്സരങ്ങളില്‍ ഒരു ജയവുമായാണ് സൂപ്പര്‍ കിങ്സ് കളത്തിലിറങ്ങുന്നത്. എല്‍ ക്ലാസിക്കോയില്‍ നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ചെന്നൈ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനോട് 50 റണ്‍സിന് തോറ്റിരുന്നു.
മത്സരത്തിന് മുന്നോടിയായി രാജസ്ഥാനെതിരെയുള്ള ചെന്നൈയുടെ സാധ്യതയേയും ധോണിയുടെ ബാറ്റിങ് പൊസിഷനെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ചെന്നൈ താരം സുരേഷ് റെയ്‌ന. മൂന്ന് മികച്ച സ്പിന്നര്‍മാര്‍ ഉള്ളതിനാല്‍ മത്സരത്തില്‍ സി.എസ്.കെ ജയിക്കുമെന്നാണ് റെയ്‌ന പറഞ്ഞത്. ധോണി ആര്‍. അശ്വിന് മുമ്പായി പതിനഞ്ചോ പതിനാറോ ഓവറുകളില്‍ ബാറ്റ് ചെയ്ത് ആരാധകരെ രസിപ്പിക്കണമെന്നും ചിന്നതല ആവശ്യപ്പെട്ടു.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ധോണി മൂന്ന് സിക്‌സുകള്‍ നേടിയത് താരത്തിനെ ഫോമിന്റെ തെളിവാണെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം.
‘മൂന്ന് മികച്ച സ്പിന്നര്‍മാര്‍ ഉള്ളതിനാല്‍ രാജസ്ഥാനെതിരെയുള്ള മത്സരം സി.എസ്.കെ ജയിക്കും. അവരെ കൈകാര്യം ചെയ്യുന്നത് രാജസ്ഥാന് എളുപ്പമായിരിക്കില്ല.
ധോണി ആര്‍. അശ്വിന് മുമ്പായി പതിനഞ്ചോ പതിനാറോ ഓവറുകളില്‍ ബാറ്റ് ചെയ്ത് ആരാധകരെ രസിപ്പിക്കണം. ആര്‍.സി.ബി.ക്കെതിരായ മത്സരത്തില്‍ അദ്ദേഹം മൂന്ന് സിക്‌സറുകള്‍ അടിച്ചു. ഇത് അദ്ദേഹം മികച്ച ഫോമിലാണെന്ന് കാണിക്കുന്നു,’ റെയ്‌ന പറഞ്ഞു.
സൂപ്പര്‍ കിങ്‌സിന്റെ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഒമ്പതാം നമ്പറിലായിരുന്നു ബാറ്റ് ചെയ്തത്. മത്സരത്തില്‍ താരം 16 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം പുറത്താവാതെ 30 റണ്‍സെടുത്തിരുന്നു. ഇതോടെ ധോണി നേരത്തെ ബാറ്റ് ചെയ്തിരുന്നെങ്കില്‍ ബെംഗളൂരുവിനെതിരെ ജയിക്കാമായിരുന്നു എന്ന വിമര്‍ശനമുയര്‍ന്നിരുന്നു.
content highlights: IPL 2025: RR vs CSK- Suresh Raina talks about what position Dhoni wants to play