ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ റിയാന്‍ പരാഗും സംഘവും വിജയിച്ചിരുന്നു. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ഉദ്ഘാടന ചാമ്പ്യന്‍മാരുടെ വിജയം.
രാജസ്ഥാന്‍ ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
അവസാന ഓവറില്‍ 20 റണ്‍സാണ് രാജസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. 21 പന്തില്‍ 31 റണ്‍സുമായി രവീന്ദ്ര ജഡജേയും പത്ത് പന്തില്‍ 16 റണ്‍സുമായി എം.എസ്. ധോണിയുമാണ് ക്രീസില്‍ നിലയുറപ്പിച്ചത്. അവസാന ഓവറില്‍ 19 റണ്‍സ് ഡിഫന്‍ഡ് ചെയ്യുക എന്ന ഉത്തരവാദിത്തവുമായി സന്ദീപ് ശര്‍മ പന്തെറിയാനെത്തി.
ആദ്യ പന്ത് വൈഡ് ആയി മാറിയതോടെ ആറ് പന്തില്‍ 19 റണ്‍സ് എന്ന നിലയിലേക്ക് ചെന്നൈയുടെ വിജയലക്ഷ്യം മാറി. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ധോണിയെ മടക്കി സന്ദീപ് ശര്‍മ ചെന്നെയ്ക്ക് പ്രഹരമേല്‍പ്പിച്ചു. ഡീപ് മിഡ്‌വിക്കറ്റില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിന് ക്യാച്ച് നല്‍കി ധോണി പുറത്തായി.
അടുത്ത രണ്ട് പന്തിലും സിംഗിള്‍ പിറന്നു. നാലാം പന്തില്‍ ജെയ്മി ഓവര്‍ട്ടണ്‍ സിക്‌സര്‍ നേടി. അവസാന രണ്ട് പന്തില്‍ നിന്നും നാല് റണ്‍സ് മാത്രം പിറന്നതോടെ ചെന്നൈ ആറ് റണ്‍സിന്റെ പരാജയമേറ്റുവാങ്ങി.
ഇതാദ്യമായല്ല ധോണി ക്രീസില്‍ നില്‍ക്കവെ അവസാന ഓവറില്‍ സന്ദീപ് ശര്‍മ പന്തെറിയാനെത്തുന്നതും രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുന്നതും. ഐ.പി.എല്‍ 2023ല്‍ ചെന്നൈയ്‌ക്കെതിരെ ചെന്നൈയില്‍ വെച്ച് സമാന രീതിയിലാണ് രാജസ്ഥാന്‍ വിജയിച്ചത്.
അന്ന് അവസാന ഓവറില്‍ വിജയിക്കാന്‍ 21 റണ്‍സാണ് ചെന്നൈക്ക് വേണ്ടിയിരുന്നത്. 19ാം ഓവര്‍ അവസാനിക്കുമ്പോള്‍ 14 പന്തില്‍ 28 റണ്‍സുമായി രവീന്ദ്ര ജഡേയും 12 പന്തില്‍ 18 റണ്‍സുമായി ധോണിയും ക്രീസില്‍ നിലയുറപ്പിച്ചു.
ആദ്യ രണ്ട് പന്തും വൈഡാവുകയും ഓവറിലെ ആദ്യ ലീഗല്‍ ഡെലിവെറി ഡോട്ടുമായതോടെ അഞ്ച് പന്തില്‍ 19 റണ്‍സ് എന്ന നിലയിലേക്ക് ചെന്നൈയുടെ വിജയലക്ഷ്യം മാറി.
ഓവറിലെ രണ്ടാം പന്ത് ബാക്ക്‌വാര്‍ഡ് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെയും മൂന്നാം പന്ത് ഡീപ്പ് മിഡ്‌വിക്കറ്റിന് മുകളിലൂടെയും ഗാലറിയിലെത്തി. ഇതോടെ അവസാന മൂന്ന് പന്തില്‍ ചെന്നൈയ്ക്ക് വിജയിക്കാന്‍ ഏഴ് റണ്‍സ് മാത്രം മതിയെന്ന സ്ഥിതി വന്നു.
നാലാം പന്തില്‍ ധോണിയും അഞ്ചാം പന്തില്‍ ജഡേജയും സിംഗിള്‍ നേടി. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സാണ് ചെന്നൈക്ക് വേണ്ടിയിരുന്നത്.
ഫോറടിച്ചാല്‍ സൂപ്പര്‍ ഓവറിലേക്ക് മത്സരം എത്തുമെന്നിരിക്കെ സ്‌ട്രൈക്കിലുണ്ടായിരുന്ന ധോണിയില്‍ നിന്നും മറ്റൊരു സിക്‌സറാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അവസാന പന്തില്‍ ഒറ്റ റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്.
ഇതോടെ മൂന്ന് റണ്‍സിന് രാജസ്ഥാന്‍ വിജയിച്ചുകയറുകയായിരുന്നു.
ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ വിജയിച്ചതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏഴാം സ്ഥാനത്തും രാജസ്ഥാന്‍ റോയല്‍സ് ഒമ്പതാം സ്ഥാനത്തുമാണ്. ഇരു ടീമുകള്‍ക്കും മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയവും രണ്ട് തോല്‍വിയുമാണുള്ളത്.
Content Highlight: IPL 2025: RR vs CSK: Sandeep Sharma defended 19 runs in the final over against MS Dhoni