ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ റിയാന്‍ പരാഗും സംഘവും വിജയിച്ചിരുന്നു. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ഉദ്ഘാടന ചാമ്പ്യന്‍മാരുടെ വിജയം.
രാജസ്ഥാന്‍ ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ക്യാപ്റ്റന്റെ റോളിലെത്തിയ റിയാന്‍ പരാഗിന്റെ ആദ്യ വിജയം കൂടിയാണ് ഗുവാഹത്തിയില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയത്. സ്ഥിരം നായകന്‍ സഞ്ജു സാംസണ് പകരം മൂന്ന് മത്സരത്തില്‍ ടീമിനെ നയിച്ച പരാഗ് ഒരു ജയവും രണ്ട് തോല്‍വിയുമാണ് രാജസ്ഥാന് സമ്മാനിച്ചത്.
ഈ സീസണില്‍ ക്യാപ്റ്റന്റെ റോളിലുള്ള റിയാന്‍ പരാഗിന്റെ അവസാന മത്സരം കൂടിയായിരുന്നു ചെന്നൈക്കെതിരെ നടന്നത്. പരിക്കേറ്റതോടെ വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനും ബി.സി.സി.ഐ സഞ്ജു സാംസണ് അനുമതി നല്‍കിയിരുന്നില്ല. ഇക്കാരണത്താല്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ റിയാന്‍ പരാഗായിരിക്കും രാജസ്ഥാനെ നയിക്കുക എന്ന് മാനേജ്‌മെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ അഞ്ചിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. പഞ്ചാബിന്റെ സ്വന്തം തട്ടകമായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടമാണെങ്കിലും ഈയിടെ ഐ.പി.എല്‍ ആരാധകര്‍ രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്‌സ് മത്സരത്തെയും എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇരു ടീമുകളും ആ വിശേഷണത്തോട് നൂറ് ശതമാനം നീതിപുലര്‍ത്തുന്നുമുണ്ട്.
ഒരിക്കല്‍പ്പോലും വണ്‍ സൈഡാകാതെ ടി-20 ഫോര്‍മാറ്റിന്റെ എല്ലാ ആവേശവും കാണികള്‍ക്ക് നല്‍കുന്ന പഞ്ചാബ് – രാജസ്ഥാന്‍ മത്സരം തന്നെയാണ് ഐ.പി.എല്ലിലെ യഥാര്‍ത്ഥ എല്‍ ക്ലാസിക്കോ എന്നാണ് ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. മൂന്ന് പന്തില്‍ നാല് റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ നിതീഷ് റാണ സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ സഞ്ജുവിനെ ഒപ്പം കൂട്ടി 82 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് റാണ പടുത്തുയര്‍ത്തിയത്.
എട്ടാം ഓവറിലെ മൂന്നാം പന്തില്‍ സഞ്ജുവിന്റെ വിക്കറ്റ് ടീമിന് നഷ്ടമായി. 16 പന്തില്‍ 20 റണ്‍സടിച്ചാണ് താരം പുറത്തായത്. പിന്നാലെയെത്തിയ റിയാന്‍ പരാഗിനെ ഒപ്പം കൂട്ടിയും റാണ സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയാതെ നോക്കി.
ടീം സ്‌കോര്‍ 124ല്‍ നില്‍ക്കവെ റാണയെ മടക്കി അശ്വിന്‍ തന്റെ പഴയ ടീമിന് പ്രഹരമേല്‍പ്പിച്ചു. അശ്വിന്‍ മാജിക്കില്‍ പിറന്ന സ്റ്റംപിങ്ങിലൂടെ പുറത്താകുമ്പോള്‍ 36 പന്തില്‍ 81 റണ്‍സാണ് റാണയുടെ പേരിലുണ്ടായിരുന്നത്.
പിന്നാലെയെത്തിയ ധ്രുവ് ജുറെലും ഹസരങ്കയും നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ ചെറുത്തുനിന്നു. 28 പന്തില്‍ 37 റണ്‍സാണ് റിയാന്‍ പരാഗ് സ്വന്തമാക്കിയത്. 16 പന്തില്‍ 19 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ഇരട്ടയക്കം കണ്ട മറ്റൊരു താരം.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് രാജസ്ഥാന്‍ 182 റണ്‍സ് നേടി.
ചെന്നൈയ്ക്കായി മതിശ പതിരാന, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ രവീന്ദ്ര ജഡജേയും ആര്‍. അശ്വിനും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കും തുടക്കം പാളി. ഓപ്പണര്‍ രചിന്‍ രവീന്ദ്ര ഒരു റണ്‍സ് പോലും നേടാനാകാതെ പുറത്തായി. വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ ഗെയ്ക്വാദ് രാഹുല്‍ ത്രിപാഠിയെ കൂട്ടുപിടിച്ച് സ്‌കോറിങ്ങിന് അടിത്തറയിട്ടു.
ടീം സ്‌കോര്‍ 46ല്‍ നില്‍ക്കവെ ത്രിപാഠി മടങ്ങി. 19 പന്തില്‍ 23 റണ്‍സാണ് താരം നേടിയത്. നാലാം നമ്പറില്‍ ഇംപാക്ട് പ്ലെയറായി ശിവം ദുബെ ക്രീസിലെത്തി. സ്പിന്‍ ബാഷറായ ദുബെ കാര്യമായ ഇംപാക്ട് ഒന്നുമുണ്ടാക്കാതെ സ്പിന്നര്‍ക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 10 പന്തില്‍ 18 റണ്‍സ് നേടിയാണ് ദുബെ പുറത്തായത്. ഹസരങ്കയാണ് വിക്കറ്റ് നേടിയത്.
ആറ് പന്തില്‍ ഒമ്പത് റണ്‍സുമായി വിജയ് ശങ്കറും പുറത്തായി. ടീം സ്‌കോര്‍ 129ല്‍ നില്‍ക്കവെ ക്യാപ്റ്റനും മടങ്ങിയതോടെ ചെന്നൈ കൂടുതല്‍ പരുങ്ങലിലായി. 44 പന്തില്‍ 63 റണ്‍സാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്.
ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ധോണിക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. 11 പന്തില്‍ 16 റണ്‍സുമായി ധോണി മടങ്ങി. നാല് പന്തില്‍ പുറത്താകാതെ ഓവര്‍ട്ടണ്‍ തിരിച്ചടിക്ക് ശ്രമിച്ചെങ്കിലും സമയം വൈകിയിരുന്നു. 22 പന്തില്‍ 32 റണ്‍സുമായി രവീന്ദ്ര ജഡജേയും തിളങ്ങിയിരുന്നു.
ഈ വിജയത്തിന് പിന്നാലെ രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കളിച്ച രണ്ട് മത്സരവും പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സാണ് അവസാന സ്ഥാനത്തുള്ളത്.
Content Highlight: IPL 2025: RR vs CSK: Rajasthan Royals with 1st win of the season