ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു റോയല്‍സിന്റെ വിജയം.
രാജസ്ഥാന്‍ ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
36 പന്തില്‍ 81 റണ്‍സടിച്ച നിതീഷ് റാണയുടെയും നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ വാനിന്ദു ഹസരങ്കയുടെയും കരുത്തിലാണ് രാജസ്ഥാന്‍ വിജയിച്ചുകയറിയത്.
ആദ്യ ഓവറില്‍ തന്നെ ജെയ്‌സ്വാളിനെ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് നിതീഷ് റാണ ക്രീസിലെത്തിയത്. ശേഷം സഞ്ജു സാംസണൊപ്പവും റിയാന്‍ പരാഗിനൊപ്പവും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.
നേരിട്ട 21ാം പന്തില്‍ നിതീഷ് റാണ രാജസ്ഥാന്‍ ജേഴ്‌സിയിലെ തന്റെ ആദ്യ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. പവര്‍പ്ലേ അവസാനിക്കുന്നതിന് മുമ്പായിരുന്നു താരത്തിന്റെ അര്‍ധ സെഞ്ച്വറി നേട്ടം. 5.5 ഓവറില്‍ ടീം സ്‌കോര്‍ 73ല്‍ നില്‍ക്കവെ താരം തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടത്തിലേക്കാണ് നിതീഷ് റാണ ചെന്നെത്തിയത്. പവര്‍പ്ലേയില്‍ രാജസ്ഥാന്‍ റോയല്‍സിനായി അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് താരം കാലെടുത്ത് വെച്ചത്.
ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഒരിക്കല്‍പ്പോലും എത്തിച്ചേരാന്‍ സാധിക്കാത്ത നേട്ടത്തിലേക്കാണ് പിങ്ക് ജേഴ്‌സിയില്‍ തന്റെ മൂന്നാം മത്സരത്തില്‍ റാണ കാലെടുത്ത് വെച്ചത്.
ഇതിനൊപ്പം പവര്‍ പ്ലേയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് രാജസ്ഥാന്‍ റോയല്‍സ് താരമെന്ന നേട്ടവും നിതീഷ് റാണ സ്വന്തമാക്കി.
(താരം – റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
യശസ്വി ജെയ്‌സ്വാള്‍ – 62 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2023
നിതീഷ് റാണ – 58 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2025*
ജോസ് ബട്‌ലര്‍ – 54 – ഗുജറാത്ത് ടൈറ്റന്‍സ് – 2022
ജോസ് ബട്‌ലര്‍ – 54 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2023
മൈക്കല്‍ ലംബ് – 50 – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 2010
ബെന്‍ സ്റ്റോക്‌സ് – 50 – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 2020
യശസ്വി ജെയ്‌സ്വാള്‍ – 50 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2021
ചെന്നൈയ്‌ക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായും നിതീഷ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഏപ്രില്‍ അഞ്ചിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. കളിച്ച രണ്ട് കളിയിലും വിജയിച്ച് കുതിപ്പ് തുടരുന്ന ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരാണ് വേദി.
Content Highlight: IPL 2025: RR vs CSK: Nitish Rana scored second highest totals in powerplay for Rajasthan Royals