| Wednesday, 2nd April 2025, 1:01 pm

സുവര്‍ണ നേട്ടത്തിനരികെ ഭുവനേശ്വര്‍; രണ്ടാം മത്സരത്തില്‍ രണ്ടിന്റെ ദൂരം മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം നടക്കാനിരിക്കുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായാണ് ബെംഗളൂരു സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും തോല്‍പ്പിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാം വിജയവും പോയിന്റ് ടേബിള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയുമാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ ലക്ഷ്യം.

അതേസമയം, തോറ്റ് തുടങ്ങിയ ഗുജറാത്ത് ടൈറ്റന്‍സും തുടര്‍ച്ചയായ വിജയം തന്നെയാണ് നോട്ടമിടുന്നത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് ടൈറ്റന്‍സ് തോല്‍വി വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 36 റണ്‍സിന്റെ വിജയം ഗില്ലും സംഘവും കരസ്ഥമാക്കിയിരുന്നു.

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരത്തില്‍ ബെംഗളൂരുവിന്റെ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമതെത്താനുള്ള സുവര്‍ണാവസരമാണ് ഭുവനേശ്വറിന് മുന്നിലുള്ളത്. ഈ നേട്ടത്തിലെത്താന്‍ താരത്തിന് വേണ്ടത് വെറും രണ്ട് വിക്കറ്റുകളാണ്. ആര്‍. അശ്വിനെയും ഡ്വെയ്ന്‍ ബ്രാവോയെയും മറികടക്കാന്‍ താരത്തിന് സാധിക്കും.

നിലവില്‍ ഐ.പി.എല്ലില്‍ 177 മത്സരങ്ങളില്‍ നിന്ന് 182 വിക്കറ്റുകള്‍ ഭുവനേശ്വര്‍ സ്വന്തമാക്കിയിട്ടുണ്ട്. 27.19 ശരാശരിയും 7.55 എക്കോണമിയിലുമാണ് ഐ.പി.എല്ലില്‍ താരം ബൗള്‍ ചെയ്യുന്നത്. 19 റണ്‍സ് വിട്ട് കൊടുത്ത് അഞ്ച് വിക്കറ്റെടുത്തതാണ് ടൂര്‍ണമെന്റിലെ താരത്തിന്റെ മികച്ച പ്രകടനം.

പൂനെ വാരിയേഴ്‌സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്‍ക്കായി ഭുവനേശ്വര്‍ കുമാര്‍ കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങള്‍

(താരം – മത്സരം – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

യുസ്വേന്ദ്ര ചഹല്‍ – 162 – 206

പിയുഷ് ചൗള – 192 – 192

ഡ്വെയ്ന്‍ ബ്രാവോ – 161 – 183

ആര്‍. അശ്വിന്‍ – 215 – 183

ഭുവനേശ്വര്‍ കുമാര്‍ – 177 – 182

പതിനെട്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവില്‍ ഒരു മത്സരമാണ് ഭുവനേശ്വര്‍ കുമാര്‍ കളിച്ചിട്ടുള്ളത്. ആദ്യ മത്സരത്തില്‍ പരിക്കേറ്റ പുറത്തിരുന്ന താരം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് പ്ലേ ബോള്‍ഡ് ആര്‍മിയില്‍ അരങ്ങേറിയത്. മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ മൂന്ന് ഓവറില്‍ 6.67 എക്കോണമിയില്‍ പന്തെറിഞ്ഞ് 20 റണ്‍സ് വിട്ട് കൊടുത്ത് ഒരു വിക്കറ്റ് നേടിയിരുന്നു.

Content Highlight: IPL 2025: Royal Challengers Bengaluru Super Pacer Bhuvneshwar Kumar Aims To Bag A Record In IPL

We use cookies to give you the best possible experience. Learn more