ഐ.പി.എല്ലിലെ സൂപ്പര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ആര്‍.സി.ബി സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നില്‍ക്കെ റോയല്‍ ചലഞ്ചേഴ്സ് മറികടക്കുകയായിരുന്നു.
അതേസമയം ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 26 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
രണ്ട് മത്സരങ്ങളിലേയും പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും സാധിച്ചിരുന്നു. 54 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 73 റണ്‍സാണ് വിരാട് നേടിയത്. മുംബൈയ്ക്കായി രോഹിത് 45 പന്തില്‍ പുറത്താകാതെ ആറ് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് അടിച്ചെടുത്തത്.
ഇതോടെ വിരാട് ഒന്നാമനായ റെക്കോഡ് ലിസ്റ്റില്‍ രണ്ടാമനാകാന്‍ സാധിച്ചിരിക്കുകയാണ് രോഹിത് ശര്‍മയ്ക്ക്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാം താരം എന്ന നേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ മറികടന്നാണ് രോഹിത് രണ്ടാമനായത്.
വിരാട് കോഹ്‌ലി – 8326
രോഹിത് ശര്‍മ – 6786
ശിഖര്‍ ധവാന്‍ – 6769
ഡേവിഡ് വാര്‍ണര്‍ – 6565
ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ വമ്പന്‍ തിരിച്ചുവരവിന് വാംഖഡെ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. രോഹിത്തിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മുംബൈ അനായാസ വിജയം സ്വന്തമാക്കിയത്.
Content Highlight: IPL 2025: Rohit Sharma In Great Record Achievement In IPL