|

ഏറ്റവും മികച്ചത് വിരാട്, ഏറ്റവും മോശം രോഹിത്തും; രാവും പകലുമെന്നോണം ഒന്നാമനും അവസാനക്കാരനുമായി ഇന്ത്യയുടെ വെറ്ററന്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രോഹിത് ശര്‍മയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മുന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ വിമര്‍ശനങ്ങളേറ്റുവാങ്ങിയത്.

അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 12 പന്ത് നേരിട്ട് 18 റണ്‍സ് മാത്രമാണ് ഹിറ്റ്മാന് കണ്ടെത്താന്‍ സാധിച്ചത്. രണ്ട് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സീസണില്‍ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്.

അഞ്ച് മത്സരത്തില്‍ നിന്നും വെറും 56 റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്.

ഒരു ഭാഗത്ത് രോഹിത് ശര്‍മ റണ്‍സ് നേടാനും മുംബൈ ബാറ്റിങ് നിരയില്‍ നിര്‍ണായകമാകാനും ശ്രമിക്കുമ്പോള്‍ മറുവശത്ത് ഇന്ത്യയുടെ മറ്റൊരു വെറ്ററന്‍ താരമായ വിരാട് കോഹ്‌ലി അനായാസം റണ്ണടിച്ചുകൂട്ടുകയാണ്.

കളിച്ച ആറ് മത്സരത്തില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം 248 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ 67 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഞായറാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയതോടെ തന്റെ ബാറ്റിങ് ശരാശരി 62.00ലേക്ക് ഉയര്‍ത്താനും വിരാടിന് സാധിച്ചു.

ഐ.പി.എല്‍ 2025ല്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഓപ്പണിങ് ബാറ്റര്‍മാരുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനാണ് വിരാട് കോഹ്‌ലി.

അതേസമയം, രോഹിത് ശര്‍മായകട്ടെ ഈ റെക്കോഡ് നേട്ടത്തില്‍ അവസാന സ്ഥാനക്കാരനാണ്. സീസണില്‍ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള ഓപ്പണിങ് ബാറ്ററാണ് രോഹിത് ശര്‍മ. 11.20 മാത്രമാണ് ഹിറ്റ്മാന്റെ ആവറേജ്.

രോഹിത്തിന്റെ മോശം ഫോം ടീമിന്റെ ടോട്ടല്‍ പെര്‍ഫോര്‍മെന്‍സിലും പ്രതിഫലിക്കുന്നുണ്ട്.

സീസണില്‍ ഇതുവരെ ഒറ്റ മത്സരത്തില്‍ മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് വിജയിക്കാന്‍ സാധിച്ചത്. ഇതിനോടകം നാല് മത്സരത്തിലും ടീം പരാജയപ്പെട്ടു.

ദല്‍ഹിക്കെതിരെ സീസണിലെ രണ്ടാമത് മികച്ച ടോട്ടലാണ് മുംബൈ ഇന്ത്യന്‍സ് പടുത്തുയര്‍ത്തിയത്. അപരാജിതരായി മുന്നേറുന്ന ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി മുംബൈ വിജയപാതയിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: IPL 2025: Rohit Sharma has the lowest batting average of a opening batter in IPL 2025

Latest Stories

Video Stories