|

ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനെ മുന്നോട്ട് നയിക്കാനുള്ള അവസരം അവന്‍ നഷ്ടമാക്കി; വിമര്‍ശനവുമായി റോബിന്‍ ഉത്തപ്പ

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് രാജസ്ഥാന്‍ നേരിടേണ്ടി വന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 151 റണ്‍സായിരുന്നു നേടിയത്. എട്ട് വിക്കറ്റും 15 പന്തും ബാക്കി നില്‍ക്കെ 153 റണ്‍സ് നേടി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ടീം സ്‌കോര്‍ 33ല്‍ നില്‍ക്കവെ സഞ്ജു സാംസണിന്റെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. 11 പന്തില്‍ രണ്ട് ഫോറടക്കം 13 റണ്‍സാണ് സഞ്ജു നേടിയത്.

ക്യാപ്റ്റനായി എത്തിയ റിയാന്‍ പരാഗ് 15 പന്തില്‍ 25 റണ്‍സ് നേടി പുറത്തായപ്പോള്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ 29 റണ്‍സും നേടി കൂടാരം കയറി. മധ്യനിരയില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി ടീമിന് തുണയായത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലാണ്. 28 പന്തില്‍ 33 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാധിച്ചില്ല.

ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാഹചര്യമുണ്ടായിട്ടും ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ പരാജയപ്പെട്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്ത താരവുമായിരുന്ന റോബിന്‍ ഉത്തപ്പ. ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനെ മുന്നോട്ട് നയിക്കാനും സ്‌കോര്‍ ഉയര്‍ത്താനുമുള്ള അവസരം ഉണ്ടായിട്ടും ജെയ്‌സ്വാളിന് ടീമിനെ സഹായിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഉത്തപ്പ പറഞ്ഞത്.

‘ഉത്തരവാദിത്തം ഏറ്റെടുക്കാനും ടീമിനെ മുന്നോട്ട് നയിക്കാനുമുള്ള ഒരു അവസരമായിരുന്നു ഇത്. ബാറ്റിങ്ങിന് എളുപ്പമല്ലാത്ത ഒരു പിച്ചില്‍ അവന് മികവ് പുലര്‍ത്താന്‍ കഴിയുന്ന ബാറ്ററായിരുന്നു.
ഇന്ന് കാണുന്ന ഉയര്‍ന്ന സ്‌കോറിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്,

പ്രത്യേകിച്ച് ഇംപാക്ട് പ്ലെയര്‍ നിയമം ടീമുകള്‍ക്ക് എട്ട് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെയും ഒരു ഓള്‍റൗണ്ടറെയും വരെ ഫീല്‍ഡ് ചെയ്യാന്‍ അനുവദിക്കുന്ന സാഹചര്യം നിലവിലിണ്ട്, അവര്‍ക്ക് ഒമ്പത് ബാറ്റിങ് ഓപ്ഷനുകള്‍ ഫലപ്രദമായി ഉപയോഗിക്കാമായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ബാറ്റര്‍മാര്‍ക്ക് ആക്രമിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, നിര്‍ഭാഗ്യവശാല്‍ യശസ്വി അത് ചെയ്തില്ല,’ ജിയോ ഹോട്ട്സ്റ്റാറില്‍ ഉത്തപ്പ പറഞ്ഞു.

ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നത്. 61 പന്തില്‍ ആറ് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 97 റണ്‍സ് നേടി പുറത്താകാതെയാണ് ഡി കോക് രാജസ്ഥാനെ പഞ്ഞിക്കിട്ടത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ, ഹര്‍ഷിത് റാണ, മൊയീന്‍ അലി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സ്പെന്‍സര്‍ ജോണ്‍സന്‍ ഒരു വിക്കറ്റും നേടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തി.

Content Highlight: IPL 2025: Robin Uthappa Talking About Yashasvi Jaiswal’s Poor Performance

Latest Stories