|

ധോണി ക്യാപ്റ്റനായി എത്തുന്നതുകൊണ്ട് ചെന്നൈയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല: റോബിന്‍ ഉത്തപ്പ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് (വെള്ളി) നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുക. ചെന്നൈയുെ തട്ടകമായ എം. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ ഐ.പി.എല്ലില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രം നേടി ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈക്ക് ഈ മത്സരം ഏറെ നിര്‍ണായകമാണ്. അതേസമയം ചെന്നൈ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

പരിക്കേറ്റ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്.
കൊല്‍ക്കത്തയ്ക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങാണ് ഇക്കാര്യം അറിയിച്ചത്.

കൈമുട്ടിനേറ്റ പരിക്ക് കാരണമാണ് ഗെയ്ക്വാദ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തുപോവുന്നത്. ഗെയ്ക്വാദിന്റെ അഭാവത്തില്‍ എം.എസ് ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റനാകാന്‍ പോകുന്നതിന്റെ ആവേശവും ആരാധകര്‍ക്കുണ്ട്. എന്നാല്‍ ധോണി വീണ്ടും ക്യാപ്റ്റനായി തിരിച്ചുവന്നാല്‍ ചെന്നൈയുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ധോണിയുടെ സഹ താരവുമായിരുന്ന റോബിന്‍ ഉത്തപ്പ പറയുന്നത്.

ചെന്നൈയുടെ ബാറ്റിങ് നിരയില്‍ പ്രധാന പങ്ക് വഹിച്ചിരുന്ന ഗെയ്ക്വാദിന്റെ വിടവ് എങ്ങനെ നികത്തുമെന്നും നിലവില്‍ ചെന്നൈ ബാറ്റര്‍മാരില്‍ സ്ഥിരത നിലനിര്‍ത്തുന്ന താരങ്ങള്‍ വിരളമാണെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി. സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമനാണ് ഗെയ്ക്വാദ്. രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 24.40 ശരാശരിയില്‍ 122 റണ്‍സാണ് താരം നേടിയത്.

ഉത്തപ്പ പറഞ്ഞത്

‘ധോണിയെ ക്യാപ്റ്റനായി തിരികെ കൊണ്ടുവന്നതുകൊണ്ട് മാത്രം ചെന്നൈയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല. ടീമില്‍ പരിഹരിക്കേണ്ട നിരവധി പോരായ്മകളുണ്ട്. ബാറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച ചുരുക്കം ചിലരില്‍ ഒരാളായ ഋതുരാജിനെപ്പോലുള്ള ഒരാളെ മാറ്റിസ്ഥാപിക്കുന്നത് എളുപ്പമാകില്ല. ആ തരത്തിലുള്ള ഫോമിന് നിങ്ങള്‍ എങ്ങനെ പൊരുത്തപ്പെടും?

പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഡെവോണ്‍ കോണ്‍വേ അവര്‍ക്ക് ഒരു പ്രതീക്ഷ നല്‍കി, റിട്ടയോഡ് ഔട്ട് ആകുന്നതിന് മുമ്പ് 69 റണ്‍സുമായി പുറത്താകാതെ നിന്നു. മറുവശത്ത് രചിന്‍ രവീന്ദ്ര ഈ സീസണിലുടനീളം സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. രാഹുല്‍ ത്രിപാഠി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ആരാണ് പകരക്കാരനായി എത്തുക? സാം കറണിനെ കൊണ്ടുവരുന്നതില്‍ പ്രശ്‌നങ്ങളുണ്ട്,’ ഉത്തപ്പ പറഞ്ഞു.

Content Highlight: IPL 2025: Robin Uthappa Talking About CSK

Latest Stories

Video Stories