ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്.
ലഖ്‌നൗ ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ ധോണിപ്പട മറികടക്കുകയായിരുന്നു.
സീസണിലാദ്യമായി ലഖ്‌നൗ നായകന്‍ റിഷബ് പന്തും ചെന്നൈ നായകന്‍ ധോണിയും ഫോമിലേക്കുയര്‍ന്ന മത്സരം കൂടിയായിരുന്നു ഇത്. പന്ത് സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ മത്സരത്തില്‍ ധോണി 11 പന്ത് നേരിട്ട് പുറത്താകാതെ 26 റണ്‍സും നേടി.
ഈ സീസണില്‍ ബാറ്റെടുത്ത അഞ്ച് മത്സരത്തിലും റിഷബ് പന്ത് ഫ്‌ളോപ്പായിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ആറ് പന്തില്‍ പൂജ്യത്തിന് പുറത്തായ നായകന്‍ സണ്‍റൈസേഴ്‌സിനെതിരെ 15 പന്തില്‍ 15 റണ്‍സും നേടി. പഞ്ചാബ് കിങ്‌സിനോടും മുംബൈ ഇന്ത്യന്‍സിനോടും രണ്ട് റണ്‍സ് വീതം നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 18 പന്ത് നേരിട്ട് 21 റണ്‍സിനും പുറത്തായിരുന്നു.
എന്നാല്‍ സൂപ്പര്‍ കിങ്‌സിനെതിരെ 49 പന്തില്‍ 63 റണ്‍സാണ് നേടിയത്. നാല് ഫോറും നാല് സിക്‌സറും നേടിയെങ്കിലും 128.57 സ്‌ട്രൈക്ക് റേറ്റ് മാത്രമാണ് താരത്തിനുണ്ടായിരുന്നത്. 21 ഡോട്ട് ബൗളുകളും സൂപ്പര്‍ ജയന്റ്‌സ് നായകന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ചെന്നൈയ്‌ക്കെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിതിന് പിന്നാലെ ഒരു റെക്കോഡും പന്തിനെ തേടിയെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ലഖ്‌നൗ നായകന്‍. 48.67 ശരാശരിയില്‍ സൂപ്പര്‍ കിങ്‌സിനെതിരെ 438 റണ്‍സാണ് പന്ത് നേടിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള താരം (ചുരുങ്ങിയത് 300 റണ്‍സ്)
(താരം – റണ്‍സ് – ശരാശരി എന്നീ ക്രമത്തില്‍)
റിഷബ് പന്ത് – 438 – 48.67
ജോസ് ബട്‌ലര്‍ – 367 – 45.88
കെ.എല്‍. രാഹുല്‍ – 630 – 45.00
ശിഖര്‍ ധവാന്‍ – 1057 – 44.04
ഷെയ്ന്‍ വാട്‌സണ്‍ – 480 – 43.64
അതേസമയം, ചെന്നൈയ്‌ക്കെതിരായ പരാജയത്തിന് പിന്നാലെ ഏഴ് മത്സരത്തില്‍ നിന്നും എട്ട് പോയിന്റോടെ പട്ടികയില്‍ നാലാമതാണ് ലഖ്‌നൗ. ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ഈ തോല്‍വിയോടെ ടീമിന് നഷ്ടമായത്.
അതേസമയം, സൂപ്പര്‍ കിങ്‌സാകട്ടെ വിജയിച്ചിട്ടും പത്താം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഏഴ് മത്സരത്തില്‍ നിന്നും രണ്ട് ജയവും അഞ്ച് തോല്‍വിയുമായി നാല് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ 19നാണ് സൂപ്പര്‍ ജയന്റ്‌സിന്റെ അടുത്ത മത്സരം. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.
Content Highlight: IPL 2025: Rishabh Pant tops the list of highest batting average against CSK in IPL