Sports News
ബ്രേക്കിങ്: പ്രതീക്ഷകള്‍ തെറ്റിയില്ല, ക്യാപ്റ്റന്‍ റിഷബ് പന്ത് തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 20, 09:30 am
Monday, 20th January 2025, 3:00 pm

ഐ.പി.എല്‍ 2025ന് മുന്നോടിയായി ക്യാപ്റ്റനെ പ്രഖ്യാപിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. മുന്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷബ് പന്തിനെയാണ് സൂപ്പര്‍ ജയന്റ്‌സ് പുതിയ സീസണില്‍ ക്യാപ്റ്റന്റെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.

ഐ.പി.എല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ദല്‍ഹി ക്യാപ്പിറ്റല്‍സ് താരത്തെ നിലനിര്‍ത്താതിരുന്നതോടെയാണ് പന്ത് ഓക്ഷന്‍ പൂളിന്റെ ഭാഗമായത്. താരലേലലത്തില്‍ റിഷബ് പന്തിനായി വീറും വാശിയുമോടെയാണ് ടീമുകള്‍ പൊരുതിയത്.

 

താരലേലത്തില്‍ ആദ്യ സെറ്റിലെ അവസാന പേരുകാരനായാണ് റിഷബ് പന്തിന്റെ പേര് പ്രഖ്യാപിച്ചത്. ഇതോടെ ആരാധകര്‍ ആവേശത്തിലായി. ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധരും പഞ്ചാബ് ആരാധകരുമാണ് പന്തിനായി പ്രധാനമായും ആര്‍പ്പുവിളിച്ചത്.

രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന പന്തിനായി മിക്ക ടീമുകളും ഒരുപോലെ മത്സരിച്ചു. ആര്‍.സി.ബിയും ലഖ്നൗവും ഹൈദരാബാദും ഒരുപോലെ മത്സരിച്ചെങ്കിലും അവസാനം ഹൈദരാബാദും ലഖ്നൗവും മാത്രമായി.

ലഖ്നൗവിന്റെ 20.75 കോടിക്ക് ഉത്തരമില്ലാതെ ഹൈദരാബാദും പിന്‍മാറിയപ്പോള്‍ ദല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ ആര്‍.ടി.എം ഓപ്ഷന്‍ ഉപയോഗിക്കുകയായിരുന്നു. ഇതോടെ പുതിയ തുക പ്രഖ്യാപിക്കാന്‍ ലഖ്നൗ നിര്‍ബന്ധിതരായി. ചര്‍ച്ചകള്‍ക്ക് ശേഷം 27 കോടിയെന്ന റെക്കോഡ് ഫിഗര്‍ ലഖ്നൗ പ്രഖ്യാപിക്കുകയായിരുന്നു.

ഈ തുകയ്ക്ക് മുകളില്‍ വിളിക്കാതെ ദല്‍ഹി ക്യാപ്പിറ്റല്‍സ് കയ്യൊഴിഞ്ഞതോടെ പന്ത് 27 കോടിക്ക് ലഖ്നൗവിനൊപ്പം ചേരുകയായിരുന്നു.

ഐ.പി.എല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും തങ്ങളുടെ ക്യാപ്റ്റനെ നഷ്ടമായിരുന്നു. ടീം ഉടമ സഞ്ജീവ് ഗോയങ്കെയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ കെ.എല്‍. രാഹുല്‍ ടീം വിടുകയായിരുന്നു. ഇതോടെ ഒരു ക്യാപ്റ്റനെ കൂടി ടീമിന് കണ്ടെത്തേണ്ടതായി വന്നു.

പന്ത് ടീമിലെത്തിയെങ്കിലും താരം ക്യാപ്റ്റനാകുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. അനുഭവസമ്പത്തുള്ള നിക്കോളാസ് പൂരന്‍ അടക്കമുള്ള താരങ്ങള്‍ ഉണ്ടെന്നിരിക്കെ ടീം ഉടമകളും ഒരു തരത്തിലുമുള്ള സൂചനയും ക്യാപ്റ്റനെ കുറിച്ച് നല്‍കിയിരുന്നില്ല.

‘ആളുകള്‍ വളരെ പെട്ടെന്ന് തന്നെ സര്‍പ്രൈസാകുന്നു. എന്നെ സംബന്ധിച്ച് ഞാന്‍ ഒരു തരത്തിലുമുള്ള സര്‍പ്രൈസുകള്‍ നല്‍കുന്ന ആളല്ല. ഇക്കാര്യം തീരുമാനിക്കപ്പെട്ടിട്ടുണ്ട്, വരും ദിവസങ്ങളില്‍ അറിയിക്കാം,’ ക്യാപ്റ്റനെ കുറിച്ചുള്ള ചോദ്യത്തിന് ഗോയങ്കെ പറഞ്ഞു.

റിഷബ് പന്ത് തന്നെ ക്യാപ്റ്റനാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ പന്തിനേക്കാള്‍ ക്യാപ്റ്റന്‍സിയില്‍ എക്സ്പീരിയന്‍സുള്ള നിക്കോളാസ് പൂരന്‍ ടീമിനൊപ്പമുണ്ട് എന്നതും ആരാധകര്‍ മറക്കുന്നില്ല,’ എന്നാണ് ഉടമയായ ഗോയങ്കേ ആകാശ് ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ സൂപ്പര്‍ ജയന്റ്‌സ് കാത്തുവെച്ച സസ്‌പെന്‍സിനും ഉത്തരമായിരിക്കുകയാണ്.

 

Content Highlight: IPL 2025: Rishabh Pant appointed as Lucknow Super Giants