ഏപ്രില്‍ ആറിന് നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിന്റെ വേദി മാറ്റാന്‍ ബി.സി.സി.ഐ തീരുമാനിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നൈറ്റ് റൈഡേഴ്‌സിന്റെ ഹോം സ്‌റ്റേഡിയമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഷെഡ്യൂള്‍ ചെയ്ത മത്സരം ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
രാമനവമി ആഘോഷങ്ങളുടെ ഭാഗമായി അന്നേ ദിവസം കൊല്‍ക്കത്ത പൊലീസിന് അവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സാധിക്കില്ല എന്ന കാരണത്താലാണ് മത്സരം മാറ്റാന്‍ തീരുമാനിച്ചതെന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്‌നേഹാശിഷ് ഗാംഗുലി വ്യക്തമാക്കി.
നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാമനവമി ദിനത്തില്‍ പശ്ചിമ ബംഗാളില്‍ 20,000ലധികം ഘോഷയാത്രകള്‍ നടത്തുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തുടനീളം വലിയ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കേണ്ട സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.
മാര്‍ച്ച് 18 ചൊവ്വാഴ്ച, സിറ്റി പൊലീസുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന മത്സരത്തിന് മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പൊലീസ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനെ അറിയിക്കുകയായിരുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള പോരാട്ടത്തിന് വലിയ കാണികളെത്തുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. നൈറ്റ് റൈഡേഴ്‌സിന്റെ മാത്രമല്ല മറ്റൊരു തലത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കൂടി ഹോം ക്രൗഡാണ് കൊല്‍ക്കത്തയിലേത്.
ഇന്ത്യന്‍ ഫുട്‌ബോളിലെ കരുത്തരായ കൊല്‍ക്കത്ത ഫുട്‌ബോള്‍ ടീം മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിന്റെ സഹോദര ഫ്രാഞ്ചൈസിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആര്‍.പി.എസ്.ജി ഗ്രൂപ്പാണ് ഇരു ടീമുകളുടെയും ഉടമ. ഇക്കാരണം കൊണ്ടുതന്നെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും കൊല്‍ക്കത്തയില്‍ നിറഞ്ഞ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്.
എന്നാല്‍ ഇപ്പോള്‍ മത്സരം രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം ഗ്രൗണ്ടായ അസം, ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ഈ സീസണില്‍ മൂന്ന് മത്സരങ്ങളാണ് ഗുവാഹത്തിയില്‍ നടക്കുക. രാജസ്ഥാന്റെ രണ്ട് ഹോം മത്സരങ്ങളാണ് ഇതില്‍ ഉള്‍പ്പെടും.
ഈ മത്സരങ്ങളിലൊന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് രാജസ്ഥാന്‍ നേരിടുക. ഇതോടെ ലഖ്‌നൗവിനെതിരായ മത്സരത്തിന് മുമ്പ് പിച്ചിനെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചുള്ള ഏകദേശ ധാരണയും കൊല്‍ക്കത്തയ്ക്ക് ലഭിക്കും.
ഇതാദ്യമായല്ല രാമനവമിയുമായി ബന്ധപ്പെട്ട് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഷെഡ്യൂള്‍ ചെയ്ത മത്സരം മാറ്റിവെക്കുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരവും ഇത്തരത്തില്‍ സുരക്ഷാ കാരണങ്ങളുടെ പേരില്‍ മറ്റൊരു വേദിയിലേക്ക് മാറ്റിയിരുന്നു.
Content Highlight: IPL 2025: Reports says the IPL match between Kolkata Knight Riders and Lucknow Super Giants on April 6 will be shifted from Kolkata to Guwahati.