സ്‌കോര്‍ 300 കടത്തണം; ട്രാവിസ് ഹെഡ് അല്ല, അഞ്ച് കോടിക്ക് വാങ്ങിയവനെ 23 കോടിക്ക് നിലനിര്‍ത്താന്‍ സണ്‍റൈസേഴ്‌സ്
IPL
സ്‌കോര്‍ 300 കടത്തണം; ട്രാവിസ് ഹെഡ് അല്ല, അഞ്ച് കോടിക്ക് വാങ്ങിയവനെ 23 കോടിക്ക് നിലനിര്‍ത്താന്‍ സണ്‍റൈസേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 17th October 2024, 8:51 am

ഐ.പി.എല്‍ 2025നായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ബിഗ് ഇവന്റിന് മുമ്പ് മെഗാ താരലേലം നടക്കുന്നതിനാല്‍ തന്നെ ആരാധകര്‍ ആവേശത്തിന്റെ പരകോടിയിലാണ്.

മെഗാ ലേലത്തിന് മുന്നോടിയായി റിട്ടെന്‍ഷനിലൂടെയും ആര്‍.ടി.എമ്മിലൂടെയും ആറ് താരങ്ങളെ വരെ ഒരു ടീമിന് നിലനിര്‍ത്താന്‍ സാധിക്കും. നിലനിര്‍ത്തുന്നവരില്‍ ഒരാള്‍ അണ്‍ ക്യാപ്ഡ് താരമായിരിക്കണമെന്ന നിര്‍ബന്ധവുമുണ്ട്.

 

ഇപ്പോള്‍ സണ്‍റൈസേഴ്‌സ് ക്യാമ്പിലെ റിട്ടെന്‍ഷന്‍ റൂമറുകളാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സടക്കം ടീം നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

നിലവില്‍ മൂന്ന് താരങ്ങളുടെ പേരുകളാണ് ചര്‍ച്ചയാകുന്നത്. കമ്മിന്‍സിനൊപ്പം വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ, പ്രോട്ടിയാസ് ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റര്‍ ഹെന്റിക് ക്ലാസന്‍ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

18 കോടി രൂപ നല്‍കിയാകും കമ്മിന്‍സിനെ ടീം നിലനിര്‍ത്തുകയെന്നാണ് റിപ്പോര്‍ട്ട്. സണ്‍റൈസേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ കങ്കാരുവിനെ ഓറഞ്ച് ആര്‍മി ഒരിക്കലും വിട്ടുകളയാന്‍ സാധ്യതയില്ല.

സൂപ്പര്‍ താരം അഭിഷേക് ശര്‍മയെയും സണ്‍റൈസേഴ്‌സ് വിട്ടുകൊടുക്കാന്‍ സാധ്യതയില്ല. ട്രാവിസ് ഹെഡിനൊപ്പം ആദ്യ പന്ത് മുതല്‍ വെടിക്കെട്ടിന് തിരികൊളുത്തുന്ന അഭിഷേക് സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിന് അടിത്തറയിടുന്നവരില്‍ പ്രധാനിയാണ്.

ഇക്കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് മൂന്ന് തവണ ആര്‍.സി.ബിയുടെ ബെഞ്ച്മാര്‍ക് സ്‌കോറായ 263 മറികടന്നപ്പോള്‍ അതില്‍ അഭിഷേകിന്റെ സേവനം നിര്‍ണായകമായിരുന്നു.

ഇത്തവണ താരത്തിന്റെ പ്രതിഫലം ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 6.5 കോടിയായിരുന്നു താരത്തിന്റെ മുമ്പുള്ള ഫീ. എന്നാല്‍ അത് 115 ശതമാനം വര്‍ധിച്ച് 14 കോടിയാകുമെന്നാണ് റിപ്പോര്‍ട്ട്.

ക്ലാസന്റെ പ്രതിഫലത്തില്‍ 338 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 5.25 കോടിയായിരുന്നു മുന്‍ വര്‍ഷത്തില്‍ താരത്തിന്റെ പ്രതിഫലം. എന്നാല്‍ അത് 23 കോടിയായി ഉയരുമെന്നാണ് ഇ.സ്.പി.എന്‍ ക്രിക്ഇന്‍ഫോ അടക്കമുള്ള കായികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

ഒക്ടോബര്‍ 31ന് മുമ്പായി എല്ലാ ടീമുകളും തങ്ങള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കണം. ഇവര്‍ക്കൊപ്പം ട്രാവിസ് ഹെഡിനെയും സണ്‍റൈസേഴ്‌സ് നിലനിര്‍ത്തുമോ, ഒപ്പം കൂട്ടുന്ന അണ്‍ക്യാപ്ഡ് താരം ആരായിരിക്കും തുടങ്ങി നിരവധി ചോദ്യങ്ങള്‍ സണ്‍റൈസേഴ്‌സ് ആരാധകരുടെ മനസിലുണ്ട്.

 

Content highlight: IPL 2025: Reports says Sunrisesrs Hyderabad will retain Pat Cummins, Henrich Klaasen and Abhishek Sharma before Mega Auction