| Monday, 4th November 2024, 8:02 am

ലേലത്തില്‍ സഞ്ജുവിന്റെ ചിറകരിയാന്‍ സി.എസ്.കെ; കളി മെനയുന്ന തലച്ചോറിനെ തന്നെ പൊക്കാന്‍ നീക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന് മുന്നോടിയായി എല്ലാ ടീമുകളും തങ്ങള്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിച്ചിരുന്നു. ആറ് താരങ്ങളെയാണ് ഓരോ ടീമിനും മാക്‌സിമം നിലനിര്‍ത്താന്‍ സാധിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇത്തരത്തില്‍ ആറ് താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ വെറും രണ്ട് അണ്‍ ക്യാപ്ഡ് താരങ്ങളെ മാത്രം ടീമിനൊപ്പം ചേര്‍ത്തുനിര്‍ത്തിയാണ് പഞ്ചാബ് കിങ്‌സ് എതിരാളികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചത്.

രാജസ്ഥാന്‍ റോയല്‍സ് സാധ്യമായ ആറ് താരങ്ങളെയും നിലനിര്‍ത്തിയപ്പോള്‍ ടീമിന്റെ നെടുംതൂണായ പലരും റിറ്റെന്‍ഷന്‍ ലിസ്റ്റില്‍ നിന്നും പുറത്തായിരുന്നു. ജോസ് ബട്‌ലറും ട്രെന്റ് ബോള്‍ട്ടും യൂസി ചഹലും ഒന്നും തന്നെ രാജസ്ഥാന്റെ റിറ്റെന്‍ഷനിലുണ്ടായിരുന്നില്ല.

എന്നാല്‍ ഇവരേക്കാള്‍ വലിയ പേരുകാരനായ അശ്വിനെയും രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരുന്നില്ല. രാജസ്ഥാന്‍ സ്‌ക്വാഡില്‍ ഏറ്റവുമധികം അനുഭവസമ്പത്തും ക്രിക്കറ്റ് ഐ.ക്യുവുമുള്ള അശ്വിനെ നിലനിര്‍ത്താതിരുന്നതില്‍ ആരാധകരും അമ്പരന്നിരുന്നു.

ലേലത്തില്‍ പ്രവേശിക്കുന്ന അശ്വിനെ തിരിച്ചെത്തിക്കാന്‍ രാജസ്ഥാന് പദ്ധതിയുണ്ടെങ്കിലും ആ നീക്കത്തിന് ചെക്ക് വെക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അണിയറയില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ വെറ്ററന്‍ താരത്തെ തിരികെ കൊണ്ടുവരാനാണ് സി.എസ്.കെ ശ്രമിക്കുന്നത്. റേവ് സ്‌പോര്‍ട്‌സ് അടക്കമുള്ള നിരവധി കായികമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അങ്ങനെ സംഭവിച്ചാല്‍ ആശ്വിന്റെ ഹോം കമിങ് അല്ലെങ്കില്‍ സ്വന്തം തട്ടകത്തിലേക്കുള്ള മടങ്ങി വരവിനായിരിക്കും ആരാധകര്‍ സാക്ഷ്യം വഹിക്കുക. 2008 മുതല്‍ 2015 വരെ ടീമിന്റെ ഭാഗമായ താരം ചെന്നൈയിലേക്ക് മടങ്ങി വരുമെന്ന് കരുതാനുള്ള കാരണങ്ങളുമേറെയാണ്.

നേരത്തെ, ചെന്നൈ സൂപ്പര്‍ കിങ്സ് അക്കാദമിയിലെ യുവതാരങ്ങള്‍ക്കൊപ്പം അശ്വിന്‍ സമയം ചെലവഴിക്കുകയും അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന് പുറമെ സി.എസ്.കെയുടെ പുതിയ ഉദ്യമമായ ടി.എന്‍.സി.എ ഫസ്റ്റ് ഡിവിഷനിന്റെ ഭാഗമായ താരം ഇന്ത്യ സിമന്റ്സിന് വേണ്ടി കളിക്കുകയും ചെയ്യും.

സി.എസ്.കെക്കൊപ്പം 79 മത്സരം കളിച്ച അശ്വിന്‍ 6.39 എക്കോണമിയില്‍ 90 വിക്കറ്റും നേടിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് അശ്വിനെ സ്വന്തമാക്കുമോ എന്നതും കണ്ടറിയണം.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, യുവതാരങ്ങളായ യശസ്വി ജെയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ എന്നിവര്‍ക്കൊപ്പം അണ്‍ ക്യാപ്ഡ് താരമായി സന്ദീപ് ശര്‍മയെയും റോയല്‍സ് ചേര്‍ത്തുപിടിച്ചു. ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ടീം നിലനിര്‍ത്തിയ ഏക വിദേശ താരം.

സഞ്ജുവിനും ജെയ്‌സ്വാളിനും 18 കോടി വീതം ലഭിച്ചപ്പോള്‍ പരാഗിനെയും ജുറെലിനെയും 14 കോടി നല്‍കിയാണ് ടീം നിലനിര്‍ത്തിയത്. ഹെറ്റ്‌മെയറിനായി 11 കോടി മാറ്റിവെച്ചപ്പോള്‍ നാല് കോടിയാണ് സന്ദീപ് ശര്‍മക്ക് ലഭിച്ചത്.

79 കോടിയാണ് രാജസ്ഥാന്‍ റിറ്റെന്‍ഷനില്‍ ചെലവഴിച്ചത്. മറ്റേത് ടീമിനേക്കാളും കൂടുതല്‍. ഇതോടെ സ്വാഭാവികമായും ലേലത്തില്‍ ഏറ്റവും കുറവ് തുക ചെലവഴിക്കാന്‍ സാധിക്കുന്ന ടീമായും രാജസ്ഥാന്‍ മാറി. ലേലത്തില്‍ 41 കോടി മാത്രമാണ് ടീമിന് ചെലവഴിക്കാന്‍ സാധിക്കുക. 19 സ്ലോട്ടുകളാണ് ടീമിന് ബാക്കിയുള്ളത്. ആര്‍.ടി.എം ഓപ്ഷനുകള്‍ ഒന്നും തന്നെ അവശേഷിക്കുന്നുമില്ല.

Content highlight: IPL 2025: Reports says Chennai Super Kings trying to sign R Ashwin

We use cookies to give you the best possible experience. Learn more