|

നാല് പേര്‍ക്കൊപ്പം പങ്കിട്ട അനാവശ്യ ഒന്നാം സ്ഥാനം ഇനി ഒറ്റയ്ക്ക്; ആരും ആഗ്രഹിക്കാത്ത നേട്ടത്തില്‍ സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം ജയ്പൂരില്‍ പുരോഗമിക്കുകയാണ്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ഹോം ടീമിന്റെ ആദ്യ മത്സരമാണിത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി.

യശസ്വി ജെയ്‌സ്വാളിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. 47 പന്തില്‍ നിന്നും 75 റണ്‍സാണ് താരം നേടിയത്. പത്ത് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ധ്രുവ് ജുറെല്‍ 23 പന്തില്‍ പുറത്താകാതെ 35 റണ്‍സും റിയാന്‍ പരാഗ് 22 പന്തില്‍ 30 റണ്‍സും നേടി പുറത്തായി.

19 പന്ത് നേരിട്ട് 15 റണ്‍സ് മാത്രമാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് നേടാന്‍ സാധിച്ചത്. ഭുവനേശ്വര്‍ കുമാറിന്റെയും യാഷ് ദയാലിന്റെയും ജോഷ് ഹെയ്സല്‍വുഡിന്റെയും പേസിനെ അതിജീവിച്ച താരം ക്രുണാല്‍ പാണ്ഡ്യയുടെ സ്പിന്നിന് മുമ്പില്‍ പരാജയപ്പെട്ടു.

പാണ്ഡ്യയെ സ്റ്റെപ്പ് ഔട്ട് ചെയ്ത് അതിര്‍ത്തി കടത്താനുള്ള സഞ്ജുവിന്റെ ശ്രമം പാളുകയും ജിതേഷ് ശര്‍മ താരത്തെ സ്റ്റംപ് ചെയ്ത് മടക്കുകയുമായിരുന്നു.

ഇതോടെ ഒരു മോശം നേട്ടവും സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെട്ടു. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ സ്റ്റംപ് ചെയ്യപ്പെട്ട് പുറത്തായ ഇന്ത്യന്‍ താരമെന്ന അനാവശ്യ നേട്ടമാണ് സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

ഇത് 11ാം തവണയാണ് സഞ്ജു കുട്ടിക്രിക്കറ്റില്‍ സ്റ്റംപിങ്ങിലൂടെ പുറത്താകുന്നത്. ഇതില്‍ ആറ് തവണയും ഐ.പി.എല്ലിലാണ് താരം ഇത്തരത്തില്‍ പുറത്തായത്.

ടി-20യില്‍ ഏറ്റവുമധികം തവണ സ്റ്റംപ് ചെയ്യപ്പെട്ട് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍

(താരം – എത്ര തവണ പുറത്തായി എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – 11*

ശിഖര്‍ ധവാന്‍ – 10

സുരേഷ് റെയ്‌ന – 10

ദിനേഷ് കാര്‍ത്തിക് – 10

റോബിന്‍ ഉത്തപ്പ – 9

അതേസമയം, രാജസ്ഥാന്‍ ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എന്ന നിലയിലാണ്. 33 പന്തില്‍ 65 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.

42 പന്തില്‍ 58 റണ്‍സുമായി വിരാട് കോഹ്‌ലിയും 15 പന്തില്‍ 16 റണ്‍സുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍. ടി-20 ഫോര്‍മാറ്റില്‍ വിരാടിന്റെ നൂറാം അര്‍ധ സെഞ്ച്വറിയാണിത്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, വിരാട് കോഹ്‌ലി, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹേസല്‍വുഡ്, യഷ് ദയാല്‍

Content highlight: IPL 2025: RCB vs RR: Sanju Samson tops the unwanted list of Indian with most times getting stumped out