|

18 വര്‍ഷത്തെ ഐ.പി.എല്‍ ചരിത്രം തിരുത്തിക്കുറിക്കാന്‍ വിരാട്; വെടിക്കെട്ട് റെക്കോഡ് നേടാന്‍ വേണ്ടത് ഇത്രമാത്രം...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ബെംഗളൂരുവിന്റെ തട്ടകമായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയം സ്വന്തമാക്കി എട്ട് പോയിന്റോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തും ആറ് മത്സരത്തില്‍ നാല് വിജയം സ്വന്തമാക്കിയ പഞ്ചാബ് നാലാം സ്ഥാനത്തുമാണ്. നെറ്റ് റണ്‍ റേറ്റിന്റെ അഭാവം മൂലമാണ് പഞ്ചാബ് നാലാം സ്ഥാനത്ത് എത്തിയത്.

സീസണില്‍ തുല്യശക്തികളായ ഇരുവരും ഏറ്റുമുട്ടുമ്പോള്‍ വമ്പന്‍ പോരാട്ടം തന്നെയാണ് ചിന്നസ്വാമിയില്‍ ആരാധകരെ കാത്തിരിക്കുന്നത്. മത്സരത്തില്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രം ബെംഗളൂരുവിന്റെ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയാണ്. ഇന്ന് കളത്തില്‍ ഇറങ്ങുമ്പോള്‍ വിരാടിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന താരം എന്ന നേട്ടമാണ് വിരാടിനെ കാത്തിരിക്കുന്നത്. ഈ നേട്ടത്തില്‍ നിലവില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറിനൊപ്പമാണ് വിരാട്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന താരം

ഡേവിഡ് വാര്‍ണര്‍ – 66

വിരാട് കോഹ്‌ലി – 66

ശിഖര്‍ ധവാന്‍ – 53

രോഹിത് ശര്‍മ – 45

കെ.എല്‍. രാഹുല്‍ – 43

നിലവില്‍ ഐ.പി.എല്ലിന്റെ പതിനെട്ടാം സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്നും 248 റണ്‍സ് ആണ് വിരാട് നേടിയത്. 143.35 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. മാത്രമല്ല സീസണില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളാണ് താരം തന്റെ അക്കൗണ്ടിലാക്കിയത്. 10 സിക്‌സറും 20 ബൗണ്ടറികളും ആണ് താരം ഇതുവരെ അടിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരെ വിജയം സ്വന്തമാക്കിയ ബെംഗളൂരു തുടര്‍ വിജയം ലക്ഷ്യംവെച്ചാണ് കളത്തില്‍ ഇറങ്ങുന്നത്. വമ്പന്‍ ടീമാണെങ്കിലും ഐ.പി.എല്ലില്‍ ഇതുവരെ ഒരു കിരീടം സ്വന്തമാക്കാന്‍ ബെംഗളൂരുവിന് സാധിച്ചിട്ടില്ല. ഈ സീസണില്‍ തങ്ങളുടെ കന്നി കിരീടം നേടിയെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബെംഗളൂരു കളത്തിലിറങ്ങുന്നത്.

Content Highlight: IPL 2025: RCB VS PBKS: Virat Kohli Need One Fifty Plus Score For Great Record Achievement In IPL