ഐ.പി.എല്ലി കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.
മഴ മൂലം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആര്‍.സി.ബി ഉയര്‍ത്തിയ 96 റണ്‍സിന്റെ വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ പഞ്ചാബ് കിങ്‌സ് മറികടക്കുകയായിരുന്നു.
ഈ പരാജയത്തിന് പിന്നാലെ ഒരു മോശം റെക്കോഡും ബെംഗളൂരുവിനെ തേടിയെത്തി. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ഗ്രൗണ്ടില്‍ ഏറ്റവുമധികം മത്സരങ്ങള്‍ പരാജയപ്പെടുന്ന ടീം എന്ന അനാവശ്യ നേട്ടമാണ് ബെംഗളൂരുവിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ചിന്നസ്വാമിയില്‍ ഇത് 46ാം തവണയാണ് റോയല്‍ ചലഞ്ചേഴ്സ് പരാജയപ്പെടുന്നത്. മറ്റൊരു ടീമും തന്നെ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ഇത്രയധികം മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടില്ല.
(ടീം – എത്ര മത്സരങ്ങളില്‍ പരാജയപ്പെട്ടു – വേദി എന്നീ ക്രമത്തില്‍)
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 46 – ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു*
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 44 – അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, ദല്‍ഹി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 38 – ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത
മുംബൈ ഇന്ത്യന്‍സ് – 34 – വാംഖഡെ സ്റ്റേഡിയം
പഞ്ചാബ് കിങ്സ് – 30 – മൊഹാലി
സീസണില്‍ കളിച്ച ഏഴ് മത്സരത്തില്‍ നിന്നും നാല് വിജയവും മൂന്ന് പരാജയവുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്സ്.
ചെപ്പോക്കിലും വാംഖഡെയിലും ഇഡന്‍ ഗാര്‍ഡന്‍സിലം ജയ്പൂരിലും എതിരാളികളുടെ തട്ടകത്തില്‍ കളിച്ച നാല് മത്സരത്തിലും ജയം നേടിയപ്പോള്‍ സ്വന്തം മണ്ണിലെ മൂന്ന് മത്സരത്തിലും തോല്‍വി വഴങ്ങി.
ഞായറാഴ്ചയാണ് റോയല്‍ ചലഞ്ചേഴ്‌സ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഒടുവിലെ മത്സരത്തില്‍ തങ്ങളെ പരാജയപ്പെടുത്തിയ അതേ പഞ്ചാബ് കിങ്‌സിനെ തന്നെയാണ് പ്ലേ ബോള്‍ഡ് ആര്‍മിക്ക് നേരിടാനുള്ളത്.
പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയമാണ് വേദി. എതിരാളികളുടെ തട്ടകത്തില്‍ മാത്രം വിജയിക്കുന്ന പതിവ് തുടരുകയാണെങ്കില്‍ ഞായറാഴ്ച വിജയം റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം നില്‍ക്കും.
അതേസമയം, ആര്‍.സി.ബിക്കെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും സാധിച്ചു. ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ പത്ത് പോയിന്റാണ് ടീമിനുള്ളത്.
Content Highlight: IPL 2025: RCB vs PBKS: Royal Challengers Bengaluru tops the unwanted list of most defeats by a team at a single venue in IPL