ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വാംഖഡെയില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിജയം സ്വന്തമാക്കിയിരിക്കുകയാണ്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ 12 റണ്‍സിന്റെ വിജയമാണ് ബെംഗളൂരു നേടിയത്.
മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് ഞെട്ടിച്ചെങ്കിലും രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് ഉയര്‍ത്തി ഡ്രൈവിങ് സീറ്റിലെത്താന്‍ ബെംഗളുരുവിന് സാധിച്ചു.
അര്‍ധ സെഞ്ച്വറികള്‍ നേടിയ വിരാട് കോഹ്ലിയുടെയും ക്യാപ്റ്റന്‍ രജത് പാടിദാറിന്റെയും ഇന്നിങ്സുകളാണ് റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിരാട് 42 പന്തില്‍ 67 റണ്‍സും പാടിദാര്‍ 32 പന്തില്‍ 64 റണ്‍സുമാണ് അടിച്ചെടുത്തത്. 19 പന്തില്‍ 40 റണ്‍സെടുത്ത ജിതേഷ് ശര്‍മയുടെയും മികച്ച പ്രകടനം പുറത്തെടുത്ത ദേവദത്ത് പടിക്കലിന്റെയും ഇന്നിങ്ങ്‌സുകളും ബെംഗളുരുവിന് മുതല്‍ കൂട്ടായി.
മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മത്സരത്തില്‍ യുവതാരം തിലക് വര്‍മയും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും വെടിക്കെട്ട് ബാറ്റിങ്ങുമായി ആക്രമിച്ച് കളിച്ചെങ്കിലും മുംബൈയ്ക്ക് വിജയ ലക്ഷ്യം മറികടക്കാനായില്ല.
അവസാന ഓവറില്‍ 19 റണ്‍സാണ് മുംബൈയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ മിച്ചല്‍ സാന്ററിനെയും ദീപക് ചഹറിനെയും അഞ്ചാം പന്തില്‍ നമന്‍ ധിറിനെയും പുറത്താക്കി ക്രുണാല്‍ പാണ്ഡ്യയാണ് മുംബൈയുടെ പ്രതീക്ഷകളെ തകര്‍ത്തത്. നാല് ഓവറില്‍ 45 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് താരം നേടിയത്. ബെംഗളൂരുവിനായി ജോഷ് ഹേസല്‍വുഡും യഷ് ദയാലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും നേടി. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ മുംബൈയെ വിജയിപ്പിക്കുമെന്ന് കരുതിയ തിലക് – ഹര്‍ദിക് കൂട്ടുകെട്ട് പൊളിച്ചാണ് താരം വിക്കറ്റ് വീഴ്ത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മയുടെ വിക്കറ്റാണ് ഭുവനേശ്വര്‍ സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഒരു സൂപ്പര്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ പേസര്‍ എന്ന റെക്കോഡാണ് ഭുവി സ്വന്തം പേരിലാക്കിയത്. നിലവില്‍ 179 മത്സരങ്ങളില്‍ നിന്ന് 184 വിക്കറ്റുകളാണ് താരം നേടിയത്. ഡ്വെയ്ന്‍ ബ്രാവോയെ പിന്നിലാക്കിയാണ് ഭുവി നേട്ടം സ്വന്തമാക്കിയത്.
(താരം – മത്സരം – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)
ഭുവനേശ്വര്‍ കുമാര്‍ – 179 – 184
ഡ്വെയ്ന്‍ ബ്രാവോ – 161 – 183
ലസിത് മലിംഗ – 122 – 170
ജസ്പ്രീത് ബുംറ – 134 – 165
Content Highlight: IPL 2025: RCB vs MI: Royal Challengers Bengaluru Bowler Bhuvneshwar Kumar Tops The List Of Most Wickets In IPL By A Pacer