ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ 12 റണ്‍സിന്റെ വിജയമാണ് ബെംഗളൂരു നേടിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബെംഗളൂരു വാംഖഡെയില്‍ വിജയം നേടുന്നത്.
മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് എടുത്തിരുന്നത്. വിരാട് കോഹ്ലിയുടെയും ക്യാപ്റ്റന്‍ രജത് പാടിദാറിന്റെയും അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് റോയല്‍ ചലഞ്ചേഴ്സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിരാട് 42 പന്തില്‍ 67 റണ്‍സും പാടിദാര്‍ 32 പന്തില്‍ 64 റണ്‍സുമാണ് അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ബെംഗളൂരുവിനായി ക്രുണാല്‍ പാണ്ഡ്യ നാല് ഓവറില്‍ 45 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി. ജോഷ് ഹേസല്‍വുഡും യഷ് ദയാലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി.
ഇപ്പോള് ആര്‍.സി.ബിയെ കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത ഇന്ത്യന്‍ സ്പോര്‍ട്സ് അവതാരകനും ക്രിക്കറ്റ് കമന്റേറ്ററുമായ ജതിന്‍ സപ്രു. ഇനി മുതല്‍ ആര്‍.സി.ബിയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരന്‍ വിരാട് കോഹ്ലി അല്ലെന്ന് സപ്രു പറഞ്ഞു.
‘ബെംഗളുരുവിന്റെ പ്രധാനപ്പെട്ട ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ് വിരാട് കോഹ്ലി. എന്നാല്‍, ഇനി മുതല്‍ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരന്‍ അദ്ദേഹമല്ല,’ സപ്രു പറഞ്ഞു.
മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗള അദ്ദേഹത്തിന്റെ പ്രസ്താവനയോട് യോജിച്ചു. രജത് പാടിദാറും ടിം ഡേവിഡും ക്രുണാലും നന്നായി കളിക്കുന്നു എന്ന് ചൗള പറഞ്ഞു. മുംബൈക്കെതിരെ ബാറ്റ് ചെയ്ത രീതിക്ക് ജിതേഷ് വളരെയധികം പ്രശംസ അര്‍ഹിക്കുന്നുവെന്നും വിക്കറ്റുകള്‍ വീണപ്പോഴും അഗ്രസീവായാണ് ബാറ്റര്‍മാര്‍ കളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രജത് പാടിദാര്‍ എങ്ങനെ ബാറ്റ് ചെയ്യുന്നുവെന്ന് നോക്കൂ. ജിതേഷ് ഫിനിഷിങില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അതുപോലെ ടിം ഡേവിഡും ക്രുണാലും നന്നായി കളിക്കുന്നു.
മുംബൈക്കെതിരെ ബാറ്റ് ചെയ്ത രീതിക്ക് ജിതേഷ് വളരെയധികം പ്രശംസ അര്‍ഹിക്കുന്നു. വിക്കറ്റുകള്‍ വീണപ്പോഴും അഗ്രസീവായാണ് ബാറ്റര്‍മാര്‍ കളിച്ചത്. മത്സരത്തില്‍ സ്ട്രൈക്ക് റേറ്റ് കുറക്കാന്‍ അവര്‍ അനുവദിച്ചില്ല,’ പിയൂഷ് ചൗള പറഞ്ഞു.
Content Highlight: IPL 2025: RCB vs MI: Cricket Commentator Jatin Sapru Says That Virat Kohli Is Not The Most Important Player In RCB