|

ചരിത്രം കുറിക്കാന്‍ കിങ്ങിന് ക്യാപ്റ്റന്‍സിയോ റണ്‍സോ വിക്കറ്റോ പോലും വേണ്ട; രോഹിത്തിനൊപ്പം ഐതിഹാസിക നേട്ടത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഐ.പി.എല്‍ 2025ന് തിരിതെളിഞ്ഞിരിക്കുകയാണ്. സീസണിലെ ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുകയാണ്. നൈറ്റ് റൈഡേഴ്‌സിന്റെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു നായകന്‍ രജത് പാടിദാര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ സീസണില്‍ ഫാഫ് ഡു പ്ലെസിക്ക് കീഴിലെന്ന പോലെ ഈ സീസണില്‍ രജത് പാടിദാറിന് കീഴിലാണ് വിരാട് ഐ.പി.എല്ലിന്റെ 18ാം സീസണില്‍ കളത്തിലിറങ്ങുന്നത്.

കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ടീമിനൊപ്പം കളത്തിലിറങ്ങിയതോടെ ഒരു ചരിത്ര നേട്ടവും വിരാടിനെ തേടിയെത്തി. ടി-20 ഫോര്‍മാറ്റില്‍ 400 മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് വിരാട് ചരിത്രമെഴുതിയത്.

ടി-20യില്‍ 400 മത്സരം പൂര്‍ത്തിയാക്കുന്ന മൂന്നാമത് ഇന്ത്യന്‍ താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. രോഹിത് ശര്‍മ (448), ദിനേഷ് കാര്‍ത്തിക് (412) എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

20 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കും റോയല്‍ ചലഞ്ചേഴ്‌സിനും ദല്‍ഹിക്കും വേണ്ടിയാണ് വിരാട് കളിച്ചത്. ആര്‍.സി.ബിക്കായി 268 മത്സരം കളിച്ചപ്പോള്‍ ഇന്ത്യയ്ക്കായി 127 മത്സരത്തിലും ദല്‍ഹിക്കായി അഞ്ച് മത്സരത്തിലും വിരാട് കളത്തിലിറങ്ങി.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായിരുന്നു. നാല് റണ്‍സുമായി നില്‍ക്കവെ ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ക്രീസിലെത്തിയത്.

അടുത്ത രണ്ട് ഓവറിലും ആര്‍.സി.ബി ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. എന്നാല്‍ റാസിഖ് ദാര്‍ എറിഞ്ഞ നാലാം ഓവറില്‍ രണ്ട് സിക്‌സറും ഒരു ഫോറുമായി രഹാനെ വെടിക്കെട്ടിന് തിരികൊളുത്തി.

അഞ്ചാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയെയും കൊല്‍ക്കത്ത ബാറ്റര്‍മാര്‍ തല്ലിയൊതുക്കി. 15 റണ്‍സാണ് താരം വിട്ടുകൊടുത്തത്.

ഒടുവില്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയിലാണ് കെ.കെ.ആര്‍. 16 പന്തില്‍ 39 റണ്‍സുമായി രഹാനെയും 15 പന്തില്‍ 17 റണ്‍സുമായി സുനില്‍ നരെയ്‌നുമാണ് ക്രീസില്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

സുനില്‍ നരെയ്ന്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, ആംഗ്രിഷ് രഘുവംശി, റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വിരാട് കോഹ്‌ലി, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റാസിഖ് സലാം, സുയാഷ് ശര്‍മ, ജോഷ് ഹെയ്‌സല്‍വുഡ്, യാഷ് ദയാല്‍,

Content Highlight: IPL 2025: RCB vs KKR: Virat Kohli plays 400th T20 match in his career

Video Stories