ഐ.പി.എല്‍ 2025ലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ അര്‍ധ സെഞ്ച്വറിയുടെയും സുനില്‍ നരെയ്‌ന്റെ ഇന്നിങ്‌സിന്റെയും ബലത്തിലാണ് കൊല്‍ക്കത്ത മോശമല്ലാത്ത സകോറിലെത്തിയത്.
രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ ഒന്നിന് പിന്നാലെ ഒന്നായി ഇരുവരുടെയും വിക്കറ്റുകള്‍ വീണതോടെ ഒരുവേള 220 കടക്കുമെന്ന് പ്രതീക്ഷിച്ച കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 174ലൊതുങ്ങി.
രഹാനെ 31 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ 26 പന്തില്‍ 44 റണ്‍സാണ് നരെയ്ന്‍ നേടിയത്.
അഞ്ച് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 169.23 സ്‌ട്രൈക്ക് റേറ്റിലാണ് നരെയ്ന്‍ സ്‌കോര്‍ ചെയ്തത്.
ഇതിന് പിന്നാലെ നരെയ്ന്‍ തന്റെ ഐ.പി.എല്‍ കരിയറിലെ 100ാം സിക്‌സറും പൂര്‍ത്തിയാക്കിയിരുന്നു. ഐ.പി.എല്ലില്‍ സിക്‌സറില്‍ സെഞ്ച്വറി നേടുന്ന 38ാം ബാറ്ററായാണ് നരെയ്ന്‍ റെക്കോഡിട്ടത്.
എന്നാല്‍ ഇതിനേക്കാള്‍ മികച്ച മറ്റൊരു നേട്ടത്തിലേക്കാണ് നരെയ്ന്‍ കാലെടുത്ത് വെച്ചത്. ഐ.പി.എല്‍ ചരിത്രത്തില്‍ നൂറ് വിക്കറ്റുകളും നൂറ് സിക്‌സറുകളും നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് നരെയ്ന്‍ തന്റെ പേരും എഴുതിച്ചേര്‍ത്തത്. ചരിത്രത്തില്‍ ഈ നേട്ടത്തിലെത്തിയ മൂന്നാം താരമാണ് നരെയ്ന്‍.
ആന്ദ്രേ റസല്‍ – 209 സിക്‌സറും 115 വിക്കറ്റും
രവീന്ദ്ര ജഡേജ – 107 സിക്‌സറും 160 വിക്കറ്റും
സുനില്‍ നരെയ്ന്‍ – 100 സിക്‌സറും 180 വിക്കറ്റും*
അതേസമയം, കൊല്‍ക്കത്ത ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 79 റണ്‍സ് എന്ന നിലയിലാണ് ബെംഗളൂരു. ഐ.പി.എല്‍ ചരിത്രത്തില്‍ ആര്‍.സി.ബിയുടെ രണ്ടാമത് ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്.
ആറ് ഓവര്‍ അവസാനിക്കുമ്പോള്‍ 13 പന്തില്‍ 29 റണ്‍സുമായി വിരാട് കോഹ് ലിയും 23 പന്തില്‍ 49 റണ്‍സുമായി ഫില്‍ സാള്‍ട്ടുമാണ് ക്രീസില്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍
സുനില്‍ നരെയ്ന്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, ആംഗ്രിഷ് രഘുവംശി, റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വിരാട് കോഹ്‌ലി, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റാസിഖ് സലാം, സുയാഷ് ശര്‍മ, ജോഷ് ഹെയ്‌സല്‍വുഡ്, യാഷ് ദയാല്‍
Content Highlight: IPL 2025: RCB vs KKR: Sunil Narine becomes 3rd player to complete 100 sixes and 100 wickets in IPL history