ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഐ.പി.എല്‍ 2025ന് തിരിതെളിഞ്ഞിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു നായകന്‍ രജത് പാടിദാര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
പിച്ച് മികച്ചതാണെന്നും ചെറിയ സ്‌കോറില്‍ കൊല്‍ക്കത്തയെ ഒതുക്കാന്‍ ശ്രമിക്കുമെന്നുമാണ് റോയല്‍ ചലഞ്ചേഴ്‌സിനായി ആദ്യ മത്സരം നയിക്കാനെത്തിയ പാടിദാര്‍ പറഞ്ഞത്.
അതേസമയം, ടോസ് ലഭിച്ചാല്‍ തങ്ങളും ഫീല്‍ഡിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് നൈറ്റ് റൈഡേഴ്‌സ് നായകന്‍ അജിന്‍ക്യ രഹാനെയും പറഞ്ഞത്.
ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണായ 2008ന് ശേഷം ഇതാദ്യമായാണ് കൊല്‍ക്കത്തയും ബെംഗളൂരുവും ടൂര്‍ണമെന്റിന്റെ ഓപ്പണിങ് മാച്ചില്‍ ഏറ്റുമുട്ടുന്നത്. അന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രണ്ടന്‍ മക്കെല്ലത്തിന്റെ സെഞ്ച്വറി കരുത്തില്‍ പടുകൂറ്റന്‍ വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.
ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ ആര്‍ധ സെഞ്ച്വറി, ആദ്യ സെഞ്ച്വറി, ആദ്യ 150 എന്നീ നേട്ടങ്ങളെല്ലാം തന്റെ പേരിലാക്കി വെടിക്കെട്ട് നടത്തിയ മക്കെല്ലത്തിന്റെ കരുത്തില്‍ 222 റണ്‍സാണ് കെ.കെ.ആര്‍ അടിച്ചെടുത്തത്. 73 പന്തില്‍ പുറത്താകാതെ 158 റണ്‍സുമായാണ് മക്കെല്ലം സഹീര്‍ ഖാന്‍ നയിച്ച ആര്‍.സി.ബി ബൗളിങ് യൂണിറ്റിനെ തല്ലിച്ചതച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 82 റണ്‍സിന് പുറത്തായിരുന്നു.
ഈ തോല്‍വിക്ക് എതിരാളികളുടെ ഹോം ഗ്രൗണ്ടിലെത്തി പകരം വീട്ടാനുള്ള അവസരമാണ് ഇപ്പോള്‍ ബെംഗളൂരുവിന് മുമ്പിലുള്ളത്.
എന്നാല്‍ ഓപ്പണിങ് മാച്ചില്‍ ബെംഗളൂരുവിന്റെ നില പരിതാപകരമാണ്. അഞ്ച് വിവിധ സീസണുകളില്‍ ഉദ്ഘാടന മത്സരം കളിച്ച ടീമിന് ഒന്നില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. അതേസമയം, ഏഴ് തവണ ഓപ്പണിങ് മാച്ച് കളിച്ച പര്‍പ്പിള്‍ ആന്‍ഡ് ഗോള്‍ഡ് ആര്‍മി ആറ് മത്സരത്തിലും വിജയിച്ചിരുന്നു.
കഴിഞ്ഞ തവണ നേടിയ കിരീടം നിലനിര്‍ത്താനുറച്ചാണ് കൊല്‍ക്കത്ത പുതിയ സീസണിനിറങ്ങുന്നത്. അതേസമയം, ആദ്യ കിരീടമാണ് ബെംഗളൂരുവിന്റെ ലക്ഷ്യം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍
സുനില്‍ നരെയ്ന്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, ആംഗ്രിഷ് രഘുവംശി, റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു പ്ലെയിങ് ഇലവന്‍
ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വിരാട് കോഹ്‌ലി, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റാസിഖ് സലാം, സുയാഷ് ശര്‍മ, ജോഷ് ഹെയ്‌സല്‍വുഡ്, യാഷ് ദയാല്‍,
Content Highlight: IPL 2025: RCB vs KKR: Royal Challengers Bengaluru won the toss and elect to filed first