|

ചിന്നസ്വാമിയില്‍ പെരിയ നിരാശ; രോഹിത് ഒന്നാമതും റെയ്‌ന രണ്ടാമതുമുള്ള നാണക്കേടിന്റെ ലിസ്റ്റില്‍ മൂന്നാമനായി പടിക്കല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 164 റണ്‍സിന്റെ വിജയലക്ഷ്യവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. നാലാം വിജയം പ്രതീക്ഷിച്ച് സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് മോശമല്ലാത്ത സ്‌കോറിലേക്ക് ഹോം ടീം ചെന്നെത്തിയത്.

മികച്ച രീതിയില്‍ ബാറ്റിങ് ആരംഭിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ ദല്‍ഹി ബൗളര്‍മാര്‍ വിക്കറ്റ് നേടിയതാണ് ബെംഗളൂരുവിന് തിരിച്ചടിയായത്.

മത്സരത്തില്‍ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കല്‍ ഒരിക്കല്‍ക്കൂടി ആരാധകരെ നിരാശരാക്കിയിരുന്നു. വണ്‍ ഡൗണായി ക്രീസിലെത്തുകയും പവര്‍പ്ലേ അവസാനിക്കുന്നതിന് മുമ്പ് തന്നെ പുറത്തായുമാണ് ദേവ്ദത്ത് പടിക്കല്‍ പരാജയമായി മാറിയത്.

പവര്‍പ്ലേയില്‍ എട്ട് പന്തുകള്‍ നേരിട്ട് വെറും ഒറ്റ റണ്‍സ് മാത്രം നേടിയാണ് ദേവ്ദത്ത് പുറത്തായത്. ഇതോടെ ഐ.പി.എല്ലില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരു ബാറ്ററുടെ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് താരം തലകുനിച്ചുനില്‍ക്കുന്നത്. 12.50 ആണ് മത്സരത്തില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരു ബാറ്ററുടെ മോശം സ്‌ട്രൈക്ക് റേറ്റ് (ചുരുങ്ങിയത് ഒരു റണ്‍)

(താരം – സ്‌കോര്‍ – സ്‌ട്രൈക്ക് റേറ്റ് – വര്‍ഷം)

രോഹിത് ശര്‍മ – 1 (10) – 10.00 – 2023

സുരേഷ് റെയ്‌ന – 1 (9) – 11.11 – 2016

ദേവ്ദത്ത് പടിക്കല്‍ – 1 (8) – 2025*

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിറങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് വിരാടും ഫില്‍ സാള്‍ട്ടും ആര്‍.സി.ബി ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്.

നാലാം ഓവറിലെ അഞ്ചാം പന്തില്‍ ഹോം ടീമിന് ആദ്യ വിക്കറ്റ് നഷ്ടമായി. വിരാടും സാള്‍ട്ടും തമ്മിലുള്ള മിസ്‌കമ്മ്യൂണിക്കേഷന് പിന്നാലെ റണ്‍ ഔട്ടായി ഇംഗ്ലീഷ് താരം മടങ്ങുകയായിരുന്നു. 17 പന്തില്‍ 37 റണ്‍സുമായാണ് താരം തിരിച്ചു നടന്നത്. മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 217.65 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കല്‍ പാടെ നിരാശനാക്കി. മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തിയ വിരാട് കോഹ്‌ലിയുടെ വിക്കറ്റും അധികം വൈകാതെ ടീമിന് നഷ്ടപ്പെട്ടു. 14 പന്തില്‍ 22 റണ്‍സാണ് താരം നേടിയത്.

ലിയാം ലിവിങ്സ്റ്റണ്‍ ആറ് പന്തില്‍ നാല് റണ്‍സും വിശ്വസ്തനായ ജിതേഷ് ശര്‍മ 11 പന്തില്‍ മൂന്ന് റണ്‍സും നേടി തിരിച്ചുനടന്നു.

ക്യാപ്റ്റന്‍ പ്രകടനത്തില്‍ വിശ്വാസമര്‍പ്പിച്ച ആരാധകര്‍ക്ക് അധികം ആശ്വസിക്കാനുള്ള വക കുല്‍ദീപ് യാദവ് നല്‍കിയില്ല. കെ.എല്‍. രാഹുലിന്റെ കൈകളിലൊതുങ്ങി തിരികെ നടക്കുമ്പോള്‍ 23 പന്തില്‍ 25 റണ്‍സാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്.

ഹോം ടീമിന്റെ അവസാന പ്രതീക്ഷയായ ടിം ഡേവിഡിന്റെ ചെറുത്തുനില്‍പ്പ് ബെംഗളൂരുവിനെ 150 കടത്തി. അവസാന ഓവറില്‍ മുകേഷ് കുമാറിനെതിരെ നേടിയ രണ്ട് സിക്‌സറുകളടക്കം 20 പന്തില്‍ 37 റണ്‍സാണ് ടിം ഡേവിഡ് സ്വന്തമാക്കിയത്.

ക്യാപ്പിറ്റല്‍സിനായി കുല്‍ദീപ് യാദവും വിപ്രജ് നിഗവും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഇരുവരും നാല് ഓവര്‍ വീതമെറിഞ്ഞ് യഥാക്രമം 17ഉം 18ഉം റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വിക്കറ്റുകള്‍ നേടിയത്. മോഹിത് ശര്‍മയും മുകേഷ് കുമാറുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

Content Highlight: IPL 2025: RCB vs DC: Devdutt Padikkal joins the unwanted list of least strike rate at Chinnaswamy in an IPL Inning