|

ധോണിയുടെ മുഖത്ത് നോക്കി നേരത്തെ ബാറ്റ് ചെയ്യാന്‍ പറയാന്‍ കോച്ചിന് പോലും ധൈര്യമില്ല; ആഞ്ഞടിച്ച് ഐ.പി.എല്‍ ചാമ്പ്യന്‍

സ്പോര്‍ട്സ് ഡെസ്‌ക്

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താമെന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം സ്റ്റേഡിയമായ ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 റണ്‍സിന്റെ പരാജയമാണ് ഗെയ്ക്വാദിന്റെ സൂപ്പര്‍ കിങ്‌സിന് നേരിടേണ്ടി വന്നത്.

മത്സരത്തില്‍ ധോണി രവീന്ദ്ര ജഡേജയ്ക്കും ആര്‍. അശ്വിനും ശേഷം ഒമ്പതാം നമ്പറിലാണ് ക്രീസിലെത്തിയത്. ബാറ്റിങ്ങിനിറങ്ങിയ താരം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. 16 പന്തില്‍ പുറത്താകാതെ 30 റണ്‍സാണ് ധോണി നേടിയത്. മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം 187.50 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ധോണി മികച്ച പ്രകടനം നടത്തി കാണികളെ ആവേശത്തിലാഴ്ത്തിയെങ്കിലും സമയം ഏറെ അതിക്രമിച്ചിരുന്നു. ഒരുപക്ഷേ ധോണി ആറാം നമ്പറിലോ ഏഴാം നമ്പറിലോ ഇറങ്ങി ഈ പ്രകടനം കാഴ്ചവെച്ചിരുന്നെങ്കില്‍ മത്സരത്തിന്റെ ഫലം പോലും ഒരുപക്ഷേ മറ്റൊന്നാകുമായിരുന്നു.

ഇപ്പോള്‍ ധോണിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും 2012 ഐ.പി.എല്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ അംഗവുമായിരുന്ന മനോജ് തിവാരി.

ധോണിയോട് ബാറ്റിങ് ഓര്‍ഡറില്‍ പ്രൊമോട്ട് ചെയ്യാന്‍ ആവശ്യപ്പെടാന്‍ കോച്ചിങ് സ്റ്റാഫുകള്‍ക്ക് പോലും ധൈര്യമില്ല എന്നാണ് തിവാരി അഭിപ്രായപ്പെടുന്നത്. ക്രിക്ബസ്സിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

’16 പന്തില്‍ പുറത്താകാതെ 30 റണ്‍സ് നേടാന്‍ സാധിക്കുന്ന എം.എസ്. ധോണിയെ പോലെ ഒരു ബാറ്റര്‍ എന്തുകൊണ്ട് നേരത്തെ ബാറ്റിങ്ങിനിറങ്ങുന്നില്ല എന്നത് മനസിലാക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. നിങ്ങള്‍ ജയിക്കാന്‍ തന്നെയല്ലേ കളിക്കുന്നത്?

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കോച്ചിങ് സ്റ്റാഫുകള്‍ക്ക് ധോണിയോട് നേരത്തെ ബാറ്റിങ്ങിനിറങ്ങാന്‍ ആവശ്യപ്പെടാന്‍ ഒട്ടും ധൈര്യമില്ല. അദ്ദേഹം തീരുമാനിച്ചുകഴിഞ്ഞാല്‍, അതില്‍ പിന്നെ ഒരു മാറ്റവുമില്ല,’ തിവാരി പറഞ്ഞു.

ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും മോശം തോല്‍വിയും (റണ്‍സിന്റെ അടിസ്ഥാനത്തില്‍) ഇതുതന്നെയായിരുന്നു. ധോണിക്ക് കൂടുതല്‍ പന്തുകള്‍ നേരിടാന്‍ സാധിച്ചിരുന്നെങ്കില്‍ ചുരുങ്ങിയത് ഈ മോശം റെക്കോഡില്‍ നിന്നെങ്കിലും സൂപ്പര്‍ കിങ്‌സിന് കരകയറാന്‍ സാധിക്കുമായിരുന്നു.

2019ല്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റുവാങ്ങിയ 44 റണ്‍സിന്റെ തോല്‍വിയാണ് ഇതിന് മുമ്പ് ചെപ്പോക്കില്‍ സൂപ്പര്‍ കിങ്സിന്റെ പേരില്‍ കുറിക്കപ്പെട്ട ഏറ്റവും വലിയ പരാജയം.

ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഏറ്റവും വലിയ പരാജയങ്ങള്‍ (റണ്‍സിന്റെ അടിസ്ഥാനത്തില്‍)

(റണ്‍സ് – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

60 – മുംബൈ ഇന്ത്യന്‍സ് – മുംബൈ – 2013

54 – പഞ്ചാബ് കിങ്സ് – മുംബൈ – 2022

50 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ചെന്നൈ – 2025*

46 – മുംബൈ ഇന്ത്യന്‍സ് – ചെന്നൈ – 2019

44 – ദല്‍ഹി ക്യാപ്പിറ്റല്‍സ് – ദുബായ് – 2020

44 – പഞ്ചാബ് കിങ്സ് – കട്ടക്ക് – 2014

കളിച്ച രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈ.

ഞായറാഴ്ചയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി.

തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട രാജസ്ഥാന്‍ ഗുവാഹത്തിയിലെ അവസാന മത്സരത്തില്‍ വിജയപ്രതീക്ഷയുമായാണ് ഇറങ്ങുന്നത്.

Content Highlight: IPL 2025: RCB vs CSK: Manoj Tiwary slams MS Dhoni

Video Stories