ഇക്കഴിഞ്ഞ മെഗാ താര ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നര്‍ സുയാഷ് ശര്‍മയെ സ്വന്തമാക്കിയിരുന്നു. 30 ലക്ഷം അടിസ്ഥാന വിലയുള്ള അണ്‍ക്യാപ്ഡ് താരത്തെ 2 കോടി 60 ലക്ഷം രൂപയ്ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ചിന്നസ്വാമി സ്‌റ്റേഡിയത്തിലെത്തിച്ചത്.
നിലവില്‍ പരിക്കിന്റെ പിടിയലകപ്പെട്ട ശര്‍മയെ കുറിച്ച് സംസാരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലകനും ഷെവ്‌റോണ്‍സ് ഇതിഹാസ താരവുമായ ആന്‍ഡി ഫ്‌ളവര്‍. സുയാഷ് മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നും എന്നാല്‍ ഷെയ്ന്‍ വോണ്‍ ലെവലിലുള്ള പ്രകടനങ്ങള്‍ 21കാരനില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സുയാഷ് ശര്‍മ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഓപ്പണിങ് മാച്ചിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫ്‌ളവര്‍.
ആന്‍ഡി ഫ്‌ളവര്‍
‘അനുഭവസമ്പത്ത് കുറവാണെങ്കിലും റിസ്റ്റ് സ്പിന്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന യുവതാരമാണ് സുയാഷ്. അവന് പിന്തുണ നല്‍കാന്‍ മോഹിത് രാതീയുമുണ്ടാകും.
സുയാഷില്‍ നിന്നും വളരെ മികച്ച പ്രകടനങ്ങളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഫുള്‍ ഐ.പി.എല്‍ സീസണ്‍ എങ്ങനെയാണ് അവന്‍ കളിക്കുക എന്നതിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് ഒരു ഐഡിയയുമില്ല. എല്ലാ യുവതാരങ്ങളും ഈ രീതിയില്‍ തന്നെയാണ് ആരംഭിക്കുന്നത്.
സക്‌സസ്ഫുള്ളായ ഗ്രോയ്ന്‍ സര്‍ജറിക്ക് പിന്നാലെ അവന്‍ നിലവില്‍ വിശ്രമത്തിലാണ്. ഏറെ കാലമായി അവനെ അലട്ടിക്കൊണ്ടിരുന്ന പരിക്കാണിത്. ഓഫ് സീസണിന്റെ സമയത്ത് അത് ഞങ്ങള്‍ കണ്ടെത്തി. ആര്‍.സി.ബിയില്‍ നിന്നും അവന് ശരിയായ പരിചരണം ലഭിച്ചു.
അവനില്‍ നിന്നും ഞങ്ങള്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അവന്‍ ഷെയ്ന്‍ വോണിനെ പോലെ പന്തെറിയുമെന്നൊന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുമില്ല,’ ഫ്‌ളവര്‍ പറഞ്ഞു.
2023ലാണ് സുയാഷ് തന്റെ ഐ.പി.എല്‍ കരിയര്‍ ആരംഭിച്ചത്. ആദ്യ സീസണില്‍ 11 മത്സരം കളിച്ച താരത്തിന് 2024ല്‍ രണ്ട് മത്സരം മാത്രമാണ് കളിക്കാന്‍ സാധിച്ചത്. ഐ.പി.എല്‍ കരിയറില്‍ കളിച്ച 13 മത്സരത്തില്‍ 37.20 ശരാശരിയിലും 8.65 എക്കോണമിയിലും 10 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഓപ്പണിങ് മാച്ചിനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ ചലഞ്ചേഴ്‌സ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ മോശം കാലാവസ്ഥ മത്സരത്തിന് ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇടിയോടുകൂടിയ മഴയാണ് കാലാവസ്ഥാ പ്രവചനം.
കഴിഞ്ഞ ദിവസം (വെള്ളി) ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. പുതിയ വെതര്‍ ഫോര്‍കാസ്റ്റ് അനുസരിച്ച് മത്സരദിവസം വൈകിട്ട് 50 മുതല്‍ 70 ശതമാനം മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
വൈകിട്ട് ഏഴ് മണിയോടെ ചെറിയ മഴ പെയ്യുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഐ.പി.എല്ലിന്റെ ഉദ്ഘാടന ചടങ്ങുകളും മറ്റും മഴയിലാകുമോ എന്ന ആശങ്കയും നിലവിലുണ്ട്. കഴിഞ്ഞ ദിവസം മഴ കാരണം ഈഡന്‍ ഗാര്‍ഡന്‍സിലെ ഗ്രൗണ്ടില്‍ വെള്ളക്കെട്ട് ഉണ്ടായിരുന്നു.
Content Highlight: IPL 2025: RCB coach Andy Flower about Suyash Sharma