ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ വിജയം. റോയല്‍സിന്റെ തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ ആറ് റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ രാജസ്ഥാന് വേണ്ടി സീസണിലെ ആദ്യ വിജയം രേഖപ്പെടുത്താനും ക്യാപ്റ്റന്‍ പരാഗിന് സാധിച്ചു. വമ്പന്‍മാരായ ചെന്നൈക്കെതിരെ സ്വന്തം തട്ടകത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ വിജയിക്കാന്‍ സാധിച്ചത് പരാഗിന്റെ കരിയറിലെ പൊന്‍തൂവലാുമാകുകയാണ്.
ലാസ്റ്റ് ഓവര്‍ ത്രില്ലിങ് മത്സരത്തില്‍ ചെന്നൈക്ക് 19 റണ്‍സ് വേണ്ടപ്പോള്‍ സന്ദീപ് ശര്‍മയുടെ മികവിലാണ് രാജസ്ഥാന്‍ വിജയിച്ചത്. ക്രീസില്‍ ധോണിക്ക് നേരെ എറിഞ്ഞ ആദ്യ പന്ത് ഉയര്‍ന്ന് പറന്നെങ്കിലും ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ബൗണ്ടറിയില്‍ നിന്ന് പന്ത് കയ്യിലാക്കുകയായിരുന്നു. പിന്നീട് ഇറങ്ങിയ ജെയ്മി ഓവര്‍ടണ്‍ സിക്‌സര്‍ പറത്തിയങ്കിലും മികച്ച ബൗളിങ്ങില്‍ കളി തിരിച്ചുപിടിക്കാന്‍ രാജസ്ഥാന് സാധിച്ചു.
മത്സരത്തിന്റെ തുടക്കത്തില്‍ വമ്പന്‍ തിരിച്ചടിയാണ് രാജസ്ഥാന്‍ ജോഫ്ര ആര്‍ച്ചറിലൂടെ ചെന്നൈക്ക് നല്‍കിയത്. മത്സരത്തിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ അപകടകാരിയായ കിവീസ് യുവ ബാറ്റര്‍ രചിന്‍ രവീന്ദ്രയെ പൂജ്യം റണ്‍സിന് പുറത്താക്കിയാണ് ആര്‍ച്ചര്‍ കരുത്ത് കാട്ടിയത്. ആദ്യ ഓവറില്‍ മെയ്ഡന്‍ വിത്ത് വിക്കറ്റുമായാണ് ആര്‍ച്ചര്‍ തകര്‍ത്താടിയത്.
രചിന് ശേഷം മികവ് പുലര്‍ത്തിയ രാഹുല്‍ ത്രിപാഠിയെ പുറത്താക്കി വാനിന്ദു ഹസരംഗയും സ്‌ട്രൈക്ക് തുടങ്ങി. 23 റണ്‍സിനാണ് ത്രിപാഠി പുറത്തായത്. ഏറെ വൈകാതെ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ശിവം ദുബെയെയും ഹസരംഗം 18 റണ്‍സിന് കൂടാരം കയറ്റി. മിന്നല്‍ ഷോട്ടില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ ഐതിഹാസികമായ ക്യാച്ചിലാണ് താരം പുറത്തായത്. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണ് പരാഗ് നേടിയത്.
ചെന്നൈക്ക് വേണ്ടി വമ്പന്‍ പ്രകടനം നടത്തിയ ക്യാപ്റ്റന്‍ ഋതുരാജ ഗെയ്ക്വാദിന് മുന്നില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ കുറച്ച് വിയര്‍ത്തു. എന്നാല്‍ ഹസരംഗ എന്ന സ്പിന്‍ മാന്ത്രികന്റെ തരുത്തില്‍ ക്യാപ്റ്റനെ ജെയ്‌സ്വാളിന്റെ കയ്യിലെത്തിച്ച് രാദസ്ഥാന്‍ കളിയിലേക്ക് തിരിച്ചെത്തി. 44 പന്തില്‍ നിന്ന ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 63 റണ്‍സായിരുന്നു ഗെയ്ക്വാദ് നേടിയത്.
മത്സരത്തില്‍ നാല് വിക്കറ്റുകളാണ് ഹസരംഗ നേടിയത്. ജോഫ്ര ആര്‍ച്ചര്‍ സന്ദീപ് ശര്‍മ എന്നിവര്‍ക്ക് ഓരോ വിക്കറ്റും നേടാന്‍ സാധിച്ചു.
അതേസമയം രാജസ്ഥാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മൂന്നാമനായി ഇറങ്ങിയ നിതീഷ് റാണയാണ്. 36 പന്തില്‍ നിന്ന് അഞ്ച് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 81 റണ്‍സാണ് താരം അടിച്ചെടുത്തത്. 225 സ്‌ട്രൈക്ക് റേറ്റിലാണ് റാണ ബാറ്റ് വീശിയത്. അശ്വിന്‍ എറിഞ്ഞ വൈഡ് ബോളില്‍ എം.എസ്. ധോണിയുടെ മിന്നും സ്റ്റംപിങ്ങിലാണ് റാണ മടങ്ങിയത്.
മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ വലിയ തിരിച്ചടിയാണ് രാജസ്ഥാന് നേരിടേണ്ടി വന്നത്. ആദ്യ പന്തില്‍ ഫോര്‍ അടിച്ച് തുടങ്ങിയ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ഖലീല്‍ അഹമ്മദിന്റെ മൂന്നാം പന്തില്‍ അശ്വിന് ക്യാച് നല്‍കിയാണ് പുറത്തായത്.
സഞ്ജു സാംസണ്‍ 20 റണ്‍സിനും ധ്രുവ് ജുറെല്‍ 3 റണ്‍സിനും മടങ്ങി ആരാധകരെ നിരാശരാക്കി. മാത്രമല്ല വാനിന്ദു ഹസരംഗ നാല് റണ്‍സിനും കൂടാരം കയറി. മധ്യ നിരയില്‍ ക്യാപ്റ്റന്‍ പരാഗ് 28 പന്തില്‍ 37 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തിയാണ് മടങ്ങിയത്. ചെന്നൈക്ക് വേണ്ടി നൂര്ഡ അഹ്‌മ്മദ്, മതീശ പതിരാന, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജഡേജയും അശ്വിനും ഓരോ വിക്കറ്റും നേടി.
Content Highlight: IPL 2025: Rajasthan Royals Won 6 Runs Against CSK