| Friday, 1st November 2024, 10:35 am

എന്തുകൊണ്ട് രാജസ്ഥാന്‍ ജോസ് ബട്‌ലറിനെ നിലനിര്‍ത്തിയില്ല; തുറന്നുപറഞ്ഞ് രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ റിറ്റെന്‍ഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകര്‍ പാടെ നിരാശയിലായിരുന്നു. സൂപ്പര്‍ താരം ജോസ് ബട്‌ലറിനെ നിലനിര്‍ത്താത്തതാണ് ആരാധകരെ പാടെ നിരാശരാക്കിയത്.

സഞ്ജു സാംസണിന് പുറമെ യശസ്വി ജെയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അണ്‍ക്യാപ്ഡ് താരമായി സന്ദീപ് ശര്‍മ എന്നിവരെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്.

ജോസ് ബട്‌ലര്‍, ആര്‍. അശ്വിന്‍, യൂസ്വേന്ദ്ര ചഹല്‍ എന്നിവരെയും നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സിനായില്ല. ഇതില്‍ ബട്‌ലറിനെ നിലനിര്‍ത്താത്തതാണ് ആരാധകരെ ഏറെ നിരാശരാക്കുന്നത്.

ഹെറ്റ്‌മെയറിന് പകരം ബട്‌ലറിനെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തേണ്ടിയിരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ആറ് താരങ്ങളെ ഇതിനോടകം തന്നെ നിലനിര്‍ത്തിയതിനാല്‍ ആര്‍.ടി.എം ഓപ്ഷന്‍ ഉപയോഗിക്കാനുള്ള അവസരവും രാജസ്ഥാനില്ല.

ഇപ്പോള്‍ റോയല്‍സിന്റെ റിറ്റെന്‍ഷനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ നായകനും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ സീസണിലെ മിക്ക താരങ്ങളെയും നിലനിര്‍ത്താനാണ് തങ്ങള്‍ താത്പര്യപ്പെട്ടതെന്നും എന്നാല്‍ നിയമം അനുവദിക്കാത്തതിനാലാണ് അതിന് സാധിക്കാതെ പോയതെന്നും ദ്രാവിഡ് പറയുന്നു.

‘2024ലെ അതേ ടീമിനെ തന്നെയാണോ രാഹുല്‍ ദ്രാവിഡിന് പരിശീലിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നത്? ഉറപ്പായും അതെ എന്നുതന്നെയാണ് ഉത്തരം. സ്‌ക്വാഡിലെ മിക്ക താരങ്ങളെയും നിലനിര്‍ത്താന്‍ തന്നെയാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ ലേലനടപടികള്‍ ചിലപ്പോള്‍ അതിന് വെല്ലുവിളിയുയര്‍ത്തും.

ജോസ് (ജോസ് ബട്‌ലര്‍), യൂസി (യൂസ്വേന്ദ്ര ചഹല്‍), ആഷ് (ആര്‍. അശ്വിന്‍), ബോള്‍ട്ട് (ട്രെന്റ് ബോള്‍ട്ട്) തുടങ്ങി പല താരങ്ങളെയും വിട്ടുകളയേണ്ടി വന്നത് ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ലേലത്തില്‍ സാധ്യമായവരെയെല്ലാം ഉറപ്പായും തിരിച്ചെത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും,’ ദ്രാവിഡ് പറഞ്ഞു.

പ്ലെയര്‍ റിറ്റെന്‍ഷനില്‍ ഏറ്റവുമധികം തുക ചെലവഴിച്ച ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. 79 കോടിയാണ് ടീം ഈ ആറ് താരങ്ങള്‍ക്കുമായി ചെലവാക്കിയത്.

സഞ്ജുവിനും ജെയ്‌സ്വാളിനും 18 കോടി വീതം ലഭിച്ചപ്പോള്‍ 14 കോടി വീതമാണ് ജുറെലിനും പരാഗിനും നല്‍കിയത്. ഹെറ്റ്‌മെയറിനെ 11 കോടി നല്‍കി നിലനിര്‍ത്തിയപ്പോള്‍ നാല് കോടിയാണ് അണ്‍ ക്യാപ്ഡ് താരമായ സന്ദീപ് ശര്‍മക്ക് ടീം നല്‍കിയത്.

ഇനി 49 കോടിയാണ് രാജസ്ഥാന്റെ ഓക്ഷന്‍ പേഴ്‌സില്‍ ബാക്കിയുള്ളത്. മറ്റേത് ടീമിനെക്കാളും കുറവ്. 19 സ്ലോട്ടുകളാണ് രാജസ്ഥാന് ബാക്കിയുള്ളത്. ആര്‍.ടി.എം ഓപ്ഷനുകള്‍ ഒന്നും തന്നെ ശേഷിക്കുന്നുമില്ല.

Content highlight: IPL 2025: Rahul Dravid about Rajasthan Royals’ retention

We use cookies to give you the best possible experience. Learn more