ഐ.പി.എല്‍ മെഗാ ലേലത്തില്‍ സൂപ്പര്‍ സ്പിന്നര്‍ ആര്‍. അശ്വിനെ കൈവിട്ടുകളഞ്ഞതാണ് രാജസ്ഥാന്‍ റോയല്‍സിനേറ്റ പ്രധാന തിരിച്ചടികളിലൊന്ന്. ഒരു മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍ മാത്രമല്ല, ഏറ്റവും മികച്ച ടാക്ടീഷ്യനും ക്രിക്കറ്റ് ബ്രെയ്‌നുമാണ് കൂടിയാണ് സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നിന്നും പടിയിറങ്ങിയത്.
തന്റെ പഴയ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാണ് അശ്വിന്‍ മടങ്ങിയെത്തിയത്. ക്രിക്കറ്റിലെ രണ്ട് മാസ്റ്റര്‍ ബ്രെയ്‌നുകള്‍ മഞ്ഞ ജേഴ്‌സിയില്‍ വീണ്ടും കളിക്കുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. അശ്വിനെ സംബന്ധിച്ച് ഇത് ഹോം കമിങ് കൂടിയായിരുന്നു.
ഇപ്പോള്‍ വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായതിനെ കുറിച്ച് സംസാരിക്കുകയാണ് ആര്‍. അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെ സ്വന്തമാക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് അശ്വിന്‍ പറയുന്നത്.
കരിയറില്‍ പല നേട്ടങ്ങളും സ്വന്തമാക്കിയ ബൗളറായിട്ടില്ല, മറിച്ച് ഈ ടീമിന് വേണ്ടി ഇനിയും കളിക്കണം എന്നാഗ്രഹിക്കുന്ന ഒരു ക്രിക്കറ്ററായാണ് തന്റെ മടങ്ങി വരവെന്നും ആരാധകരുടെ അണ്ണാത്തെ വ്യക്തമാക്കി.
‘എന്നെ വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മടക്കിക്കൊണ്ടുവന്ന് ധോണി എനിക്ക് ഇത്തരത്തില്‍ ഒരു ഗിഫ്റ്റ് നല്‍കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല. ഇത് ചെയ്തതിന് ധോണിക്ക് ഒരുപാട് നന്ദി.
ഈ ഫ്രാഞ്ചൈസിയിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. കരിയറില്‍ ഒരുപാട് നേട്ടങ്ങളും റെക്കോഡുകളും സ്വന്തമാക്കിയ ബൗളറായിട്ടില്ല ഞാനിപ്പോള്‍ തിരികെ വന്നിരിക്കുന്നത്, ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വീണ്ടും കളിക്കണം എന്നാഗ്രഹിക്കുന്ന ഒരാളായിട്ടാണ്. ഇത് വളരെ മനോഹരമായ ഒരിടമാണ്,’ അശ്വിന്‍ പറഞ്ഞു.
ധര്‍മശാലയില്‍ വെച്ച് നടന്ന തന്റെ നൂറാം ടെസ്റ്റ് മത്സരത്തെ കുറിച്ചും അശ്വിന്‍ പറഞ്ഞു. ഈ ടെസ്റ്റിന് പിന്നാലെ വിരമിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് അശ്വിന്‍ പറയുന്നത്.
‘ധര്‍മശാലയില്‍ എന്റെ നൂറാം ടെസ്റ്റ് മത്സരം കളിച്ചുകൊണ്ട് കരിയര്‍ അവസാനിപ്പിക്കണമെന്നാണ് ഞാന്‍ കരുതിയത്. ഈ മത്സരത്തില്‍ ധോണി എനിക്ക് മൊമെന്റോ കൈമാറണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ അദ്ദേത്തിന് എത്തിച്ചേരാന്‍ സാധിച്ചില്ല,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ സീസണില്‍ മാര്‍ച്ച് 23നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ ചെപ്പോക്കിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.
Content Highlight: IPL 2025: R Ashwin about MS Dhoni and Chennai Super Kings