ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്‌സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച് പഞ്ചാബ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ലഖ്‌നൗവിന്റെ സ്വന്തം തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
ലഖ്‌നൗ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം 22 പന്ത് ബാക്കി നില്‍ക്കവെ പഞ്ചാബ് മറികടക്കുകയായിരുന്നു. പ്രഭ്‌സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, നേഹല്‍ വധേര എന്നിവരുടെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് പഞ്ചാബ് സീസണിലെ രണ്ടാം വിജയവും സ്വന്തമാക്കിയത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമേറിയ രണ്ട് താരങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന തുകയായ 27 കോടിക്ക് റിഷബ് പന്തിനെ ടീമിലെത്തിച്ച ലഖ്‌നൗവും 26.75 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടം ചൂടിച്ച ക്യാപ്റ്റനെ പൊക്കിയ പഞ്ചാബും തമ്മില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരിലും പ്രതീക്ഷകളേറെയായിരുന്നു.
എന്നാല്‍ റിഷബ് പന്ത് വീണ്ടും നിരാശനാക്കി. ഒറ്റയക്കത്തിനാണ് താരം തിരിച്ചുനടന്നത്. കളിച്ച മൂന്ന് മത്സരത്തില്‍ നിന്നുമായി വെറും 17 റണ്‍സാണ് താരം നേടിയത്.
എന്നാല്‍ മറുവശത്ത് ശ്രേയസ് അയ്യരാകട്ടെ, ആദ്യ മത്സരത്തില്‍ പുറത്താകാതെ 97 റണ്‍സും ലഖ്‌നൗവിനെതിരെ പുറത്താകാതെ 52 റണ്‍സുമാണ് നേടിയത്. രണ്ട് മത്സരത്തില്‍ നിന്നും 149 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ശ്രേയസ്.
ഈ മത്സരത്തില്‍ എന്ത് വിലകൊടുത്തും പഞ്ചാബ് വിജയിക്കണമെന്ന് ആരാധകര്‍ അത്ര കണ്ട് ആഗ്രഹിച്ചിരുന്നു. മത്സരത്തിന് മുമ്പുള്ള റിഷബ് പന്തിന്റെ പ്രസ്താവനയായിരുന്നു ഇതിന് കാരണവും.
ഐ.പി.എല്‍ മെഗാ താരലേലത്തില്‍ പഞ്ചാബ് കിങ്‌സ് തന്നെ സ്വന്തമാക്കുമെന്നോര്‍ത്ത് ടെന്‍ഷടിച്ചിരുന്നെന്നും പഞ്ചാബിലേക്ക് പോകാന്‍ തനിക്ക് താത്പര്യം ഇല്ലെന്നുമായിരുന്നു റിഷബ് പന്ത് പറഞ്ഞത്.
ലഖ്‌നൗവിന്റെ സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ പന്തിനെ വെറുതെ വിടേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ടീം പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ വീഡിയോ പങ്കുവെച്ച് ‘ടെന്‍ഷനെല്ലാം ലേലത്തിന്റെ സമയത്ത് തന്നെ അവസാനിച്ചു’ എന്നാണ് പഞ്ചാബ് കിങ്‌സ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കുറിച്ചത്. ഇതില്‍ ടെന്‍ഷന്‍ എന്ന വാക്ക് ബോള്‍ഡ് ചെയ്യാനും ക്യാപ്ഷന്റെ അവസാനം കണ്ണിറുക്കുന്ന സ്‌മൈലി വെക്കാനും പഞ്ചാബ് അഡ്മിന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പഞ്ചാബ് പങ്കുവെച്ച പോസ്റ്റിന്റെ കമന്റ് സെക്ഷനിലും ആരാധകര്‍ ഒത്തുകൂടിയിട്ടുണ്ട്.
അതേസമയം, ലഖ്നൗവിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് ഉയരാനും പഞ്ചാബ് കിങ്സിന് സാധിച്ചു. കളിച്ച രണ്ട് മത്സരത്തിലും ജയിച്ച് നാല് പോയിന്റോടെയാണ് പഞ്ചാബ് രണ്ടാമതെത്തി നില്‍ക്കുന്നത്.
രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് പട്ടികയില്‍ ഒന്നാമത്. റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ആര്‍.സി.ബി ഒന്നാമത് നില്‍ക്കുന്നത്.
ഏപ്രില്‍ അഞ്ചിനാണ് പഞ്ചാബിന്റെ അടുത്ത മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
Content Highlight: IPL 2025: Punjab Kings trolls Lucknow Super Giants captain Rishabh Pant