| Thursday, 31st October 2024, 6:04 pm

ഒറ്റ അന്താരാഷ്ട്ര താരമില്ല; ആളുമാറി ടീമിലെടുത്തവനെ മാത്രം വിടാതെ പഞ്ചാബ്; ലേലത്തില്‍ പണം വാരിയെറിയും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ റിറ്റെന്‍ഷന്‍ ലിസ്റ്റില്‍ ഞെട്ടിച്ച് പഞ്ചാബ് കിങ്‌സ്. വെറും രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തിയാണ് പഞ്ചാബ് കിങ്‌സ് ആരാധകരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ചത്.

അന്താരാഷ്ട്ര തലത്തില്‍ കളത്തിലിറങ്ങിയ ഒറ്റ താരത്തെ പോലും പഞ്ചാബ് ഒപ്പം കൂട്ടിയില്ല എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. പഞ്ചാബ് നിലനിര്‍ത്തിയ രണ്ട് താരങ്ങളും അന്താരാഷ്ട്ര തലത്തില്‍ ഇനിയും അരങ്ങേറ്റം കുറിക്കാത്തവരാണ്.

കഴിഞ്ഞ സീസണില്‍ ആളുമാറി ടീമിലെത്തിക്കുകയും പിന്നീട് ടീമിന്റെ നെടുംതൂണുമായ സൂപ്പര്‍ താരം ശശാങ്ക് സിങ്ങിനെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെയുമാണ് പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയിരിക്കുന്നത്.

ഇതോടെ ലേലത്തില്‍ ഏറ്റവുമധികം തുക ചെലവഴിക്കാന്‍ സാധിക്കുന്ന ടീമായും പഞ്ചാബ് മാറും. 110 കോടിയോളം ടീമിന്റെ ഓക്ഷന്‍ പേഴ്‌സിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റാര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ പോലും നിലനിര്‍ത്തേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് പഞ്ചാബ് കിങ്സ് എത്തിയതാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പഞ്ചാബ് അര്‍ഷ്ദീപിനെ വിട്ടുകളയുമെന്ന് ആരും കരുതിയിരുന്നില്ല.

പഞ്ചാബ് കിങ്സിന്റെ ബൗളിങ് യൂണിറ്റിനെ കാലങ്ങളായി മുന്നില്‍ നിന്നും നയിക്കുന്ന താരമാണ് അര്‍ഷ്ദീപ്. അര്‍ഷ്ദീപിനെയും നിലനിര്‍ത്തേണ്ട എന്ന തീരുമാനിച്ചതോടെ ടീം പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്നു എന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ഈ മാസ്റ്റര്‍പ്ലാന്‍ എന്തിന്?

പഞ്ചാബ് ഇങ്ങനെ ഒരു തീരുമാനമെടുത്തെങ്കില്‍ അത് എന്തിന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേയുള്ളൂ, ആദ്യ കിരീടം. ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും കിരീടം നേടാന്‍ സാധിക്കാതെ പോയ മൂന്ന് ടീമുകളില്‍ ഒന്നാണ് പഞ്ചാബ് കിങ്സ് (FKA കിങ്സ് ഇലവന്‍ പഞ്ചാബ്), ദല്‍ഹിയും ബെംഗളൂരുവുമാണ് മറ്റ് രണ്ട് ടീമുകള്‍.

കഴിഞ്ഞ സീസണില്‍ സംഭവിച്ചതെന്ത്?

ഐ.പി.എല്‍ 2024 പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ് കിങ്സ് ഫിനിഷ് ചെയ്തത്. മുംബൈ ഇന്ത്യന്‍സ് മാത്രമാണ് പഞ്ചാബിന് താഴെയുണ്ടായിരുന്നത്.

14 കളിയില്‍ നിന്നും വെറും അഞ്ച് മത്സരത്തില്‍ മാത്രമാണ് പഞ്ചാബിന് വിജയിക്കാന്‍ സാധിച്ചത്.

എന്നാല്‍ ചില മികച്ച വിജയങ്ങളും കഴിഞ്ഞ സീസണില്‍ പഞ്ചാബിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ് ഉയര്‍ത്തിയ 262 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റും എട്ട് പന്തും ശേഷിക്കെ മറികടന്നതും ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ ഏഴ് വിക്കറ്റിന്റെ വിജയവും ഉദാഹരണങ്ങള്‍ മാത്രം.

Content highlight: IPL 2025: Punjab Kings retained Prabhsimran Singh and Shashank Singh

We use cookies to give you the best possible experience. Learn more