ഐ.പി.എല്‍ 2025ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബിന്റെ വിജയത്തെ അവിശ്വസനീയം എന്നല്ലാതെ എന്ത് പേരിട്ട് വിളിക്കാനാകും. ടൂര്‍ണമെന്റിന്റെ ചരിത്രം പോലും തിരുത്തിക്കുറിച്ച 16 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് സ്വന്തം തട്ടകമായ മുല്ലാന്‍പൂരില്‍ സ്വന്തമാക്കിയത്.
പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 112 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 95ന് പുറത്താവുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എളുപ്പം വിജയിക്കുമെന്ന് കരുതിയ ആരാധകരെ നിരാശയിലേക്ക് തള്ളിയിട്ട് പഞ്ചാബ് വിജയം നേടുകയായിരുന്നു.
ഇതോടെ ഒരു ചരിത്ര റെക്കോഡും പഞ്ചാബ് കിങ്‌സിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്‍ ചരിത്രത്തില്‍ വിജയകരമായി ഡിഫന്‍ഡ് ചെയ്ത ഏറ്റവും ചെറിയ ടോട്ടല്‍ എന്ന നേട്ടമാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.
2009ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡിഫന്‍ഡ് ചെയ്ത 116 റണ്‍സിന്റെ ടോട്ടലാണ് ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. അന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് 24 റണ്‍സിന് വിജയിച്ചപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് പരാജയം രുചിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 117 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഇപ്പോള്‍ തങ്ങളെ പരാജയപ്പെടുത്തി 16 വര്‍ഷമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് കയ്യടിക്കിവെച്ച റെക്കോഡ് സ്വന്തമാക്കിയാണ് പഞ്ചാബ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.
(സ്‌കോര്‍ – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
111 – പഞ്ചാബ് കിങ്‌സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2025*
116/9 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 2009
118 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – മുംബൈ ഇന്ത്യന്‍സ് – 2018
119/8 – കിങ്‌സ് ഇലവന്‍ പഞ്ചാബ് – മുംബൈ ഇന്ത്യന്‍സ് – 2009
119/8 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – പൂനെ വാറിയേഴ്‌സ് ഇന്ത്യ – 2013
നാല് വിക്കറ്റുമായി തിളങ്ങിയ യൂസ്വേന്ദ്ര ചഹലാണ് കൊല്‍ക്കത്തയെ തകര്‍ത്തുവിട്ടത്. നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയാണ് താരം പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായത്. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ചഹലിനെ തന്നെയായിരുന്നു.
അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ വിജയത്തിന് പിന്നാലെ പഞ്ചാബ് കിങ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ്. ആറ് മത്സരത്തില്‍ നിന്നും നാല് ജയത്തോടെ എട്ട് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ 18നാണ് പഞ്ചാബിന്റെ അടുത്ത മത്സരം. റോയല്‍ ചലഞ്ചേഴ്‌സാണ് എതിരാളികള്‍.
Content Highlight: IPL 2025: Punjab Kings defended the lowest total in IPL history