Sports News
ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരില്‍ ഒരാള്‍, അവനോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു: റിക്കി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 19, 09:36 am
Wednesday, 19th March 2025, 3:06 pm

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഐ.പി.എല്ലിന്റെ പതിനെട്ടാം പതിപ്പിന് ഇനി രണ്ട് ദിവസം മാത്രമാണുള്ളത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മത്സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കത്തിന് തിരശീലയുയരുക. മാര്‍ച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിന് വേദിയാവുക കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ്.

താരങ്ങളും പരിശീലകരുമെല്ലാം ടീമുകള്‍ക്കൊപ്പം ചേര്‍ന്ന് കഴിഞ്ഞു. അഞ്ച് ഫ്രാഞ്ചൈസികള്‍ക്ക് ഈ സീസണില്‍ പുതിയ നായകന്‍മാരാണ്. പഞ്ചാബ് കിങ്സും ഈ സീസണില്‍ പുതിയ ക്യാപ്റ്റനും പുതിയ പരിശീലകനും കീഴിയിലാണ് കളത്തിലിറങ്ങുക. ക്യാപ്റ്റനായി ഇന്ത്യന്‍ താരം ശ്രേയസ് അയ്യരും പരിശീലകനായി മുന്‍ ഓസീസ് താരവും ദല്‍ഹി ക്യാപിറ്റല്‍സിന്റെ കോച്ചുമായിരുന്ന റിക്കി പോണ്ടിങ്ങുമാണ് എത്തുന്നത്.

ഇപ്പോള്‍ ശ്രേയസിനെ കുറിച്ച് സംസാരിക്കുകയാണ് റിക്കി പോണ്ടിങ്. ശ്രേയസ് അയ്യര്‍ മികച്ച കളിക്കാരനും മനുഷ്യനുമാണെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ ഭാഗമായി കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ക്യാപ്റ്റന്‍ എന്ന നിലയില്‍ സ്വാധീനം ചെലുത്തി തുടങ്ങിയെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശ്രേയസിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ദല്‍ഹിയില്‍ വളരെക്കാലം ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് ശ്രേയസ്. അവന്‍ ഒരു മികച്ച മനുഷ്യനാണ്.

ഐ.പി.എല്‍ വിജയിപ്പിച്ച ക്യാപ്റ്റനാണ് അവന്‍. ഇതില്‍ കൂടുതലൊന്നും അവനില്‍ നിന്ന് ചോദിക്കാനാവില്ല. ശ്രേയസ് ക്യാമ്പില്‍ ചേര്‍ന്നിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ. ഇപ്പോള്‍ തന്നെ ക്യാപ്റ്റനെന്ന നിലയില്‍ ടീമില്‍ സ്വാധീനം ചെലുത്തി തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ഒരു മികച്ച ടീമിനെ ഒരുക്കിയിട്ടുണ്ട്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഏത് ടീമിലും ക്യാപ്റ്റന്‍-കോച്ച് ബന്ധം നിര്‍ണായകമാണ്. ഞങ്ങള്‍ക്ക് ഇവിടെ വളരെ ശക്തമായ ഒരു ടീമുണ്ടെന്ന് എനിക്കറിയാം,’ പോണ്ടിങ് പറഞ്ഞു.

മൂന്ന് വര്‍ഷത്തോളം ശ്രേയസിന്റെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കളിക്കളത്തിലും പുറത്തും അവനെങ്ങനെ ചിന്തിക്കുന്നുവെന്ന് തനിക്കറിയാമെന്ന് പോണ്ടിങ് പറഞ്ഞു. ശ്രേയസ് നല്‍കുന്ന ആത്മവിശ്വാസം വ്യത്യസ്തമായ തലത്തിലാണെന്നും മുന്‍ ഓസീസ് താരം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ശ്രേയസിനൊപ്പം ഏകദേശം മൂന്ന് വര്‍ഷത്തോളം ഒരു ഫ്രാഞ്ചൈസിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കളിക്കളത്തിലും പുറത്തും ഓരോ വ്യക്തിയെക്കുറിച്ചും അവന്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് എനിക്കറിയാം. അവന്‍ എല്ലാവരെയും പിന്തുണയ്ക്കുന്നു. ചില സ്ഥലങ്ങളില്‍ സീനിയര്‍-ജൂനിയര്‍ സംസ്‌കാരമുണ്ട്. എന്നാല്‍ ഞാന്‍ ആദ്യമായി അവനോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍, ഞാന്‍ ഒരു മികച്ച കളിക്കാരനാണെന്ന് ശ്രേയസ് എന്നെ തോന്നിപ്പിച്ചു. അവന്‍ നല്‍കുന്ന ആത്മവിശ്വാസം വ്യത്യസ്തമായ തലത്തിലാണ്,’ പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ശ്രേയസ് അയ്യരും റിക്കി പോണ്ടിങ്ങും കോച്ചും ക്യാപ്റ്റനുമായി ദല്‍ഹി ക്യാപിറ്റല്‍സില്‍ മൂന്ന് വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 ല്‍ ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ ദല്‍ഹി ക്യാപിറ്റല്‍സ് ആദ്യമായി ഐ.പി.എല്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. 2023ല്‍ പുറം വേദന കാരണം താരത്തിന് ഐ.പി.എല്‍ സീസണ്‍ നഷ്ടമാവുകയും പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗവുമാകയും ചെയ്തു.

പരിക്കില്‍ നിന്ന് തിരിച്ച് വന്ന് കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയ്ക്ക് ഐ.പി.എല്‍ കിരീടം നേടികൊടുത്തിരുന്നു ശ്രേയസ്. കൊല്‍ക്കത്ത ടീം വിട്ട ഈ മുംബൈ താരത്തെ മെഗാ താര ലേലത്തിലൂടെ 26.75 കോടിക്ക് പഞ്ചാബ് കിങ്സ് ടീമില്‍ എത്തിക്കുകയായിരുന്നു. അതോടെയാണ്, റിക്കി പോണ്ടിങിനും ശ്രേയസ് അയ്യര്‍ക്കും വീണ്ടും ഒരുമിക്കാനുള്ള അവസരം ലഭിച്ചത്.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മാര്‍ച്ച് 25ന് ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മത്സരമാണ് പഞ്ചാബിന്റെ ഈ സീസണിലെ ആദ്യ മത്സരം.

 

Content Highlight: IPL 2025: Punjab Kings Coach Ricky Ponting Has Revealed That Shreyas Iyer Is One Of The Best Players He Has Ever Worked With