പഞ്ചാബ് കിങ്സ് പതിനെട്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. യുവതാരം ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
പഞ്ചാബില്‍ ശ്രേയസിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റമാണ് ഇന്ന് നടക്കുന്ന ഗുജറത്തിനെതിരെയുള്ള മത്സരം. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം നേടിക്കൊടുത്തിരുന്നു ശ്രേയസ്. അതിനാല്‍ തന്നെ ആരാധകര്‍ ആവേശത്തോടെയാണ് ഇന്നത്തെ മത്സരത്തിലും താരത്തിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റത്തിനും കാത്തിരിക്കുന്നത്.
ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ ഇറങ്ങുമ്പോള്‍ പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. മത്സരത്തില്‍ 26 റണ്‍സ് കൂടെ നേടിയാല്‍ ടി20 കരിയറില്‍ 6000 റണ്‍സെന്ന നാഴികകല്ല് പിന്നിടാന്‍ ശ്രേയസിന് സാധിക്കും.
നിലവില്‍ ഇതുവരെ 223 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട് ശ്രേയസ് അയ്യര്‍. 33 ശരാശരിയിലും 133.64 സ്‌ട്രൈക്ക് റേറ്റിലുമായി 5974 റണ്‍സ് നേടിയിട്ടുണ്ട് ശ്രേയസ്. അതില്‍ മൂന്ന് സെഞ്ച്വറിയും 37 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
ഐ.പി.എല്ലില്‍ 116 മത്സരങ്ങളില്‍ നിന്ന് 51 അര്‍ധ സെഞ്ച്വറികളുമായി 3127 റണ്‍സെടുത്തിട്ടുണ്ട്. ഐ.പി.എല്ലില്‍127.47 സ്‌ട്രൈക്ക് റേറ്റും 32.23 ശരാശരിയുമാണ് താരത്തിനുള്ളത്. ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്റ്റല്‍സ് ( ദല്‍ഹി ഡെയര്‍ഡെവിള്‍സ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായും വെസ്റ്റ് സോണിനായും കളത്തിലിറങ്ങിയിട്ടുണ്ട്.
ഗുജറാത്തിനെതിരെ 26 റണ്‍സ് നേടാനായാല്‍ ഈ നേട്ടത്തിലെത്തുന്ന പതിനാലാമത്തെ ഇന്ത്യന്‍ താരമാകാനും ശ്രേയസിന് സാധിക്കും. നിലവില്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ദിനേശ് കാര്‍ത്തിക്, എം.എസ് ധോണി, സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, അജിന്‍ക്യ രഹാനെ, ഗൗതം ഗംഭീര്‍, അമ്പാട്ടി റായിഡു എന്നിവരാണ് ടി20യില്‍ 6000 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍.
Content Highlight: IPL 2025: Punjab Kings Captain Shreyas Iyer Aims For A milestone In T20 Cricket