ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് വമ്പന്‍ തിരിച്ചടിയാണ് ഗുജറാത്ത് നല്‍കിയത്. രണ്ടാം ഓവറിലെ നാലാം പന്തില്‍ ജി.ടിയുടെ അര്‍ഷാദ് ഖാന്‍ കിങ് കോഹ്‌ലിയെ പറഞ്ഞയച്ചാണ് തുടങ്ങിയത്. ആറ് പന്തില്‍ ഏഴ് റണ്‍സ് നേടിയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കൂടാരം കയറിയത്. ബൗണ്ടറി ലൈനില്‍ പ്രസീദ് കൃഷ്ണയ്ക്ക് ക്യാച് നല്‍കിയാണ് കിങ് പുറത്തായത്.
എന്നാല്‍ ഏറെ വൈകാതെ വണ്‍ ഡൗണ്‍ ഇറങ്ങിയ ദേവ് ദത്ത് പടിക്കലിനെ തന്റെ രണ്ടാം ഓവറില്‍ മിന്നും ബൗളിങ്ങില്‍ സിറാജ് ക്ലീന്‍ ബൗള്‍ഡ് ചെയ്ത് മടക്കി. നാല് റണ്‍സാണ് താരം നേടിയത്. എന്നാല്‍ ആരാധകരെ ആവേശം കൊള്ളിച്ചത് സിറാജ് എറിഞ്ഞ അഞ്ചാമത്തെ ഓവറാണ്.
നാലാം ഓവറിലെ മൂന്നാം പന്തില്‍ ഫില്‍ സാള്‍ട്ടിന് നേരെ പന്തെറിഞ്ഞ സിറാജിന് ആകാശം നോക്കി നില്‍ക്കാനാണ് സാധിച്ചത്. സ്റ്റേഡിയത്തിന് പുറത്തേക്ക് പന്ത് അടിച്ചിട്ടാണ് ഫില്‍ കലി തീര്‍ത്തത്, ഇതോടെ 2025 ഐ.പി.എല്‍ സീസണില്‍ ഏറ്റവും വലിയ സിക്‌സര്‍ നേടുന്ന താരമാകാനും സാള്‍ട്ടിന് സാധിച്ചു. ഈ നേട്ടത്തില്‍ ഹൈദരാബാദിന്റെ താരം ട്രാവിസ് ഹെഡ്ഡിനൊപ്പമെത്താനും താരത്തിന് സാധിച്ചു.
ട്രാവിസ് ഹെഡ്ഡ് – 105 മീറ്റര്‍
ഫില്‍ സാള്‍ട്ട് – 105 മീറ്റര്‍
അനികേത് വര്‍മ – 102 മീറ്റര്‍
ട്രിസ്റ്റന്‍ സ്റ്റബ്‌സ് – 98 മീറ്റര്‍
നിക്കോളാസ് പൂരന്‍ – 97 മീറ്റര്‍
എന്നാല്‍ ആവേശം നിറഞ്ഞ മത്സരത്തില്‍ സിക്‌സര്‍ വഴങ്ങിയ ശേഷം എറിഞ്ഞ പന്തില്‍ സാള്‍ട്ടിന്റെ കുറ്റിയെടുത്താണ് സിറാജ് കളത്തില്‍ താണ്ഡവമാടിയത്. തുടര്‍ന്ന കളത്തിലെത്തിയ ക്യാപ്റ്റന്‍ രജത് പാടിദാറിനെ 12 റണ്‍സിന് പുറത്താക്കി ഇശാന്ത് ശര്‍മയും കരുത്ത് തെളിയിച്ചു. നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സാണ് ബെംഗളൂരു നേടിയത്. ക്രീസില്‍ തുടരുന്നത് ജിതേഷ് ശര്‍മയും (22) ലിയാം ലിവിങ്സ്റ്റണുമാണ് (2).
സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാറൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ഇഷാന്ത് ശര്‍മ
ഫില്‍ സാള്‍ട്ട്, വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസില്‍വുഡ്, യാഷ് ദയാല്‍
Content Highlight: IPL 2025: Phil Salt In Great Record Achievement In 2025 IPL and Mass Performance Of Siraj