|

ഇത്രനാള്‍ ആരാധകര്‍ മാത്രം പറഞ്ഞത് ഇന്ന് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും ഉച്ചത്തില്‍ വിളിച്ചുപറയുന്നു; പോരാട്ടം കളറാകും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മടങ്ങിവരവിനാണ് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ കാത്തിരിക്കുന്നത്. പരിക്കേറ്റതിന് പിന്നാലെ ഐ.പി.എല്‍ 2025ലെ ആദ്യ മൂന്ന് മത്സരത്തിലും ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ താരത്തിന് തന്റെ പഴയ ചുമതലയേറ്റെടുക്കാന്‍ അനുമതി ലഭിച്ചിരിക്കുകയാണ്.

സെന്റര്‍ ഓഫ് എക്സലന്‍സില്‍ നിന്ന് ക്യാപ്റ്റന്‍സിക്കും വിക്കറ്റ് കീപ്പിങ്ങിനും ഉള്‍പ്പെടെയുള്ള അനുമതി സ്വന്തമാക്കിയാണ് സഞ്ജു പഞ്ചാബിനെതിരെ ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കാന്‍ ഒരുങ്ങുന്നത്.

പഞ്ചാബ് കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയമാണ് ഈ എല്‍ ക്ലാസിക്കോ പോരാട്ടത്തിന് വേദിയാകുന്നത്.

ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടമാണെങ്കിലും കുറച്ചുകാലങ്ങളായി രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്‌സ് മത്സരത്തെയും എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇരു ടീമുകളും ആ വിശേഷണത്തോട് നൂറ് ശതമാനം നീതിപുലര്‍ത്തുന്നുമുണ്ട്.

ഒരിക്കല്‍പ്പോലും വണ്‍ സൈഡാകാതെ ടി-20 ഫോര്‍മാറ്റിന്റെ എല്ലാ ആവേശവും കാണികള്‍ക്ക് നല്‍കുന്ന പഞ്ചാബ് കിങ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരം തന്നെയാണ് ഐ.പി.എല്ലിലെ യഥാര്‍ത്ഥ എല്‍ ക്ലാസിക്കോ എന്നാണ് ആരാധകര്‍ പറയുന്നത്.

ഇപ്പോള്‍ ഇരു ടീമുകളും എല്‍ ക്ലാസിക്കോ പോസ്റ്ററുകളുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് ഇരു ടീമുകളും ക്ലാസിക് പോരാട്ടത്തിന് മുമ്പുള്ള പോസ്റ്റര്‍ പങ്കുവെച്ചത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഇരു ടീമുകളും ഇതുവരെ 28 മത്സരത്തിലാണ് ഏറ്റുമുട്ടിയത്. ഇതില്‍ 16 മത്സരത്തില്‍ രാജസ്ഥാനും 12 എണ്ണത്തില്‍ പഞ്ചാബും വിജയിച്ചു.

2024ല്‍ രണ്ട് മത്സരങ്ങളാണ് പഞ്ചാബും രാജസ്ഥാനും നേര്‍ക്കുനേര്‍ വന്നത്. ഓരോ മത്സരത്തില്‍ ഇരു ടീമുകളും വിജയം കണ്ടെത്തി. 2023ലും 2021ലും ഇതുതന്നെയായിരുന്നു മത്സരഫലം.

2022ല്‍ ഒറ്റ മത്സരമാണ് ഇരുവരും കളിച്ചത്. ഇതില്‍ സഞ്ജുവും സംഘവും വിജയിച്ചുകയറി. 2020 സീസണില്‍ കളിച്ച രണ്ട് മത്സരത്തിലും രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ 2019ലെ രണ്ട് മത്സരങ്ങളിലും വിജയം പഞ്ചാബ് സിംഹങ്ങള്‍ക്കൊപ്പം നിന്നു.

ഈ സീസണിലും ഇരുവര്‍ക്കും രണ്ട് മത്സരമാണുള്ളത്. ആദ്യ മത്സരം ഇന്ന് (ഏപ്രില്‍ അഞ്ച്) പഞ്ചാബിന്റെ തട്ടകത്തില്‍ നടക്കുമ്പോള്‍ രണ്ടാം മത്സരം മെയ് 16ന് രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലും നടക്കും.

സീസണില്‍ മികച്ച തുടക്കമല്ല രാജസ്ഥാന് ലഭിച്ചത്. കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും ഒരു വിജയം മാത്രമാണ് ടീം നേടിയത്. രണ്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് പിങ്ക് ആര്‍മി. അതേസമയം, കളിച്ച രണ്ട് മത്സരവും വിജയിച്ച് ഒന്നാമതാണ് പഞ്ചാബ്.

പുതിയ ക്യാപ്റ്റന് കീഴില്‍ പഞ്ചാബ് വിജയം തുടരാനൊരുങ്ങുമ്പോള്‍ ക്യാപ്റ്റനായി മടങ്ങിയെത്തുന്ന സഞ്ജു സാംസണിലാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: IPL 2025: PBKS vs RR: Rajasthan Royals and Punjab Kings shared El Clasico Poster

Latest Stories