ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്‌സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ പഞ്ചാബ് വിജയിച്ചിരുന്നു. ലഖ്‌നൗവിന്റെ സ്വന്തം തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
ലഖ്‌നൗ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം 22 പന്ത് ബാക്കി നില്‍ക്കവെ പഞ്ചാബ് മറികടക്കുകയായിരുന്നു. പ്രഭ്‌സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, നേഹല്‍ വധേര എന്നിവരുടെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് പഞ്ചാബ് സീസണിലെ രണ്ടാം വിജയവും സ്വന്തമാക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ടുമായി തിളങ്ങിയ പ്രിയാന്‍ഷ് ആര്യക്ക് ഈ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഒമ്പത് പന്തില്‍ എട്ട് റണ്‍സ് നേടിയാണ് ആര്യ പുറത്തായത്. ദിഗ്വേഷ് സിങ്ങിന്റെ പന്തില്‍ ഷര്‍ദുല്‍ താക്കൂറിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
ആര്യയുടെ വിക്കറ്റ് നേടിയതിന് പിന്നാലെ ദിഗ്വേഷ് സിങ് നടത്തിയ സെലിബ്രേഷന്‍ ഏറെ ചര്‍ച്ചയായിരുന്നു. പവലിയനിലേക്ക് തിരിച്ചുടനക്കുന്ന പ്രിയാന്‍ഷിന്റെ അടുത്തെത്തി നോട്ടുപുസ്തകത്തില്‍ സൈന്‍ ചെയ്യുന്നത് പോലെയുള്ള സെലിബ്രേഷനാണ് താരം നടത്തിയത്. ഈ സെലിബ്രേഷന് പിന്നാലെ ആരാധകര്‍ സിങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നുണ്ട്.
ഇതിനൊപ്പം ആരാധകര്‍ ഒരാളുടെ പേര് ഓര്‍മിപ്പിക്കുന്നുമുണ്ട്. വെസ്റ്റ് ഇന്‍ഡീസ് താരം കെസ്‌റിക് വില്യംസാണ് ദിഗ്വേഷ് സിങ്ങിന്റെ ഈ സെലിബ്രേഷനിലൂടെ വീണ്ടും ചര്‍ച്ചയിലേക്കുയര്‍ന്നത്. ബാറ്ററെ പുറത്താക്കിയ ശേഷം അയാളുടെ അടുക്കലെത്തി നോട്ടുപുസ്‌കതത്തില്‍ സൈന്‍ ചെയ്യുന്ന സെലിബ്രേഷനിലൂടെയാണ് വില്യംസ് ക്രിക്കറ്റ് സര്‍ക്കിളില്‍ ചര്‍ച്ചാവിഷയമായിരുന്നത്.
ഈ സെലിബ്രേഷനേക്കാളേറെ രണ്ട് ബാറ്റര്‍മാര്‍ വില്യംസിന് നല്‍കിയ മറുപടിയാണ് ആരാധകര്‍ ഓര്‍മിപ്പിക്കുന്നത്. വിന്‍ഡീസ് താരം ചാഡ്വിക് വാര്‍ട്ടണും മുന്‍ ഇന്ത്യന്‍ നുായകന്‍ വിരാട് കോഹ്‌ലിയുമാണ് ആ താരങ്ങള്‍. വില്യംസിനെ അടിച്ചുപറത്തി ഇതേ സെലിബ്രേഷന്‍ നടത്തിയാണ് ഇരുവരും കരിബിയന്‍ ബൗളറെ നാണക്കേടിന്റെ പടുകുഴിയിലേക്ക് കൊണ്ടെത്തിച്ചത്.
കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ 2017 എഡിഷനിലായിരുന്നു വില്യംസിന് ഈ നാണക്കേട് ആദ്യം ഏറ്റുവാങ്ങേണ്ടി വന്നത്. ജമൈക്ക താല്ലവാസും ആമസോണ്‍ ഗയാന വാറിയേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ വാള്‍ട്ടണെ പുറത്താക്കി വില്യംസ് നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തി.
എന്നാല്‍ സീസണില്‍ രണ്ടാമതും ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അവസാന ചിരി വാള്‍ട്ടണിന്റേതായിരുന്നു. താല്ലവാസ് ഉയര്‍ത്തിയ 150 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ആമസോണ്‍ വാറിയേഴ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. മത്സരത്തിന്റെ നാലാം ഓവറിലാണ് ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തിയത്.
ഓവറിലെ ആദ്യ പന്ത് തന്നെ മിഡ് വിക്കറ്റിലൂടെ ഫോറടിച്ച് വാള്‍ട്ടണ്‍ പ്രതികാരം തുടങ്ങിവെച്ചു. ആദ്യ ഫോറിന് പിന്നാലെ നോട്ട്ബുക്കില്‍ സൈന്‍ ചെയ്യുന്നതുപോലെ താരം ആഘോഷിക്കുകയും ചെയ്തു. നോ ബോളായി മാറിയ രണ്ടാം പന്തിലും താരം ഫോറടിച്ചു. വീണ്ടും ഈ നോട്ട്ബുക്ക് സെലിബ്രേഷന്‍!
അടുത്ത പന്ത് സിക്‌സറടിച്ചാണ് വാള്‍ട്ടണ്‍ വില്യംസിനെ നിരാശനാക്കിയത്. മുറിവില്‍ ഉപ്പുപുരട്ടുന്നതുപോലെ ബാറ്റില്‍ പേജുകള്‍ മറിച്ചുകൊണ്ട് താരം സൈനിങ് സെലിബ്രേഷന്‍ നടത്തിക്കൊണ്ടേയിരുന്നു.
ഓവറിലെ മൂന്നാം ലീഗല്‍ ഡെലിവെറിയിലും ഫോറടിച്ച് വാള്‍ട്ടണ്‍ വീണ്ടും സൈനിങ് സെലിബ്രേഷന്‍ നടത്തി. ഇതോടെ വില്യംസിന്റെ മനോവീര്യവും ചോര്‍ന്നിരുന്നു.
നാലാം പന്തില്‍ സിംഗിള്‍ നേടിയ വാള്‍ട്ടണ്‍ സ്‌ട്രൈക്ക് ലൂക് റോഞ്ചിക്ക് കൈമാറി. അഞ്ചാം പന്ത് ഡോട്ട് ആയെങ്കിലും ആറാം പന്ത് റോഞ്ചി സിക്‌സറിന് പറത്തി. ഇതോടെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നും റോഞ്ചിയുടെ അടുത്തെത്തിയ വാള്‍ട്ടണ്‍ എങ്ങനെയാണ് നോട്ട്ബുക്ക് സൈനിങ് സെലിബ്രേഷന്‍ നടത്തേണ്ടതെന്ന് പഠിപ്പിക്കുകയും ചെയ്തു.
മത്സരത്തില്‍ തുടര്‍ന്നും വാള്‍ട്ടണിന്റെ വെടിക്കെട്ടിനാണ് കിങ്സ്റ്റണ്‍ സാക്ഷ്യം വഹിച്ചത്. ഒടുവില്‍ 57 പന്ത് ബാക്കി നില്‍ക്കവെ ആമസോണ്‍ വാറിയേഴ്‌സ് വിജയം സ്വന്തമാക്കി. 40 പന്തില്‍ പുറത്താകാതെ 84 റണ്‍സ് നേടിയ വാള്‍ട്ടണാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2019 വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ വിരാട് കോഹ്‌ലിയും വില്യംസിന്റെ സൈനിങ് സെലിബ്രേഷന് മറുപടി നല്‍കിയിരുന്നു. 50 പന്തില്‍ പുറത്താകാതെ 94 റണ്‍സാണ് ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലി നേടിയത്.
വിന്‍ഡീസ് ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. 3.4 ഓവറില്‍ 60 റണ്‍സാണ് വില്യംസിന് വഴങ്ങേണ്ടി വന്നത്.
വിരാട് വില്യംസിനെ പഞ്ഞിക്കിട്ടതും ക്യാപ്റ്റന്റെ നോട്ട്ബുക്ക് സെലിബ്രേഷനുമായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്.
‘ഇത് സി.പി.എല്‍ അല്ല. ജമൈക്കയില്‍ വെച്ച് അവന്‍ എന്നെ പുറത്താക്കിയപ്പോള്‍ ഇത് (വില്യംസിന്റെ നോട്ട്ബുക്ക് സെലിബ്രേഷന്‍) സംഭവിച്ചിരുന്നു. അപ്പോള്‍ കുറച്ച് പേജുകള്‍ ടിക് ചെയ്യാമെന്ന് ഞാനും കരുതി,’ എന്നാണ് വിരാട് മത്സരശേഷം പറഞ്ഞത്.
ദിഗ്വേഷിന്റെ സെലിബ്രേഷന് പിന്നാലെ കെസ്‌റിക് വില്യംസും ചര്‍ച്ചയായതോടെ വിന്‍ഡീസ് താരത്തിന്റെ അവസ്ഥ ലഖ്‌നൗ യുവതാരത്തിന് ഉണ്ടാകരുത് എന്നാണ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്.
Content highlight: IPL 2025: PBKS vs LSG: Fans recollect Chadwick Walton and Virat Kohli’s notebook celebration after Digwesh Singh sledges Priyansh Arya