ഐ.പി.എല്‍ 2025ല്‍ പഞ്ചാബ് കിങ്‌സിന് വിജയത്തുടക്കം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിനാണ് ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ പഞ്ചാബ് പരാജയപ്പെടുത്തിയത്.
പഞ്ചാബ് ഉയര്‍ത്തിയ 244 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. പഞ്ചാബിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനം നടത്താനും ടീമിനെ വിജയത്തിലേക്ക് നയിക്കാനും ശ്രേയസ് അയ്യരിന് സാധിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തില്‍ തിരിച്ചടിയേറ്റിരുന്നു. സൂപ്പര്‍ താരം പ്രഭ്‌സിമ്രാന്‍ സിങ് അഞ്ച് റണ്‍സിന് പുറത്തായി. എന്നാല്‍ വണ്‍ ഡൗണായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ക്രീസിലെത്തിയതോടെ പഞ്ചാബ് മത്സരത്തിലേക്ക് തിരിച്ചുവന്നു.
ഒരു വശത്ത് നിന്നും അരങ്ങേറ്റക്കാരന്‍ പ്രിയാന്‍ഷ് ആര്യയും മറുവശത്ത് നിന്ന് ക്യാപ്റ്റനും ടൈറ്റന്‍സ് ബൗളര്‍മാരെ തല്ലിയൊതുക്കി. മികച്ച രീതിയില്‍ മുമ്പോട്ടുപോയ ഈ കൂട്ടുകെട്ട് തകര്‍ത്തത് റാഷിദ് ഖാനാണ്. പ്രിയാന്‍ഷിനെ അര്‍ഷദ് ഖാന്റെ കൈകളിലെത്തിച്ച് താരം മടക്കി. 23 പന്തില്‍ 47 റണ്‍സുമായാണ് താരം തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയത്.
പിന്നാലെയെത്തിയ അസ്മത്തുള്ള ഒമര്‍സായ് 15 പന്തില്‍ 16 റണ്‍സുമായും ഗ്ലെന്‍ മാക്‌സ് വെല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. രവിശ്രീനിവാസന്‍ സായ് കിഷോറാണ് ഇരുവരെയും പുറത്താക്കിയത്.
പിന്നാലെയെത്തിയ മാര്‍കസ് സ്റ്റോയ്‌നിസിനെയും പുറത്താക്കിയ സായ് കിഷോര്‍ മൂന്ന് വിക്കറ്റ് നേട്ടവും പൂര്‍ത്തിയാക്കി. 15 പന്തില്‍ 20 റണ്‍സുമായാണ് സ്റ്റോയ്‌നിസ് മടങ്ങിയത്.
ഏഴാം നമ്പറില്‍ ശശാങ്ക് സിങ്ങെത്തിയതോടെ പഞ്ചാബ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. ഒരു വശത്ത് നിന്ന് ശശാങ്കും മറുവശത്ത് നിന്ന് ശ്രേയസും തകര്‍ത്തടിച്ചതോടെ പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്ര് നഷ്ടത്തില്‍ 243ലെത്തി.
ശ്രേയസ് 42 പന്തില്‍ പുറത്താകാതെ 97 റണ്‍സ് നേടിയപ്പോള്‍ 16 പന്തില്‍ പുറത്താകാതെ 44 റണ്‍സാണ് ശശാങ്ക് നേടിയത്.
ടൈറ്റന്‍സിനായി രവിശ്രീനിവാസന്‍ സായ് കിഷോര്‍ മൂന്ന് വിക്കറ്റും കഗീസോ റബാദ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയയ ഹോം ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ ഗില്ലിനെ മടക്കി ഗ്ലെന്‍ മാക്‌സ്വെല്‍ പഞ്ചാബിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 14 പന്തില്‍ 33 റണ്‍സുമായി നില്‍ക്കവെ പ്രിയാന്‍ഷ് ആര്യയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു ഗില്ലിന്റെ മടക്കം.
വണ്‍ ഡൗണായെത്തിയ ജോസ് ബട്‌ലറിനെ ഒപ്പം കൂട്ടി സായ് സുദര്‍ശന്‍ തകര്‍ത്തടിച്ചു. സിക്‌സറും ഫോറുമായി സുദര്‍ശന്‍ കളം നിറഞ്ഞാടിയതോടെ ടൈറ്റന്‍സ് ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചു.
ടീം സ്‌കോര്‍ 145ല്‍ നില്‍ക്കവെ സായ് സുദര്‍ശനെ മടക്കി അര്‍ഷ്ദീപ് സിങ് ഹോം ടീമിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. 14 പന്തില്‍ 74 റണ്‍സുമായാണ് താരം മടങ്ങിയത്.
നാലാം നമ്പറില്‍ ഇംപാക്ട് പ്ലെയറായി ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡാണ് കളത്തിലെത്തിയത്. ബട്‌ലറിനൊപ്പം ചേര്‍ന്ന് മോശമല്ലാത്ത കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ താരം പടുത്തുയര്‍ത്തി.
18ാം ഓവറിന്റെ അവസാന പന്തില്‍ ജോസ് ബട്‌ലറിനെയും ടൈറ്റന്‍സിന് നഷ്ടമായി. 33 പന്തില്‍ 54 റണ്‍സാണ് ബട്‌ലർ സ്വന്തമാക്കിയത്.
12 പന്തില്‍ വിജയിക്കാന്‍ 45 റണ്‍സ് വേണമെന്നിരിക്കെ രാഹുല്‍ തെവാട്ടിയ ക്രീസിലെത്തി. എന്നാല്‍ രണ്ട് പന്തില്‍ ആറ് റണ്‍സുമായി നില്‍ക്കവെ താരം റണ്‍ ഔട്ടാവുകയയാിരുന്നു. അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ റൂഥര്‍ഫോര്‍ഡ് കളിച്ച ഷോട്ട് ബൗളറുടെ വിരലില്‍ കൊള്ളുകയും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റില്‍ കൊള്ളുകയുമായിരുന്നു. റണ്‍സിനായി കളം വിട്ട തെവാട്ടിയ പുറത്താവുകയായിരുന്നു.
അഞ്ച് പന്തില്‍ 27 റണ്‍സ് വേണമെന്നിരിക്കെ അര്‍ഷ്ദീപിനെ സിക്‌സറിന് പറത്തി റൂഥര്‍ഫോര്‍ഡ് മത്സരം കൂടുതല്‍ ആവേശകരമാക്കി. അടുത്ത പന്തില്‍ ഡബിളോടി സ്‌ട്രൈക്ക് നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ അടുത്ത പന്തില്‍ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി അര്‍ഷ്ദീപ് മറുപടി നല്‍കി. 28 പന്തില്‍ 46 റണ്‍സാണ് വിന്‍ഡീസ് താരം നേടിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് ടൈറ്റന്‍സ് 232ല്‍ പോരാട്ടം അവസാനിപ്പിച്ചു.
പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും മാര്‍കോ യാന്‍സെന്‍, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
Content Highlight: IPL 2025: PBKS vs GT: Punjab Kings defeated Gujarat Titans