|

ഓവറിലെ ആറ് പന്തിലും സിക്‌സറടിച്ചവന്‍; ചില്ലറക്കാരനല്ല പഞ്ചാബിന്റെ ഈ ഇന്ത്യന്‍ ഓപ്പണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ പഞ്ചാബ് കിങ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ആരംഭിച്ചിരിക്കുകയാണ്. ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

പഞ്ചാബിനായി പ്രഭ്‌സിമ്രാന്‍ സിങ്ങും പ്രിയാന്‍ഷ് ആര്യയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. പഞ്ചാബിനായി തന്റെ അരങ്ങേറ്റ മത്സരം കളിക്കാനെത്തിയ പ്രിയാന്‍ഷ് ആര്യ ആരാണ് എന്നാണ് ആരാധകര്‍ പരസ്പരം ചോദിച്ചത്. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 3 കോടി 80 ലക്ഷത്തിനാണ് പഞ്ചാബ് ടീമിലെത്തിച്ചത്.

പ്രിയാന്‍ഷ് ആര്യ

ഐ.പി.എല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നടന്ന ദല്‍ഹി പ്രീമിയല്‍ ലീഗില്‍ നടന്ന മികച്ച പ്രകടനത്തിന് പിന്നാലെയാണ് പഞ്ചാബ് യുവതാരത്തെ ടീമിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ നോര്‍തേണ്‍ ദല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ ഓവറിലെ ആറ് പന്തില്‍ ആറ് സിക്‌സറുമായാണ് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിന്റെ സൂപ്പര്‍ താരം തിളങ്ങിയത്.

മത്സരത്തില്‍ 240.00 സ്‌ട്രൈക്ക് റേറ്റില്‍ 120 റണ്‍സാണ് താരം സ്വന്തമാക്കിയത്. പത്ത് ഫോറും പത്ത് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ദല്‍ഹി പ്രിമിയര്‍ ലീഗിലേതെന്ന പോലെ മികച്ച പ്രകടനമാണ് പഞ്ചാബിനായും താരം പുറത്തെടുക്കുന്നത്. മത്സരത്തില്‍ ഇതിനോടകം തന്നെ താരം തന്റെ ഇംപാക്ട് വ്യക്തമാക്കിയിരിക്കുകയാണ്. 20 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും അടക്കം 42 റണ്‍സുമായാണ് ബാറ്റിങ് തുടരുന്നത്.

മത്സരം നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് എന്ന നിലയിലാണ് പഞ്ചാബ്. എട്ട് പന്തില്‍ അഞ്ച് റണ്‍സടിച്ച പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. പ്രിയാന്‍ഷിന് പുറമെ എട്ട് പന്തില്‍ 18 റണ്‍സുമായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, രവിശ്രീനിവാസന്‍ സായ് കിഷോര്‍, അര്‍ഷദ് ഖാന്‍, റാഷിദ് ഖാന്‍, കഗീസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിങ്, മാര്‍കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സൂര്യാന്‍ഷ് ഷെഡ്‌ഗെ, അസ്മത്തുള്ള ഒമര്‍സായ്, മാര്‍കോ യാന്‍സെന്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.

Content Highlight: IPL 2025: PBKS vs GT: Priyansh Arya debuts for Punjab Kings

Latest Stories

Video Stories