| Thursday, 28th November 2024, 2:23 pm

എനിക്ക് ബഹുമാനവും സ്നേഹവും ലഭിക്കണം; ലഖ്‌നൗ കൈവിട്ട രാഹുല്‍ ദല്‍ഹി ക്യാപിറ്റല്‍സിനോട് പറഞ്ഞത്...

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണ്‍ മുതല്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു രാഹുലിന് നേരെ ലഖ്നൗ ഉടമ നടത്തിയ പരസ്യ ആക്ഷേപങ്ങള്‍.

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 10 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇതിനുശേഷം ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഉടമയായ സഞ്ജീവ് ഗോയങ്ക കെ.എല്‍. രാഹുലിനെ പരസ്യമായി ശകാരിച്ചിരുന്നു.

അതിന്റെ ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും വലിയ രീതിയില്‍ തന്നെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) മെഗാ ലേലത്തിന് മുമ്പ് തന്നെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ (എല്‍.എസ.്ജി) ക്യാപ്റ്റനായിരുന്ന കെ.എല്‍ രാഹുലിനെ ഫ്രാഞ്ചൈസി ഒഴിവാക്കി. ജിദ്ദയില്‍ നടന്ന ലേലത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് (ഡി.സി) രാഹുലിനെ 14 കോടി രൂപയ്ക്ക് ടീമില്‍ കൊണ്ടുവന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ.കെ.ആര്‍), റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍.സി.ബി) എന്നി ഫ്രാഞ്ചൈസികള്‍ രാഹുലിനായി പരസ്പരം പോരടിച്ചെങ്കിലും അവസാനം ദല്‍ഹി ക്യാപിറ്റല്‍സ് രാഹുലിനെ സ്വന്തമാക്കി.

രാഹുലിന്റെ കൂടുമാറ്റത്തിനുശേഷം ദല്‍ഹി ക്യാപിറ്റല്‍സ് ഉടമയായ പാര്‍ത്ഥ് ജിന്‍ഡാല്‍ രാഹുലിനെ കാണുകയും സംസാരിക്കുകയും ചെയ്തു.

‘എനിക്ക് ക്രിക്കറ്റ് കളിക്കണം. ഫ്രാഞ്ചൈസിയില്‍ നിന്ന് സ്നേഹവും പിന്തുണയും ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ബഹുമാനം ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാര്‍ത്ഥ് നിങ്ങളെ എനിക്ക് അറിയാം, ഒരു സുഹൃത്തിന് വേണ്ടി കളിക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ് നമുക്ക് ദല്‍ഹിയെ വിജയിപ്പിക്കാം’, രാഹുല്‍ പറഞ്ഞതായുള്ള ജിന്‍ഡാലിന്റെ വാക്കുകളെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

മൂന്നു വര്‍ഷക്കാലം ലഖ്‌നൗവിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന രാഹുലിന് ടീമിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം വലിയ രീതിയില്‍ തളര്‍ത്തിയിരുന്നു.

‘ദല്‍ഹിയുടെ ഭാഗമാകുന്നതില്‍ അവന്‍ വളരെ സന്തോഷവാനാണ്, വളരെ ആവേശത്തിലാണ്. അയാള്‍ക്ക് എന്നെ വളരെക്കാലമായി അറിയാം’, ജിന്‍ഡാല്‍ കൂട്ടിച്ചര്‍ത്തു.

ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുമ്പ് റിഷബ് പന്ത് ദല്‍ഹി ഫ്രാഞ്ചൈസിയില്‍ നിന്ന് പുറത്തായതിനാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒരു ഇന്ത്യന്‍ സ്റ്റാര്‍ ക്രിക്കറ്ററെ നോട്ടമിട്ടിരുന്നു. അത് രാഹുല്‍ ആയത് ഏറെ സന്തോഷം തരുന്നു.

കെ.എല്‍ രാഹുല്‍ ഡി.സിയുടെ ക്യാപ്റ്റനാകാനുള്ള സാധ്യതയുണ്ടെന്നും ജിന്‍ഡാല്‍ സൂചിപ്പിച്ചു. എന്നാല്‍ അക്‌സര്‍ പട്ടേല്‍, ഫാഫ് ഡു പ്ലെസി എന്നിവരും രാഹുലിന് വെല്ലുവിളിയായി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുണ്ട്.

Content Highlight: IPL 2025: Parth Jindal about KL Rahul

We use cookies to give you the best possible experience. Learn more